നടനും ഗായകനുമായ ആയുഷ്മാൻ ഖുരാനയുടെ ഭാര്യ താഹിറ കശ്യപിന് സ്തനാര്‍ബുദം ആണെന്ന വെളിപ്പെടുത്തൽ ബോളിവുഡിനെയും പ്രേക്ഷകരെയും ഞെട്ടിച്ചിരുന്നു. ഭാര്യയുടെ രോഗവിവരം ആയുഷ്മാനാണ് ലോകത്തെ അറിയിച്ചത്.
‘‘താഹിറയുടെ പിറന്നാള്‍ ദിനത്തിലാണ് അവള്‍ക്കു കാന്‍സറാണെന്നു തെളിഞ്ഞത്. അപ്പോൾ ഞങ്ങള്‍ക്കു മുന്നില്‍ രണ്ടു വഴികളാണുണ്ടായിരുന്നത്. ഒന്നുകിൽ ഇതിനെ കുറിച്ചോർത്ത് കരയുക, അല്ലെങ്കില്‍ പോസിറ്റിവായി നേരിടുക. ഞങ്ങൾ തിരഞ്ഞെടുത്തത് രണ്ടാമത്തെ വഴിയാണ്. റിപ്പോര്‍ട്ട് കിട്ടിയ വൈകുന്നേരം ഞങ്ങള്‍ ‘മന്‍മര്‍സിയാന്‍’ എന്ന സിനിമ കാണാന്‍ പോയി. വീട്ടില്‍ പോയിരുന്ന് കരയുന്നതിനേക്കാളും ഒരു സിനിമയ്ക്കു പോവുന്നതാണ് നല്ലതെന്നു തോന്നി’’. ആയുഷ്മാൻ അന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ.
അന്നു മുതൽ തന്റെ ചികിത്സയെ സംബന്ധിച്ച എല്ലാ വിവരങ്ങളും താഹിറ പുറംലോകത്തെ അറിയിക്കുന്നുണ്ട്. പ്രചോദനമാകുന്ന ഒട്ടേറെ പോസ്റ്റുകള്‍, തന്റെ ചിത്രങ്ങളുൾപ്പെടെ അവർ സോഷ്യല്‍മീഡിയയിൽ ഷെയര്‍ ചെയ്യുന്നു.
കഴിഞ്ഞ ദിവസവും മുടി മുഴുവന്‍ പോയ തന്റെ ഒരു പുതിയ ചിത്രം താഹിറ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. പുതിയ രൂപം ഇനിയും അടക്കി വെക്കാന്‍ കഴിയില്ലെന്നും ഇതു തനിക്കു കൂടുതല്‍ സ്വാതന്ത്ര്യം തരുന്നതായും താഹിറ ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. ഒരിക്കലും മുടി മുഴുവന്‍ പോകുമെന്ന് കരുതിയില്ലെന്നും എന്നാല്‍ ഇതു മനോഹരമാണെന്നും താഹിറ. ആയുഷ്മാന്‍ ഖുരാന ചിത്രത്തിന് ‘തീക്ഷ്ണതയുളളവള്‍’ എന്നാണ് കമന്റ ് ചെയ്തിരിക്കുന്നത്. മുൻപ് താഹിറയുടെ അവസാന കീമോതെറാപ്പിയുടെ ചിത്രങ്ങളും ആയുഷ്മാന്‍ പോസ്റ്റ് ചെയ്തിരുന്നു.