‘മറ്റുള്ളവരുടെ കാര്യത്തിൽ കയറി അഭിപ്രായം പറയുന്ന പരിപാടി ഞാൻ അങ്ങ് നിർത്തി’. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ഒരു ഭാഗം പോസ്റ്റ് ചെയ്ത് നടൻ ജിനു ജോസഫ് വിവാദങ്ങളിൽ നിന്ന് നൈസായിട്ട് തലയൂരി. സുഡാനി ഫ്രം നൈജീരിയ സിനിമയില്‍ അഭിനയിച്ചതിന് മതിയായ പ്രതിഫലം ലഭിച്ചില്ലെന്ന സാമുവലിന്റെ വെളിപ്പെടുത്തലിനെ വിമര്‍ശിച്ച് നടൻ ജിനു ജോസഫ് രംഗത്തെത്തിയിരുന്നു. സാമുവലിനെതിരെ ജിനു ജോസഫ് നടത്തിയ പ്രതികരണം വൻവിവാദമായതോടെ ഫെയ്സ്‍ബുക്ക് പോസ്റ്റ് ജിനു ജോസഫ് പിൻവലിച്ചിരുന്നു. അതിന് പിന്നാലെയാണ് താരത്തിന്റെ പുതിയ പോസ്റ്റ്.
കരാറൊക്കെ മറന്നേക്കൂ ഇനിയും എനിക്ക് പ്രതിഫലം വേണം എന്നാണ് സാമുവലിനെ പരിഹസിച്ച് ജിനു ജോസഫ് ആദ്യം ഫെയ്സ്‍ബുക്കില്‍ പ്രതികരണമിട്ടത്. ഇഞ്ഞീം വേണം, ഇഞ്ഞീം വേണം...കുറഞ്ഞ പ്രതിഫലമാണ് എനിക്ക് തന്നതെന്ന് ഇപ്പോള്‍ തോന്നുന്നു. എന്റെ തൊലിയുടെ നിറം തവിട്ടായതാണ് അതിന് കാരണം. എന്റെ ആദ്യചിത്രത്തിന് എനിക്ക് പ്രതിഫലം പോലും ലഭിച്ചില്ല. അടുത്ത സിനിമകള്‍ക്ക് പതിനായിരം കിട്ടിയത് തന്നെ വളരെ കഷ്ടപ്പെട്ടാണ്..ഇഞ്ഞീം വേണം ഇഞ്ഞീം വേണം.- എന്നായിരുന്നു ജിനു ജോസഫ് സാമുവലിനെ പരിഹസിച്ച് ഫെയ്സ്‍ബുക്കിൽ പോസ്റ്റിട്ടത്. ഇൗ പോസ്റ്റിന് ‘ഹഗ്‌സ് ആന്‍ഡ് കിസ്സസ്’ എന്ന് സാമുവല്‍ മറുപടിയും നല്‍കി. എന്നാല്‍ കളിയാക്കല്‍ പോലും മനസ്സിലാകുന്നില്ലെന്നായിരുന്നു ജിനു ജോസഫിന്റെ മറുപടി. അത് വംശീയ ജല്‍പനം മാത്രമായിട്ടേ എടുത്തിട്ടുള്ളൂവെന്നും അതിനൊക്കെ മറുപടി നല്‍കിയാണ് താൻ വളര്‍ന്നതെന്നുമായിരുന്നു സാമുവല്‍ പ്രതികരിച്ചത്. സമൂഹമാധ്യമങ്ങളിൽ നിന്നും തന്നെ പോസ്റ്റിനെതിരെ വിമർശനങ്ങൾ ഉയർന്നതോടെയാണ് ഇനി ഇടപെടാനില്ലെന്ന് പറഞ്ഞ് താരത്തിന്റെ പിൻമാറ്റം.