സംഗീത പ്രേമികളെല്ലാം ഇപ്പോൾ ആരാധനക്കുട്ടിയുടെ മധുരസ്വരത്തിനു പിന്നാലെയാണ്. ഒരൊറ്റഗാനം കൊണ്ട് തെന്നിന്ത്യൻ ആരാധകരുടെ മുഴുവൻ മനം കവർന്നിരിക്കുകയാണ് ഈ കൊച്ചു സുന്ദരി. തമിഴ് സൂപ്പർതാരം ശിവ കാർത്തികേയന്റെ മകളെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.
'കനാ' എന്ന ചിത്രത്തിനായി ആരാധന പാടിയ 'വായാടി പേത്ത പുള്ള' എന്നു തുടങ്ങുന്ന ഗാനമാണ് ആരാധകർ ഏറ്റെടുത്തത്. റെക്കോഡിംഗ് സ്റ്റുഡിയോയിൽ അച്ഛനോടൊപ്പം കട്ടയ്ക്ക് കട്ടയ്ക്ക് നിന്ന് പാടുന്ന ആരാധനയെ സോഷ്യൽ മീഡിയ നെഞ്ചേറ്റിയത് കൺചിമ്മി തുറക്കുന്ന വേഗതയിൽ. യൂ ട്യൂബ് ട്രെൻഡിംഗിൽ മുന്നിട്ടു നിൽക്കുന്ന ഗാനത്തെ തേടി ഇതിനോടകം തന്നെ 10 മില്യണിലധികം കാഴ്ച്ചക്കാരാണ് എത്തിയിരിക്കുന്നത്.
എന്നാൽ അതൊന്നുമല്ല പുതിയ വിശേഷം, ആരാധനയുടെ പാട്ടിനെക്കുറിച്ച് അച്ഛൻ ശിവകാർത്തികേയൻ പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി നിൽക്കുന്നത്. നാലു വയസുകാരിയായ ആരാധനയോടു സിനിമയിൽ പാട്ടു പാടാമോ എന്നു ചോദിച്ചപ്പോൾ ഉടനെ സമ്മതിച്ചെന്നു ശിവകാർത്തികേയൻ പറഞ്ഞു. കുഞ്ഞായതിനാൽ കുറച്ചു വരികൾ മതിയെന്നു നിർദേശിക്കുകയായിരുന്നു. പാടേണ്ട വരികൾ ഒരുമിച്ച് പഠിച്ച് ഒറ്റയടിക്ക് പാടും. ഓരോ വരിയായി നിറുത്തി നിറുത്തി പാടാൻ അവൾക്ക് അറിയില്ല. പാടിത്തുടങ്ങിയാൽ എട്ടുവരിയും കഴിഞ്ഞേ പാട്ടു നിർത്തൂവെന്നും ശിവകാർത്തികേയൻ പുഞ്ചിരിയോടെ ഓർത്തെടുത്തു.
ജികെബിയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ദിപു നൈനാൻ തോമസാണ്. മകളെ പാട്ടു പാടാൻ ക്ഷണിച്ചതിലുള്ള നന്ദിയും സ്നേഹവും ദിപുവിനോട് ശിവകാർത്തികേയൻ പങ്കു വച്ചു. ആരാധനയോടൊപ്പം ശിവകാർത്തികേയനും വൈക്കം വിജയലക്ഷ്മിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.