സിനിമാ മേഖലയിലെ കാസ്റ്റിങ് കൗച്ച് തുറന്നുപറച്ചില്‍ അവസാനിക്കുന്നില്ല. ദുരനുഭവങ്ങള്‍ തുറന്നു പറയാനും ശക്തമായ നിലപാട് എടുക്കാനും നടികൾ തയ്യാറായതോടെ സിനിമാ മേഖലയിലെ ലൈംഗിക ചൂഷണത്തെ കുറിച്ചുളള കൂടുതല്‍ അണിയറക്കഥകള്‍ മറ നീക്കി പുറത്തു വരുന്നു. ഒടുവിൽ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നത് നടി കസ്തൂരി. തന്റെ രാഷ്ട്രീയ നിലപാടുകൾ കൊണ്ട് വലിയ വിമർശനങ്ങൾ നേരിട്ട കസ്തൂരി തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവവും ആരെയും ഭയക്കാതെ തുറന്നു പറയുന്നു. തെലുങ്ക് സിനിമാ ലോകത്ത് ശ്രീ റെഡ്ഡി കൈകൊണ്ട ധീരമായ നിലപാട് മറ്റ് നടികൾക്കും പ്രചോദനമാകുകയാണ് എന്നുചുരുക്കം.
ആ വാക്കുകള്‍ ഇങ്ങനെ: സിനിമയിൽ അഭിനയിച്ചു തുടങ്ങുന്ന കാലഘട്ടത്തിലാണ് ഒരിക്കലും ഓർമ്മിക്കാൻ ഇഷ്ടപ്പെടാത്ത ആ സംഭവം നടന്നത്. ഒരു തുടക്കക്കാരിയുടെ പതർച്ചയില്ലാതെയാണ് ആ സംഭവത്തെ താൻ നേരിട്ടതും. ചിത്രത്തിന്റെ സംവിധായകൻ ഗുരുദക്ഷിണയായി ആവശ്യപ്പെട്ടത് തന്റെ ശരീരമായിരുന്നുവെന്നും കസ്തൂരി തുറന്നു പറയുന്നു.
ഗുരുദക്ഷിണ പലവിധത്തിലുണ്ടല്ലോ എന്നൊക്കെ അദ്ദേഹം ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ടായിരുന്നു. എന്നാൽ ആദ്യമൊന്നും എന്താണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് എനിക്കു മനസ്സിലായില്ല. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ ശരിയായ ഉദ്ദേശം മനസ്സിലായപ്പോൾ അയാൾക്ക് ചുട്ട മറുപടി കൊടുത്തെന്നും പിന്നീട് അയാൾ തന്നോട് സംസാരിച്ചിട്ടേയില്ലെന്നും കസ്തൂരി പറയുന്നു.
മുത്തച്ഛന്റെ പ്രായമുളള സിനിമാ നിർമ്മാതാവ് ഹോട്ടൽ മുറിയിലേയ്ക്ക് ശരീരം പങ്കിടാൻ ക്ഷണിച്ചുവെന്നും അയാളുടെ പ്രായം ഓർത്ത് കൂടുതൽ ഒന്നും താൻ പറയുന്നില്ലെന്നും കസ്തൂരി പറയുന്നു. സ്ത്രീകളുടെ അനുവാദമില്ലാതെ അവരെ കിടപ്പറയിലേക്കു ക്ഷണിക്കുന്ന ഇത്തരം സംവിധായകരും നിർമ്മാതാക്കളുമാണ് സിനിമാമേഖലയുടെ ശാപമെന്നും കസ്തൂരി പറയുന്നു.