സല്‍മാന്‍ ഖാന്റെ റേസ് ത്രീയോട് മത്സരിക്കാനാകില്ലെന്ന് ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍. കരണുള്‍പ്പെടെ നാല് സംവിധായകര്‍ ചേര്‍ന്നൊരുങ്ങുന്ന ആന്തോളജി ചിത്രം 'ലസ്റ്റ് സ്റ്റോറീസ്' റിലീസിനൊരുങ്ങുകയാണ്. ഇതേ ദിവസം തന്നെയാണ് സല്‍മാന്‍ ചിത്രത്തിന്റെയും റിലീസ്.
ലസ്റ്റ് സ്റ്റോറീസിന്‍റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങിനിടെ റേസ് ത്രീയുമായുള്ള മത്സരത്തെക്കുറിച്ചുയര്‍ന്ന ചോദ്യത്തിനുത്തരമായാണ് കരണിന്റെ പരാമര്‍ശം. ''മുഖ്യധാരാസിനിമയില്‍ നിര്‍ണായകസ്ഥാനമുള്ള താരമാണ് സല്‍മാന്‍ ഖാന്‍. സല്‍മാന്‍റെ ചിത്രവുമായി മത്സരിക്കാനുള്ള കഴിവ് ഞങ്ങളുടെ ചിത്രത്തിനില്ല. നാല് സംവിധായകര്‍ ചേര്‍ന്നൊരുക്കുന്ന ചെറിയ ചിത്രമാണ് ലസ്റ്റ് സ്റ്റോറീസ്'', കരണ്‍ ജോഹര്‍ പറഞ്ഞു.
കരണ്‍ ജോഹര്‍, സോയ അക്തര്‍, ദിബാകര്‍ ബാനര്‍ജി, അനുരാഗ് കശ്യപ് എന്നിവരാണ് ലസ്റ്റ് സ്റ്റോറീസിന്‍റെ സംവിധായകര്‍. രാധികാ ആപ്തെ, വിക്കി കൗശല്‍, നേഹാ ധൂപിയ, മനീഷ കൊയ് രാള, സഞ്ജയ് കപൂര്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. നെറ്റ്ഫ്ലിക്സിലാകും ചിത്രം റിലീസ് ചെയ്യുക.
റെമോ ഡിസൂസയാണ് റേസ് ത്രീയുടെ സംവിധായകന്‍. ചിത്രത്തിന്‍റെ ട്രെയിലര്‍ പ്രേക്ഷകരേറ്റെടുത്തുകഴിഞ്ഞു. ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, അനില്‍ കപൂര്‍, ബോബി ഡിയോള്‍, ഡെയ്സി ഷാ എന്നിവരാണ് ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിലെ പ്രധാനവേഷങ്ങളിലെത്തുന്നത്.