പാട്ടിന് കാലം വേറിട്ട ചുവടൊരുക്കുമ്പോൾ ശുദ്ധ സംഗീതത്തിന്റെ പുത്തൻ തലം തേടുകയാണ് ദിവ്യ എസ്. മേനോൻ. ‘രാമപാഹിമാം’ എന്ന ആൽബത്തിലൂടെയാണ് കർണാടിക് ഫ്യൂഷൻ പുതിയ സംഗീതലോകത്തിന് മുന്നിൽ ദിവ്യ അവതരിപ്പിക്കുന്നത്. ഭക്തിയുടെ സംഗീതത്തിന് ശബ്ദമാധുര്യവും ചുവടുകളുടെ താളവും ചേരുമ്പോൾ സംഭവിക്കുന്ന ആകർഷണമാണ് ഇൗ ആൽബത്തോട് സംഗീതപ്രേമികളെ ചേർത്തുനിർത്തുന്നത്.
തൃശൂർ സ്വദേശിയായ ദിവ്യയുടെ രണ്ടാമത്തെ മ്യൂസിക്കൽ ആൽബമാണ് രാമപാഹിമാം. നീതു മിഥുനാണ് ഗാനത്തിന് ചുവട് വയ്ക്കുന്നത്. ഇതിന് മുൻപ് ചലച്ചിത്രഗാനങ്ങൾ കോർത്തിണക്കി ദിവ്യ തയാറാക്കിയ ആൽബവും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ചലച്ചിത്ര പിന്നണി ഗാനരംഗത്തും സജീവമാണ് ദിവ്യ. മമ്മൂട്ടി ചിത്രം ഇൗ പട്ടണത്തിൽ ഭൂതത്തിലൂെടെ സിനിമയിലെത്തിയ ദിവ്യയുടെ ആദ്യ സോളോ ഗാനം തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലൂടയായിരുന്നു. പിന്നീട് ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി സംഗീതയാത്ര തുടരുകയാണ് ഇൗ ഗായിക.
2019ൽ കൈനിറയെ ചിത്രങ്ങളാണ് ദിവ്യയെ കാത്തിരിക്കുന്നത്. മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മധുരരാജ, സന്തോഷ് ശിവൻ ചിത്രം ജാക്ക് ആന്റ് ജിൽ, പ്രണവ് മോഹൻലാലിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടുമടക്കം ഏഴോളം ചിത്രങ്ങളിൽ ദിവ്യ പാടിക്കഴിഞ്ഞു. പത്തുവർഷത്തിലേറെയായി സംഗീതം പഠിക്കുന്ന ദിവ്യയ്ക്ക് മറക്കാനാവാത്ത അനുഭവം പി. സുശീല ഇരിക്കുന്ന വേദിയിൽ പാടാൻ കഴിഞ്ഞതാണ്. പിന്നീട് സുശീലാമ്മ വേദിയിൽ നേരിട്ടെത്തി അഭിനന്ദിച്ച നിമിഷം മറ്റെന്തിനെക്കാളും പ്രിയപ്പെട്ടതാണെന്ന് ദിവ്യ പറയുന്നു.