kumbalagi-night-first-day

പട്ടിയെയും പൂച്ചയെയും കൊണ്ട് കളയുന്ന തുരുത്ത്. തീട്ടപ്പറമ്പിന് സമീപത്തുള്ള ആ തുരുത്തിലെ ഇൗ ‘ആൺവീട്ടിൽ’ രാത്രികൾ വിരുന്നെത്തുകയാണ്. സജിയും ബോബിയും ഷമ്മിയും തമ്മിൽ അഭിനയക്കരുത്തിന്റെ മൽസരമാണ് വെള്ളിത്തിരയിൽ. വീശുവലയിൽ മീൻ പിടിക്കാൻ മാത്രമല്ല പ്രണയവും ജീവിതവും ഒരുമിച്ച് വലയിലാക്കുന്ന സന്തോഷത്തോടെ കുമ്പളങ്ങിയിൽ ഒരോ രാത്രിയും പിറക്കുകയാണ്.

വലിയ പബ്ലിസിറ്റിയുടെ പിന്തുണയോടെയല്ല ചിത്രം എത്തിയതെങ്കിലും പതിവ് പോലെ വാമൊഴിയിലൂടെ പടം മിന്നിക്കുമെന്നുറപ്പാണ്. വില്ലനിസത്തിൽ ഇഷ്ടം നിറക്കുകയാണ് ഫഹദ്. സുരാജിന്റെയും സലീംകുമാറിന്റെയും പിൻമുറക്കാരനാണെന്ന് തെളിയിക്കുകയാണ് സൗബിൻ. നാണമില്ലാത്തവന്റെ ചുവട്ടിൽ മുളച്ച ആലിന് താഴെ കാറ്റുകൊണ്ടിരിക്കുന്നവനിൽ നിന്നും രണ്ടാംപകുതിയലെത്തുമ്പോൾ സൗബിന്റെ സജി ഉള്ളുപൊള്ളിക്കുകയാണ്. ചുരുക്കം പറഞ്ഞാൽ സുഡാനിക്ക് ശേഷം ഈ റെയ്ഞ്ച് വ്യക്തമാക്കുന്നു കുമ്പളങ്ങി. ഇൗ ചെക്കന് എല്ലാം ഒരേ ടൈപ്പ് ക്യാരക്ടറെ കിട്ടിയുള്ളോ എന്ന് ചോദിക്കുന്നവരുടെ മുഖത്ത് നോക്കി ഷെയ്നും പറയാം.‘മ്മക്ക് എന്താടേ കുഴപ്പം, നുമ്മ അടിപൊളിയാണ്’. ചിത്രത്തിൽ ബേബി മോൾ ചോദിക്കുന്ന ചോദ്യം പോലെ.. ‘യേശു നമുക്കറിയാത്ത ആളൊന്നുമല്ലല്ലോ..’ അതുപോലെയാണ് ഇൗ സിനിമയിലെ കഥാപാത്രങ്ങളും. നമുക്ക് നന്നായി അറിയാവുന്ന ചിലർ. അല്ല എല്ലാവരും. 

കല്ല്യാണം കഴിഞ്ഞതിന്റെ പുതുമോടിയിലെ മണവാളനായി തിളങ്ങുകയാണ് ഫഹദിന്റെ ഷമ്മി. എന്നാൽ പിന്നീട് മലയാളി ഇതുവരെ കണ്ടിട്ടില്ലാത്ത വില്ലനിസത്തിന്റെ ഭാവത്തിലേക്ക് അയാൾ മാറുകയാണ്. രക്തചൊരിച്ചില്ലാത്ത ചിരിച്ചോണ്ട് നിൽക്കുന്ന കുമ്പളങ്ങി വില്ലൻ. ഇടയ്ക്ക് മീശയെ താലോലിക്കുന്ന, നീയൊന്നും ആണുങ്ങളെ കണ്ടിട്ടില്ലെന്ന് പറയുന്ന  ഒരാള്‍. ഒരു ‘പ്രത്യേക’ തരം ജീവിതം നയിക്കുന്ന ഷമ്മി. ഇയാളിലേക്ക് ആ ആൺവീട്ടിലെ ആണുങ്ങളെത്തുന്നതാണ് കുമ്പളങ്ങിയെ സംഭവബഹുലമാക്കുന്നത്. സോഷ്യൽ വാളുകളിൽ 2019ലെ ചിത്രമെന്ന വാഴ്ത്തുകള്‍ ആദ്യ ഷോയ്ക്ക് പിന്നാലെ നിറയുകയാണ്. കാരണം എഴുത്തിലും എടുപ്പിലും പകർപ്പിലും അത്രത്തോളം ഹൃദ്യമാണ് ഈ സിനിമ. കുമ്പളങ്ങി നൈറ്റ്സിലെ ഇൗ ജീവിതങ്ങള്‍ മലയാള സിനിമയുടെ ചരിത്രത്തില്‍ മായാതെ ബാക്കിയുണ്ടാകും എന്നുറപ്പ്.