KalabhavanMani-AlleppeyAshraf

 

കലാഭവന്‍ മണിക്കെതിരെ രൂക്ഷമായി ആരോപണമുന്നയിച്ച സംവിധായകന്‍ ശാന്തിവിള ദിനേശിനെ വിമര്‍ശിച്ച് സംവിധായകനും നിര്‍മ്മാതാവുമായ ആലപ്പി അഷ്റഫ്. ശാന്തിവിള ദിനേശിന് മാനസികമായി തകരാറുണ്ടെന്നും കലാഭവന്‍ മണിക്കെതിരെ അനവസരത്തില്‍ നടത്തിയ ഇൗ പരാമര്‍ശത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അഷ്റഫ് മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു. ഒരു അഭിമുഖത്തിലാണ് സംവിധായകന്‍ ശാന്തിവിള ദിനേശ് മണിക്കെതിരെ രൂക്ഷമായി പ്രതികരിച്ചത്.

kalabhavan-mani

‘ഈ ശാന്തിവിള എന്താ ഇങ്ങനെ..? മനോനില പൂര്‍ണമായി തകരാറിലായോ…? നേരത്തെതന്നെ ശകലം പിരിവെട്ടുണ്ട്. കലാഭവന്‍ മണി കേരളത്തിന്റെ സ്വത്താണ്. മുത്താണ്. അതില്‍ ജാതീയത കലര്‍ത്തരുതേ..’ അഷ്റഫ് പറഞ്ഞു. 

മലയാളിയുടെ ക്ഷമയെ പരിശോധിക്കുന്ന തരത്തിലാണ് ആ വാക്കുകള്‍. മരിച്ചുപോയ ഒരാളെക്കുറിച്ചാണ് അയാള്‍ പറയുന്നതെന്ന് ഒാര്‍ക്കണം. ജാതിപരമായ അവഹേളനമാണ് അയാളുടെ വാക്കുകളില്‍. മണി ഒാട്ടോറിക്ഷാക്കാരനാണ് എന്നൊക്കെ അയാള്‍ പറയുന്നുണ്ട്. ഉയര്‍ന്ന ജാതിക്കാരനും പാരമ്പര്യമുള്ളവര്‍ക്കും മാത്രമുള്ളതാണ് സിനിമ എന്നാണ് അയാളുടെ ധാരണ. ദിനേശിന് പണ്ടുതൊട്ടെ താഴ്ന്ന ജാതിക്കാരെ ഇഷ്ടമല്ല. ചാലക്കുടിയില്‍ നിന്ന് ഒാട്ടോ ഒാടിച്ചുവന്ന ആളെ കണ്ടല്ല ഞാന്‍ സിനിമയലെത്തിയതെന്നൊക്കെ അയാള്‍ പറയുന്നുണ്ട്. ഇൗ ‘ഞാന്‍’ ആരാണ്? അത്ര വലിയ സംവിധായകനാണോ ശാന്തിവിള? മണിയുടെ പ്രതിഭയുടെ അടുത്തുപോലും വരാത്ത ഒരാള്‍ അത് പറയുമ്പോള്‍ കൊള്ളുന്നത് മലയാളിയുടെ നെഞ്ചിലാണെന്ന് മറക്കരുത്. മണി അഹങ്കാരിയാണെന്നും വന്ന വഴി മറന്നവനാണെന്നും അയാള്‍ പറയുന്നുണ്ട്. ഇതൊക്കെ ജനങ്ങള്‍ കാണുന്നുണ്ടെന്ന കാര്യം ഒാര്‍ക്കണം– അഷ്‌‌റഫ് പറഞ്ഞു.  

mani-speech

അയാള്‍ പലരുടെയും ഏജന്റാണ്. ഒന്നു ചിന്തിക്കണം, മണിയുടെ മരണത്തില്‍ ശക്തമായ അന്വേഷണം നടക്കുന്ന സമയമാണിത്. അദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കി ഒരു സിനിമ പുറത്തിറങ്ങാനിരിക്കുന്നു. ഇൗ അവസരത്തില്‍ ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചതിന് പിന്നില്‍ ശക്തമായ ഗൂഡാലോചനയുണ്ടെന്നാണ് എന്റെ വിശ്വാസം. നടി ആക്രമിക്കപ്പെട്ട കേസുകൊണ്ട് ആകെ നേട്ടമുണ്ടായത് ശാന്തിവിള ദിനേശിനാണ്.   ഇതെങ്ങനെ സംഭവിച്ചുവെന്ന് കാണുന്നവന് മനസിലാകും. പക്ഷേ മലയാളി അങ്ങേയറ്റം സ്നേഹിക്കുന്ന മണിക്കെതിരെ ഇയാള്‍ പറഞ്ഞ വാക്കുകള്‍ക്കെതിരെ മണിയെ സ്നേഹിക്കുന്നവര്‍ രംഗത്ത് വരണമെന്നാണ് എനിക്ക് പറയാനുള്ളത്.

സ്റ്റേജില്‍ മൈക്കിലൂടെ ദാരിദ്ര്യത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്ന മണി സമ്പന്നനായപ്പോള്‍ ചെയ്തതു പലതും പുറത്ത് പറയാന്‍ കഴിയില്ലെന്നായിരുന്നു ശാന്തിവിള ദിനേശ് അഭിമുഖത്തില്‍ പറഞ്ഞത്.  ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ശക്തമായ വിമര്‍ശനങ്ങള്‍ ഉണ്ടായെങ്കിലും ചലച്ചിത്ര മേഖലയില്‍ നിന്ന് വലിയ പ്രതികരണങ്ങള്‍ ഉണ്ടായിരുന്നില്ല. ഇൗ അവസരത്തിലാണ് ശക്തമായ വിമര്‍ശനവുമായി ആലപ്പി അഷ്റഫ് രംഗത്തെത്തിയത്.