മുംബൈയിലെ മിലിട്ടറി ക്യാംപില്‍നിന്നു തുടങ്ങിയ അഭിനയഭ്രമമാണ് പിന്നീട് മലയാള സിനിമയിലെ തലയെടുപ്പുള്ള കഥാപാത്രങ്ങളിലേക്ക് ക്യാപ്റ്റൻ രാജുവിനെ എത്തിച്ചത്. 80ൽ പുറത്തിറങ്ങിയ ജോഷിയുടെ 'രക്തം'ആയിരുന്നു ആദ്യ സിനിമ. മാസ്റ്റർ പീസ് അവസാന ചിത്രവും.
മലയാള സിനിമയിലെ ജെന്റിൽമാനായ വില്ലൻ. അതായിരുന്നു സിനിമാക്കാർക്കിടയിലെ ക്യാപ്റ്റൻ രാജു. കുട്ടിക്കാലത്ത് പത്തനംതിട്ട വേണുഗോപാല്‍ ടാക്കീസിലിരുന്ന് കണ്ട സിനിമകളിലൂടെയാണ് നടനാകണമെന്ന ആഗ്രഹമുണ്ടായതെന്ന് പിൽക്കാലത്ത് ക്യാപ്റ്റൻ രാജു പറഞ്ഞു. ജീവിതനിയോഗം പട്ടാളക്കാരനാക്കിയെങ്കിലും വൈകാതെ കലാലോകത്തെത്തി.1978-ല്‍ പട്ടാളത്തിലെ ജോലി രാജിവച്ച രാജു അപ്പോഴേക്കും ക്യാപ്റ്റന്‍ രാജുവായി മാറിയിരുന്നു. രാഷ്ട്രങ്ങള്‍ തമ്മില്‍ എന്തിനാണ് യുദ്ധമെന്ന ചോദ്യം മന:സാക്ഷിയോട് ചോദിച്ചതോടെയാണ് സൈന്യം വിട്ടതെന്നും അദ്ദേഹം പറഞ്ഞുവച്ചു. മുംബൈയിലെ അമച്വര്‍ നാടകവേദികളുമായി ബന്ധപ്പെട്ട് ആദ്യകാല പ്രവര്‍ത്തനം. അവിടത്തെ പ്രതിഭ തിയറ്ററില്‍ നാടകാചാര്യന്‍ എന്‍.എന്‍.പിള്ളയുടെ 'ഈശ്വരന്‍ അറസ്റ്റില്‍ ' എന്ന നാടകത്തില്‍ അഭിനയിച്ച് തുടക്കം.
കാഹളം, കാക്കപൊന്ന് തുടങ്ങി നിരവധി നാടകങ്ങൾക്കുശേഷം സിനിമയിലേക്ക്.പ്രേംനസീര്‍, മധു എന്നിവരോടൊപ്പമാണ് ആദ്യ സിനിമയായ രക്തത്തിൽ അഭിനയിച്ചത്. 32 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ ഇംഗ്ലീഷ് ഉള്‍പെടെ വിവിധ ഭാഷകളിലായി 500-ലേറെ സിനിമകള്‍. ഓഗസ്റ്റ് ഒന്നിലെ പ്രതിനായകനിൽ തുടങ്ങി ആവനാഴിയിലെ സുന്ദരനായ വില്ലന്‍ സത്യരാജ്, അതിരാത്രത്തിലെ കസ്റ്റംസ് ഓഫീസര്‍, ചന്തുവിനും ആരോമലിനും ആർച്ചയ്ക്കുമിടയിൽ വാക്കുംനോക്കും കൊണ്ട് മൂർച്ചയറിയിച്ച വടക്കന്‍ വീരഗാഥയിലെ അരിങ്ങോടര്‍,സി.ഐ.ഡി.മൂസയിലെ സി.ഐ.ഡി.കരംചന്ദ് എന്നിങ്ങനെ ക്യാപ്റ്റൻ രാജു മലയാളികളുടെ മനസിൽ അവശേഷിപ്പിക്കുന്ന മുഖഭാവങ്ങൾ അനവധിയാണ്.
നായകനൊപ്പം പ്രതിനായകൻ എന്നത് അടിവരയിട്ടവയായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല ചിത്രങ്ങളൊക്കെയും. വില്ലൻവേഷങ്ങളിൽനിന്ന് വ്യത്യസ്തതയുള്ള വേഷങ്ങളിലേക്ക് ചടുലമായി നിലയുറപ്പിച്ച ക്യാപ്റ്റന്റെ റേഞ്ച് വെളിവാക്കിയത് അദ്ദേഹം കൈകാര്യം ചെയ്ത ഹാസ്യവേഷങ്ങൾകൂടിയായിരുന്നു. നായകന്റെ പഞ്ച് ഡയലോഗുകൾ ഏറ്റുപറഞ്ഞുമാത്രം ശീലമുള്ള മലയാളി ക്യാപ്റ്റന്റെ ഡയലോഗുകൾക്കും കയ്യടിച്ചു. ആത്മീയകാര്യങ്ങളിൽ സജീവമായിരുന്ന ക്യാപ്റ്റൻ അവസാനകാലത്ത് ക്രൈസ്തവ നാടകങ്ങൾക്ക് ചുക്കാൻ പിടിച്ചും കലാലോകത്ത് സജീവമായിരുന്നു.
വെള്ളിത്തിരയില്‍ കര്‍ക്കശക്കാരനും കണിശക്കാരനുമായിരുന്നു ക്യാപ്റ്റന്‍ രാജു. രാജുച്ചായന്‍ എന്നാണ് അദ്ദേഹം സ്വയം സംബോധന ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ വീട്ടുവിശേഷങ്ങള്‍ കേട്ടറിയാത്ത സഹപ്രവര്‍ത്തകരുണ്ടാകില്ല