സോഷ്യൽ ലോകത്ത് ദിവസങ്ങളായി തരംഗമാവുന്നത് രാക്ഷസനാണ്. ട്രോളുകളായും അഭിനന്ദനപ്രവാഹമായും ഇതിലെ കഥയും കഥാപാത്രങ്ങളും വാളുകളിൽ നിറയുന്നു. തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ത്രില്ലർ എന്ന അഭിപ്രായം സ്വന്തമാക്കുന്ന വിഷ്ണു വിശാൽ ചിത്രം മലയാളി പ്രേക്ഷകരെയും ഒരു പോലെ അമ്പരപ്പിക്കുകയാണ്.
സമാനരീതിയിൽ നടക്കുന്ന കൊലപാതകപരമ്പരയെ കുറിച്ചുള്ള അന്വേഷവും തുടർന്നുണ്ടാകുന്ന സംഭവങ്ങളും കാണികളെ ആകാംക്ഷയുടെയും ഭീതിയുടെയും തലത്തിലേക്ക് ഉയർത്തുന്നു. രാം കുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ അമല പോളാണ് നായിക. ചിത്രത്തിൽ നായകനോളം തന്നെ കയ്യടി നേടുന്നത് വില്ലനാണ്.രൂപത്തിലും ഭാവത്തിലും ഒട്ടേറെ സവിശേഷതയുള്ള ഒരു സൈക്കോ കില്ലർ. ഒരു സംഭാഷണം പോലുമില്ലാതെ ഇൗ വില്ലൻ സിനിമയിൽ വിസ്മയിപ്പിച്ചു.
ഭീതിയുടെ പുതിയ തലം സമ്മാനിക്കുന്ന സൈക്കോ കില്ലർ ക്രിസ്റ്റഫർ ഒരു സാങ്കൽപ്പിക കഥാപാത്രമല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ. യഥാര്‍ത്ഥ കൊലയാളിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ക്രിസ്റ്റഫര്‍ എന്ന കഥാപാത്രത്തിന് താന്‍ രൂപം നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
‘ആദ്യ സിനിമ കഴിഞ്ഞ് അതില്‍ നിന്നു തികച്ചും വ്യത്യസ്തമായ ഒരു സമീപനത്തിനായി കാത്തിരിക്കുകയായിരുന്നു. അതിനായുള്ള തിരച്ചിലിനിടെയാണ് പത്രത്തില്‍ രണ്ടുവ്യക്തികളെ കുറിച്ച് ഒരു ലേഖനം വായിക്കുന്നത്. അവര്‍ ഇന്ത്യക്കാരായിരുന്നില്ല. ഒരാള്‍ ഒരു സൈക്കോ കൊലയാളിയും മറ്റൊന്ന് ഒരു സ്ത്രീയുമായിരുന്നു. ഇതായിരുന്നു രാക്ഷസിലേക്കുള്ള ആദ്യ ചുവട്. സിനിമ സങ്കൽപ്പമാണെങ്കിലും യഥാര്‍ത്ഥ കഥാപാത്രത്തെ ആസ്പദമാക്കിയാണ് വില്ലന്‍ ജന്മം നല്‍കിയത്. ആദ്യം ചിത്രത്തിന് സിന്‍ട്രെല എന്നും പിന്നീട് മിന്മിനി എന്നും പേരിട്ടാനായിരുന്നു തീരുമാനം. പക്ഷേ പിന്നീട് രാക്ഷസൻ എന്ന പേര് ഉറപ്പിക്കുകായയിരുന്നു. നാല് വര്‍ഷം മുന്‍പാണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കുന്നത്. ഒട്ടേറെ കൊറിയന്‍ സിനിമകള്‍ കാണുന്ന ആളാണെന്നും അതുകൊണ്ടാണ് ഇത്തരത്തിൽ ഒരു ത്രില്ലറുകളിലേക്ക് തന്നെ കൂടുതല്‍ അടുപ്പിച്ചതാകാമെന്നും രാം കുമാര്‍ പറഞ്ഞു.