sonia-thilakan

TAGS

കോടതിവിധി വരുന്നതിന് മുന്‍പേ തിടുക്കപ്പെട്ട് കുറ്റാരോപിതനായ ദിലീപിനെ അമ്മ സംഘടന തിരിച്ചെടുത്തതിലുള്ള പ്രതിഷേധം സമൂഹമാധ്യമത്തിലും സിനിമാമേഖലയിലും നിറഞ്ഞുതുടരുകയാണ്. ദിലീപിനെ തിരിച്ചെടുത്തതിന് അമ്മ പറയുന്ന വിശദീകരണം, ദിലീപിന്റെ ഭാഗം കേൾക്കാതെയാണ് സംഘടനയിൽ നിന്നും പുറത്താക്കിയതെന്നാണ്. സംഘടനയിലേക്ക് ഉടനില്ല എന്ന് ദിലീപ് പ്രതികരിച്ചെങ്കിൽ 'അമ്മ' ഭാരവാഹികൾ ഇപ്പോഴും പ്രതികരിക്കാൻ കൂട്ടാക്കുന്നില്ല. യാതൊരു വിശദീകരണവും കേൾക്കാതെയാണ് നടൻ തിലകനെ സംഘടന പുറത്താക്കിയതും വിലക്കിയതുമെന്ന് ഈ ഘട്ടത്തില്‍ ഓര്‍ക്കുകയാണ് അദ്ദേഹത്തിന്‍റെ മകള്‍. വിലക്കിയതിനെത്തുടർന്ന് തിലകന്‍ മോഹൻലാലിന് അയച്ച കത്ത് മകൾ ഡോ.സോണിയ തിലകൻ പുറത്തുവിട്ടിരുന്നു. ഇതേ തുടർന്ന് തിലകന് ഒരു നീതിയും ദിലീപിന് മറ്റൊരു നീതിയുമാണോയെന്ന് സമൂഹമാധ്യമത്തിൽ ചോദ്യങ്ങളുയരുന്നുണ്ട്.  ഈ അവസരത്തിൽ തിലകന്റെ മകൾ ഡോ.സോണിയ തിലകൻ മനോരമ ന്യൂസ് ഡോട്ട്കോമിനോട്  പ്രതികരിക്കുന്നു. 

 

തിലകൻ മോഹൻലാലിന് എഴുതിയ കത്ത് ഇത്രയും വൈകി എന്തുകൊണ്ടാണ് പുറത്തുവിട്ടത്?

എനിക്ക് 'അമ്മ' സംഘടനയുമായി നേരിട്ടോ അല്ലാതെയോ ഇപ്പോൾ യാതൊരു ബന്ധവുമില്ല. ദിലീപിനെ മോശക്കാരനാക്കാനോ, അമ്മയോട് യുദ്ധം ചെയ്യാനോ അല്ല കത്ത് പുറത്തുവിട്ടത്. ദിലീപിനെ തിരിച്ചെടുത്തതിന് അമ്മ നൽകിയ വിശദീകരണം, അദ്ദേഹത്തിന്റെ ഭാഗം കേൾക്കാതെയാണ് പുറത്താക്കിയതെന്നായിരുന്നു. പുറത്താക്കിയ സമയത്ത് എന്റെ അച്ഛൻ അനുഭവിച്ച മാനസികസംഘർഷങ്ങളും മനോവിഷമവും അരികെ നിന്ന് കണ്ട വ്യക്തിയാണ് ഞാൻ. അച്ഛന്റെ ഭാഗം കേൾക്കാൻ അന്ന് അമ്മ യാതൊരുവിധ താൽപര്യവും കാണിച്ചില്ലെന്നു മാത്രമല്ല, നിർദാക്ഷണ്യം അദ്ദേഹത്തോട് ഇറങ്ങിപ്പോടാ എന്നാണ് പറഞ്ഞത്. 

അമ്മ എന്ന സംഘടന ഒരു കോടാലിയാണെന്ന് അച്ഛൻ പറഞ്ഞതാണ് അവരെ പ്രകോപിപ്പിച്ചത്. തൊഴിൽചെയ്യാനുള്ള സാഹചര്യം പോലും നിഷേധിക്കപ്പെട്ടപ്പോഴാണ് അച്ഛൻ മോഹൻലാലിന് ഈ കത്ത് എഴുതുന്നത്. അതിനുള്ള മറുപടിയും ലഭിച്ചിട്ടില്ല. അത്രമാത്രം നീതിനിഷേധമാണ് തിലകനെന്ന കലാകാരൻ നേരിട്ടത്. തിലകനോട് ഒരു നീതിയും ദിലീപിനോട് മറ്റൊരു നീതിയും സംഘടന പരസ്യമായി തന്നെ പ്രകടിപ്പിച്ചപ്പോൾ ഈ കത്ത് പുറത്തുവിടേണ്ടത് ആവശ്യമാണെന്ന് എനിക്ക് തോന്നി.

 

ദിലീപ് സംഘടനയിലേക്ക് ഉടനില്ല എന്നാണ് പറയുന്നത്. ഇതിനെക്കുറിച്ച്?

ഞാൻ എന്റെ അച്ഛന്റെ ഭാഗത്തുനിന്ന് സംസാരിക്കുകയാണെങ്കിലും ദിലീപിന്റെ ഈ നിലപാട് പ്രശംസനീയമാണ്. സംഘടനയിലേക്ക് നിരപരാധിത്വം തെളിയിച്ചശേഷം മാത്രമേ എത്തുകയുള്ളൂ എന്ന് പറയുന്നതിൽ ഒരു ധാർമികതയുണ്ട്. പക്ഷെ അപ്പോഴും അമ്മ പ്രതികൂട്ടിൽ തന്നെയാണ്. ദിലീപ് മൗനം വെടിഞ്ഞെങ്കിലും അമ്മയിലെ ഭാരവാഹികൾ ആരും തന്നെ പ്രതികരിക്കാത്തത് അപലപനീയമാണ്. മൗനം വിദ്വാന് ഭൂഷണം തന്നെയാണ്. പക്ഷെ ഇവിടെ പറയാൻ ഉത്തരമില്ലാത്തതുകൊണ്ടുമാത്രമാണ് അമ്മയിലുള്ളവർ മൗനം തുടരുന്നത്.

 

പൊതുസമൂഹത്തിന്റെ വികാരം അമ്മ മാനിക്കേണ്ടതുണ്ടോ?

അമ്മ കലകൊണ്ടു ജീവിക്കുന്നവരുടെ സംഘടനയാണ്. കലാകാരന്മാർക്ക് ഒരു സാമൂഹിക പ്രതിബദ്ധതയുണ്ട്. ആ പ്രതിബദ്ധത അമ്മയും പാലിക്കണം. രാഷ്ട്രീയത്തിലെ ഉന്നതർ പോലും അമ്മയുടെ നിലപാടിന് എതിരെയല്ലേ പറയുന്നത്? പരസ്യപ്രതികരണം അറിയിച്ചില്ലെങ്കിൽ പോലും മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന്റെ ഫെയ്സ്ബുക്കിൽ അച്ഛനെ അനുകൂലിക്കുന്ന തരത്തിലുള്ള പോസ്റ്റാണ് ഇട്ടത്. അന്ന് അച്ഛനെ പുറത്താക്കിയ അവസരത്തിൽ വി.എസ്.അച്യുതാനന്ദൻ നേരിട്ട് വിളിച്ചിരുന്നു. തിലകൻ, ഞാൻ എന്താണ് നിങ്ങൾക്ക് ചെയ്തുതരേണ്ടത്? എന്നാണ് അദ്ദേഹം ചോദിച്ചത്. നിങ്ങളുടെ ഉചിതം പോലെ ചെയ്തോളൂ എന്നായിരുന്നു അച്ഛന്റെ മറുപടി. കടകംപള്ളി സുരേന്ദ്രൻ, സുകുമാർ അഴീക്കോട് സാർ തുടങ്ങി എത്രയധികം ആളുകളാണ് അച്ഛനൊപ്പം നിന്നത്. അദ്ദേഹം പറഞ്ഞതെല്ലാം സത്യമാണെന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുകയല്ലേ. ആ സാഹചര്യത്തിൽ തെറ്റുണ്ടെങ്കിൽ തിരുത്താൻ അമ്മ എന്ന സംഘടന തയാറാകേണ്ടതുണ്ട്. 

 

അന്നും ഇന്നും മോഹൻലാൽ മൗനം പാലിക്കുകയായിരുന്നു, അതിനെക്കുറിച്ച്?

അദ്ദേഹം മാത്രം വിചാരിച്ചാൽ അമ്മ പോലെയൊരു സംഘടനയിൽ നിലപാടുകളും തീരുമാനങ്ങളും കൈക്കൊള്ളാനാകുമെന്ന് തോന്നുന്നില്ല. അതുകൊണ്ടായിരിക്കും അദ്ദേഹം മൗനം അവലംബിക്കുന്നത്. അച്ഛന്റെ പ്രശ്നം നടന്ന സമയത്ത് വോയിസ് റെസ്റ്റ് ആയതുകൊണ്ടാണ് മോഹൻലാൽ സംസാരിക്കാതെ ഇരുന്നതെന്ന് അച്ഛൻ തന്നെ പറഞ്ഞിരുന്നു. ഇപ്പോൾ പക്ഷെ അമ്മയുടെ പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹം മൗനം വെടിയേണ്ടത് അത്യാവശ്യമാണ്.

 

‘അമ്മ’ കോടാലിയാകും; തിലകന്‍ അന്നേ പറഞ്ഞു: മോഹന്‍ലാലിനയച്ച കത്ത് പുറത്ത്

അച്ഛന് ഞങ്ങളേക്കാൾ വാത്സല്യമുള്ള വ്യക്തിയായിരുന്നു മോഹൻലാൽ. സ്വന്തം മക്കളേക്കാൾ കൂടുതൽ അദ്ദേഹം മോനേ എന്ന് വിളിച്ചിട്ടുള്ളത് മോഹൻലാലിനെയാണ്. ഈ പ്രശ്നങ്ങളൊക്കെ നടന്നതിന് ശേഷവും ഇരുവരും തമ്മിലുള്ള വ്യക്തിബന്ധത്തിന് കോട്ടംതട്ടിയെന്ന് എനിക്ക് തോന്നുന്നില്ല. ഇവിടം സ്വർഗമാണ് എന്ന സിനിമയുടെ ഷൂട്ടിങിന് ചെന്നപ്പോൾ അച്ഛനെ കണ്ടതും മോഹൻലാൽ മുറിയിൽ നിന്നുംപുറത്തിറങ്ങി വന്ന് അച്ഛനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തിട്ടുണ്ട്. ഇത് പറയുമ്പോൾ അവസാനകാലത്തും തിലകനെന്ന പരുക്കനായ വ്യക്തിയുടെ കണ്ണിൽ വെള്ളം നിറയുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്റെ സഹോദരിയുടെ കല്യാണത്തിന് മോഹൻലാലിന് വരാൻ സാധിക്കില്ല എന്നുപറഞ്ഞപ്പോഴും വിഷണ്ണനായി ഇരിക്കുന്ന അച്ഛനെയാണ് ഞാൻ കണ്ടത്. സ്വന്തം മക്കളിലൊരാൾ വിവാഹത്തിന് വന്നില്ലായിരുന്നുവെങ്കിലും അദ്ദേഹത്തിന് ഇത്ര വിഷമം ഉണ്ടാകുമെന്ന് തോന്നുന്നില്ല. അത്രമാത്രം അച്ഛന് പ്രിയങ്കരനായിരുന്നു മോഹൻലാൽ.

 

വിലക്കേർപ്പെടുത്തിയ കാലഘട്ടത്തിലും പൊതുസമൂഹത്തിന് മുമ്പിൽ ധൈര്യവാനായിട്ടാണ് തിലകന് നിന്നത്. കുടുംബാംഗങ്ങളുടെ മുമ്പിലും ഇതേ രീതിയിൽ തന്നെയായിരുന്നോ അദ്ദേഹം പ്രതികരിച്ചത്?

പൊതുസമൂഹത്തിന് മുമ്പിൽ ധൈര്യം കാണിച്ചിരുന്നുവെങ്കിൽ അച്ഛൻ ഒരുപാട് വിഷമിച്ചിട്ടുണ്ട്. ഏഴോളം സിനിമകളിൽ നിന്നാണ് അദ്ദേഹത്തെ വിലക്കിയത്. ഈ വിലക്കിന്റെ ഇടയ്ക്കായിരുന്നു ഇന്ത്യൻ റുപ്പി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ്. വിലക്ക് വകവെയ്ക്കാതെയാണ് സംവിധായകൻ രഞ്ജിത്ത് അച്ഛനെ അഭിനയിപ്പിച്ചത്. ഈ സിനിമ ഞാനും അച്ഛനും ഒരുമിച്ചാണ് തീയറ്ററിൽ പോയി കണ്ടത്. ഒരുപാട് നാളുകൾക്ക് ശേഷം ഞങ്ങളൊരുമിച്ച് കാണുന്ന ചിത്രം കൂടിയായിരുന്നു അത്. ചിത്രത്തിൽ പൃഥ്വിരാജ് അച്ഛന്റെ കഥാപാത്രത്തോട് നിങ്ങൾ ഇത്രകാലം എവിടെയായിരുന്നു? എന്ന് ചോദിക്കുന്നുണ്ട്. 

ഇതിന് മറുപടിയായി ഒരു ചിരിയാണ് അദ്ദേഹം നൽകുന്നത്. ഈ ചിരി കേട്ടതും തീയറ്ററിൽ പ്രേക്ഷകർ എഴുന്നേറ്റിരുന്ന് കൈയടിക്കുകയായിരുന്നു. ഇതുകണ്ട് തീയറ്ററിലിരുന്ന് തേങ്ങിക്കരയുന്ന അച്ഛനെയാണ് ഞാൻ നോക്കുമ്പോൾ കാണുന്നത്. എനിക്കപ്പോൾ ചിരിക്കണോ കരയണോ എന്ന് അറിയാൻവയ്യാത്ത അവസ്ഥയിലായിരുന്നു. എന്തു വിലക്കുവന്നാലും തിലകൻ എന്ന കലാകാരൻ ജനമനസുകളിൽ നിറഞ്ഞുനിൽക്കുമെന്ന് മനസിലാക്കിയ അവസരം കൂടിയായിരുന്നു അത്. 

 

തിലകനെ പിന്തുണച്ചവരെയെല്ലാം വിലക്കുകയും, ദിലീപിനെ പിന്തുണച്ചവരെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയുമാണല്ലോ സംഘടന ചെയ്തത്. അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?

 

അച്ഛനെ പിന്തുണച്ചതിനാണ് സംവിധായകൻ വിനയൻ ഇത്രയും കാലം അമ്മയിൽ നിന്നും പുറത്തായത്. അച്ഛനോടൊപ്പം അഭിനയിച്ചവരെപ്പോലും വിലക്കുന്ന സാഹചര്യമായിരുന്നു. എന്നാൽ ദിലീപിനെ പിന്തുണയ്ക്കുന്നവരെ അമ്മ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നത് കാണുമ്പോൾ എന്താണ് പറയേണ്ടതെന്ന് അറിയില്ല. ഊർമിള ഉണ്ണിയാണ് ദിലീപിനെ തിരിച്ചെടുക്കുന്നില്ലേ? എന്ന ചോദ്യം ചോദിച്ചത്. എനിക്കവരോട് ഒന്നേ ചോദിക്കാനുള്ളൂ, അവരും ഒരു സ്ത്രീയല്ലേ, അവർക്കും ഒരു മകളുള്ളതല്ലേ. എന്നിട്ടും സഹപ്രവർത്തകയായ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചകേസിൽ കുറ്റാരോപിതനായ ഒരാൾക്ക് വേണ്ടി സംസാരിക്കാനും പിന്തുണനൽകാനും എങ്ങനെ മനസനുവദിച്ചു?

അച്ഛനെതിരെ സംസാരിച്ചവരിൽ മറ്റൊരു പ്രധാനിയാണ് ബി. ഉണ്ണികൃഷ്ണൻ. തിലകനാണ് പ്രശ്നം, എല്ലാപ്രശ്നങ്ങളും അദ്ദേഹം സങ്കൽപ്പിച്ചുണ്ടാക്കി പ്രശ്നമുണ്ടാക്കുന്നതാണെന്നായിരുന്നു  ഉണ്ണികൃഷ്ണൻ അന്നുപറഞ്ഞത്. പക്ഷെ ഈ വിഷയത്തിൽ ഉണ്ണികൃഷ്ണനും മൗനം തുടരുകയാണ്. ഇനി അച്ഛനോട് ചെയ്തതിന് അമ്മ മാപ്പ് പറഞ്ഞാലും ഇല്ലെങ്കിലും യാതൊരുമാറ്റവും സംഭവിക്കാൻ പോകുന്നില്ല. പക്ഷെ ഈ വിഷയത്തില്ലെങ്കിലും ഇങ്ങനെ മൗനം പാലിക്കുന്നത് ശരിയല്ല.