സിനിമ നടിയായും മോഡലായും ശ്രദ്ധിക്കപ്പെട്ടുള്ള താരമാണ് കനി കുസൃതി. ചുരുങ്ങിയ നാളുകൊണ്ട് സമാന്തരസിനിമകളുടെ സ്വന്തം ഇടം നേടിയ കനിക്കാണ് ഇത്തവണത്തെ ഏഷ്യ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്. അഭിനയമേഖലയില്‍ സജീവമായ നടി തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ ഒരു മാധ്യമത്തിനോട് പങ്കുവെച്ചു.
കനി കുസൃതിയുടെ വാക്കുകള്‍:
”പേര് പറയേണ്ട എന്നത് എന്റെ എത്തിക്‌സാണ്. ഒരു സിനിമയില്‍ എന്നെ നായികയാക്കി കാസ്റ്റ് ചെയ്തു. രാത്രിയായപ്പോള്‍ മെസേജസ് വരാന്‍ തുടങ്ങി. പിന്നെ കോള്‍ വന്നു. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളാണെങ്കില്‍ രാവിലെ പത്തു മണിക്ക് സംസാരിക്കാം എന്ന് പറഞ്ഞു. രാത്രിയുള്ള കോളുകള്‍ക്ക് പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു. പിന്നെ കോളുമില്ല, സിനിമയുമില്ല. ആ ചിത്രത്തില്‍ മറ്റൊരു നടി അഭിനയിച്ചു. ഇങ്ങനെ എത്ര തവണ ഉണ്ടായിട്ടുണ്ടെന്ന് അറിയില്ല.
എന്നാല്‍ സിനിമാരംഗത്തുള്ള എല്ലാവരും അങ്ങനെയാണെന്ന് പറയുന്നില്ല. ഇന്‍ഡസ്ട്രിയില്‍ നല്ല ആള്‍ക്കാരുമുണ്ട്. സ്‌കൂള്‍ കഴിഞ്ഞ കാലത്ത് തന്നെ സിനിമയില്‍ അവസരം വരുമായിരുന്നു. അന്ന് ലാന്‍ഡ്‌ഫോണില്‍ വിളിച്ച് സംവിധായകന് കുറച്ച് അഡ്ജസ്റ്റ്‌മെന്റ് വേണം എന്നൊക്കെ പറയുമ്പോള്‍ എന്താണ് പറയുന്നത് എന്ന് പോലും മനസ്സിലാകുക പോലും ഇല്ലായിരുന്നു. സിനിമ എന്ന് കേട്ടാല്‍ തന്നെ പേടിയായിരുന്നു’