തൃശൂരിന്റെ സിനിമാ ചരിത്രത്തില്‍ ഇടംപിടിച്ച രാഗം തിയറ്റര്‍ വീണ്ടും തുറക്കുന്നു. ഒക്ടോബര്‍ പത്തിനാണ് ആദ്യ ഷോ. അഞ്ചു വര്‍ഷം പൂട്ടിക്കിടന്ന തിയറ്ററാണ് തുറക്കുന്നത്. 44 വര്‍ഷം മുമ്പ് രാഗം തിയറ്റര്‍ തുടങ്ങിയത്. അന്നുതൊട്ടേ, ഈ ഈണവും കര്‍ട്ടണ്‍ ഉയരുന്നതും സിനിമാപ്രേമികളുടെ മനസില്‍ ഇടംപിടിച്ചിരുന്നു. മള്‍ട്ടിപ്ലക്സ് തിയറ്ററാക്കി മാറ്റാന്‍ രാഗം അടച്ചത് അഞ്ചു വര്‍ഷം മുമ്പായിരുന്നു. പക്ഷേ, പുതിയ കെട്ടിടം പണിയാന്‍ അനുമതി ലഭിച്ചില്ല. വടക്കുന്നാഥ ക്ഷേത്രത്തിന്റെ തൊട്ടടുത്തു കെട്ടിടം പണിയുന്നതിന് നിയന്ത്രണങ്ങളുണ്ടായിരുന്നു. ഒന്നേക്കാല്‍ കോടിയുടെ ശബ്ദ സംവിധാനം, ഒരു കോടിയുടെ പ്രൊജക്ടര്‍, എട്ടു ലക്ഷം രൂപയുടെ അമേരിക്കന്‍ സ്ക്രീന്‍ ഇങ്ങനെ പോകുന്നു പുതിയ രാഗത്തിന്റെ സവിശേഷതകള്‍.
1250 സീറ്റുകളായിരുന്നു നേരത്തെ. ഇപ്പോഴത് 800 ആയി ചുരുക്കി. കാണാന്‍ മള്‍ട്ടിപ്ലക്സ് തിയറ്ററുകളെപോലെ ആണെങ്കിലും ടിക്കറ്റ് നിരക്ക് അത്രയ്ക്കില്ല. നൂറു രൂപ കൊടുത്താല്‍ സിനിമ കാണാം. രാഗത്തിന്റെ രണ്ടാം ജന്‍മം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് തൃശൂരിലെ സിനിമാ പ്രേമികള്‍.