സസ്പെൻസിൽ പൊതിഞ്ഞ് ടൊവിനോ ചിത്രം ഒരു കുപ്രസിദ്ധ പയ്യന്റെ ട്രെയിലർ പുറത്തു വിട്ടു. മധുപാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൊലീസും കോടതിയും ആക്ഷൻ രംഗങ്ങളുമായി ശരിക്കുമൊരു കാഴ്ചാ വിരുന്നുതന്നെയായിരിക്കും ടൊവിനോയുടെ ആരാധകർക്ക് ഇൗ ചിത്രം. ഒഴിമുറിക്കും തലപ്പാവിനും ശേഷം മധുപാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുപ്രസിദ്ധ പയ്യൻ.
അനു സിത്താരയാണ് നായിക. വക്കീല്‍ കഥാപാത്രമായി നിമിഷ സജയനും നെടുമുടി വേണുവും എത്തുന്നു. ശ്വേതാ മേനോൻ, സുധീര്‍ കരമന തുടങ്ങിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീകുമാരൻ തമ്പിയുടെ വരികള്‍ക്ക് ഔസേപ്പച്ചൻ സംഗീതം നല്‍കിയിരിക്കുന്നു. ജീവൻ ജോബ് തോമസ് തിരക്കഥ എഴുതിയിരിക്കുന്നു. ടൊവിനോയുടെ ഒരു ഉജ്ജ്വല കഥാപാത്രമായിരിക്കും ഒരു കുപ്രസിദ്ധ കള്ളൻ എന്നാണ് ട്രെയിലറില്‍ നിന്ന് മനസ്സിലാകുന്നത്.