മലയാളത്തിൽ നിരവധി സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ദുഖം ബാക്കിയുണ്ടെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. സംവിധായകൻ അടുർ ഗോപാലകൃഷ്ണന്റെ സിനിമയിൽ ഇതുവരെ പ്രവർത്തിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് ഭാഗ്യലക്ഷ്മിയുടെ ദുഖം.
''അടൂര്‍ സാറിന്റെ സിനിമകളിൽ അഭിനയിക്കാൻ സിധിച്ചില്ല എന്നതാണ് ഡബ്ബിങ് ജീവിതത്തിലെ ഏറ്റവും വലിയ ദുഖം. അടൂർ സാർ മതിലുകൾ ചെയ്ത സമയത്ത് വോയ്സ് ടെസ്റ്റിന് വിളിച്ചിരുന്നു. അന്നൊക്കെ എന്തുകൊണ്ടാണ് എന്നെ വേണ്ടെന്നുവെക്കുന്നത് എന്ന് ചിന്തിക്കാനുള്ള വിവരമൊന്നുമില്ല.
''ഡബ്ബിങ് തുടങ്ങിയതും അദ്ദേഹം പറഞ്ഞു, 'വേണ്ട'. ഞാൻ 'എന്താ സാർ കുഴപ്പം' എന്ന് ചോദിച്ചപ്പോൾ സാർ പറഞ്ഞു, 'അല്ല മതിലിനപ്പുറത്ത് ശോഭനയാണോ നിൽക്കുന്നത് എന്ന സംശയം വരുന്നു' എന്ന്. അത് തന്നെയാണ് ആ സിനിമയുടെ വലിയ വിജയവും. ആ മതിലിന് അപ്പുറത്തുനിന്ന് ആരാണ് സംസാരിക്കുന്നതെന്ന് ആരും കാണുന്നില്ല. ഞാൻ ചെയ്തിരുന്നെങ്കിൽ ഒരുപക്ഷേ വലിയ പരാജയമായിരിക്കാം.
''അതേസമയം ശോഭന അഭിനയിച്ച അടൂർ സാറിന്റെ സിനിമയിൽ എന്റെ ശബ്ദം ഉപയോഗിച്ചിട്ടില്ല. അപ്പോഴും അദ്ദേഹം പറഞ്ഞത് ഭാഗ്യലക്ഷ്മി എന്ന ഡബ്ബിങ് ആർട്ടിസ്റ്റിന്റെ ശബ്ദം ആവശ്യത്തിലധികം തിരിച്ചറിയുന്ന ശബ്ദമാണ് എന്നാണ്. ഒരുപരിധി വരെ അതെന്റെ പരാജയമായി ഞാൻ കാണാറുണ്ട്- ഭാഗ്യലക്ഷ്മി പറയുന്നു.