mohanlal-new

സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കാൻ വഴിയൊരുങ്ങുന്നു. അവാർഡ് സമ്മാനിക്കുന്ന ചടങ്ങിൽ മോഹൻലാൽ  മുഖ്യാതിഥിയായി പങ്കെടുക്കും. ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ.ബാലനുമായി അദ്ദേഹം സംസാരിച്ചു. താൻ ചടങ്ങിനെത്തുമെന്നു അദ്ദേഹം ഇരുവരോടും പറഞ്ഞിട്ടുണ്ട്. സർക്കാരിന്റെ ഔദ്യോഗിക ക്ഷണം ഇന്നു മാത്രമെ ലാലിനു കൈമാറുകയുള്ളു. ‘അമ്മ’ എന്ന സംഘടനയ്ക്കും സിനിമാ രംഗത്തിനും സർക്കാർ നൽകുന്ന സേവനങ്ങളിൽ സന്തോഷം രേഖപ്പെടുത്തിയ ലാൽ ചടങ്ങിനെത്തുമെന്നുറപ്പു നൽകി.  

 

എതിര്‍പ്പുകള്‍ അവഗണിച്ച്, സംസ്ഥാന ചലച്ചിത്രപുരസ്കാരദാനച്ചടങ്ങില്‍ നടന്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മോഹന്‍ലാല്‍ മുഖ്യാതിഥിയായി വന്നാല്‍ പുരസ്കാരജേതാക്കളുടെ പ്രാധാന്യം കുറയുമെന്ന വാദത്തില്‍ യുക്തിയില്ലെന്നും മന്ത്രി പറഞ്ഞു. നടന്‍ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുക്കുന്നതിനെച്ചൊല്ലിയുള്ള നിലപാടാണ് മോഹന്‍ലാലിനെതിരെ വിമര്‍ശനമുയരാന്‍ കാരണമായത്.  ഇതിന്റെ പശ്ചാത്തലത്തിലാണ് മോഹന്‍ലാലിനെ സംസ്ഥാന പുരസ്കാരദാനച്ചടങ്ങില്‍ മുഖ്യാതിഥിയാക്കാന്‍ ആലോചിച്ചപ്പോള്‍ തന്നെ എതിർപ്പ് ഉയര്‍ന്നത്.

 

എന്നാല്‍  സര്‍ക്കാര്‍ മോഹന്‍ലാലിനൊപ്പമെന്ന് പ്രഖ്യാപിച്ചു മന്ത്രി എ.കെ. ബാലന്‍ സംസ്ഥാന ചലച്ചിത്ര പുരസ്കാര ദാനച്ചടങ്ങിൽ സൂപ്പര്‍ താരങ്ങള്‍ പങ്കെടുക്കുന്നത് അവാര്‍ഡ് ജേതാക്കളുടെ പ്രാധാന്യം കുറയ്ക്കുമെന്ന് കാട്ടി സിനിമ സാഹിത്യ സാംസ്കാരിക മേഖലയിലെ നൂറ്റിയേഴുപേര്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞദിവസം നിവേദനം നല്‍കിയിരുന്നു. അതൊന്നും സര്‍ക്കാര്‍ തീരുമാനത്തെ സ്വാധീനിച്ചില്ലെന്ന് മന്ത്രിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നു. അടുത്തമാസം എട്ടിന് കനകക്കുന്ന് നിശാഗന്ധിയിലാണ് അവാര്‍ഡ് പുരസ്കാരദാനച്ചടങ്ങ്.

 

മോഹന്‍ലാലിനെ പിന്തുണച്ച് ചലച്ചിത്ര സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ക്ഷണിക്കപ്പെടാത്ത ആളെയാണ് ഒഴിവാക്കണമെന്ന് പറയുന്നെന്നും ഭീമ ഹര്‍ജിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും വിവിധ ചലച്ചിത്ര സംഘടനകള്‍ ആരോപിച്ചു.  ഇക്കാര്യം സര്‍ക്കാര്‍ അന്വേഷിക്കണമെന്നും ഇവര്‍ കത്തിലൂടെ സര്‍ക്കാരിനോട് പറഞ്ഞിരുന്നു.  

 

ഫെഫ്ക, അമ്മ, ഫിലിംചേംബര്‍ തുടങ്ങി വിവിധ സംഘടനകളാണ് ആവശ്യവുമായി രംഗത്തെത്തിയത്. ഭീമ ഹര്‍ജിയില്‍ ഒപ്പിട്ടെന്ന് വാര്‍ത്തകള്‍ പുറത്തുവന്ന പ്രകാശ് രാജ് അടക്കം മോഹന്‍ലാലിനെതിരെ തങ്ങള്‍ ബഹിഷ്കരണ ആഹ്വാനം നല്‍കിയില്ലെന്ന വാദവുമായി രംഗത്തെത്തിയിരുന്നു. മോഹന്‍ലാലിനെ ബഹിഷ്കരിച്ച് നേട്ടം കൊയ്യാന്‍ ഒരു വിഭാഗം ശ്രമിക്കുന്നവെന്നാണ് ഇവരുടെ ആരോപണം.

 

അമ്മ യോഗത്തിനു ശേഷം മോഹൻലാലിനെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവന ഇറക്കാനാണ് ആദ്യം ശ്രമം നടത്തിയതെന്നും  അവാര്‍ഡ് ജേതാവായ ഒരു സംവിധായകനും ഒരു മുൻ നടിയും ചേർന്നാണ് അതിനുള്ള ശ്രമം നടത്തിയതെന്നും സമൂഹമാധ്യമങ്ങളില്‍ ആരോപണം ഉയരുകയും ചെയ്തിരുന്നു.  

 

ചലച്ചിത്ര അവാര്‍ഡ്ദാനച്ചടങ്ങ് വിവാദത്തില്‍ മോഹന്‍ലാലിന് പിന്തുണയുമായി ഇന്ദ്രന്‍സും രംഗത്തെത്തി. വിവാദം ദുഃഖമുണ്ടാക്കിയെന്നും മോഹന്‍ലാലിന്‍റെ സാന്നിധ്യം എങ്ങനെ ചടങ്ങിനെ മങ്ങലേല്‍പിക്കുമെന്നും ഇന്ദ്രന്‍സ് മാധ്യമങ്ങളോട് ചോദിച്ചു. 

 

ഇതിന്‍റെ പേരില്‍ ആരും പിണങ്ങരുത്. താന്‍ മികച്ച നടന്‍റെ അവാര്‍ഡ് വാങ്ങുന്ന ചടങ്ങില്‍ എല്ലാവരും വരണം. മമ്മൂക്കയും മോഹന്‍ലാല്‍ സാറുമൊക്കെ അടങ്ങുന്ന വലിയ വിഭാഗത്തിന്‍റെ ചൂടും ചൂരുമേറ്റാണ് താന്‍ വളര്‍ന്നത്. അവരെയൊന്നും മാറ്റിനിര്‍ത്തി തനിക്ക് ഒരു സന്തോഷമില്ലെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.  മോഹന്‍ലാല്‍ ചടങ്ങില്‍ വരുന്നത് ആവേശമാണെന്നും അദ്ദേഹം പറ‍ഞ്ഞു. ചടങ്ങിന് മോഹന്‍ലാലിനെ നേരിട്ട് വിളിക്കുമോ എന്ന ചോദ്യത്തിന് വിളിക്കാന്‍ തന്‍റെ കയ്യില്‍ നമ്പറില്ല എന്നായിരുന്നു ഇന്ദ്രന്‍സിന്‍റെ നിഷ്കളങ്കമായ മറുപടി.