‘യേശു നമുക്ക് അറിയാത്ത ആള്‍ ഒന്നും അല്ലല്ലോ..?’ ഈ ഒരൊറ്റ ഡയലോഗിലൂടെ ബേബി മോൾ മലയാളികളുടെ ഹൃദയത്തിലേയ്ക്കാണ് കടന്നുകയറിയത്. കുമ്പളങ്ങി നൈറ്റ്സിൽ ഉടനീളം ഇത്തരം പഞ്ച് ഡയലോഗുകളിലൂടെയാണ് ബേബി മോൾ കയ്യടി നേടുന്നത്. ബേബി മോളായി തകർത്ത് അഭിനയിച്ച അന്ന ബെൻ തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലത്തിന്റെ മകളാണെന്ന് അധികം ആർക്കും അറിയാൻ സാധ്യതയില്ല. സിനിമ അപരിചിതമല്ലെങ്കിൽ പോലും ആദ്യമായി അഭിനയിച്ച സിനിമയ്ക്കും ബേബി മോൾക്കും ലഭിക്കുന്ന പ്രശംസയുടെ സന്തോഷത്തിലാണ് അന്ന. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ അന്ന മനോരമന്യൂസ് ഡോട്ട്കോമിനോട് പങ്കുവെയ്ക്കുന്നു
കൗണ്ടർ അടിക്കുന്നതിൽ ഉസ്താദാണല്ലോ ബേബി മോൾ?
കയ്യടി നേടിയ ആ കൗണ്ടർ അടികളുടെ ക്രെഡിറ്റ് ശ്യാം ചേട്ടനാണ്(തിരക്കഥാകൃത്ത് ശ്യാംപുഷ്കരൻ). ഓരോന്നും എങ്ങനെ ചെയ്യണമെന്നൊക്കെ കൃത്യമായി പറഞ്ഞുതരും. അതുകൊണ്ടാണ് എനിക്ക് ‘കാലത്തും മീൻ കൂട്ടുന്ന എന്നോടോ ബാല’ ഒക്കെ ഭംഗിയായി ചെയ്യാൻ സാധിച്ചത്.
ബേബി മോളും അന്നയും തമ്മിൽ സാമ്യമുണ്ടോ?
ഒരുപാടുണ്ട്. ബേബി മോളുടെ പോലെ തന്നെ സിനിമയെ സ്നേഹിക്കുന്ന ഒരാളാണ് ഞാനും. ജീവിതത്തിലും ഇതുപോലെയൊക്കെയുള്ള സിനിമ ഡയലോഗുകൾ ഞാനും പറയാറുണ്ട്. നാടൻ പെൺകുട്ടിയാണെങ്കിലും പുരോഗമന ചിന്താഗതിയുള്ള കഥാപാത്രമാണ് ബേബി മോൾ. ഞാനും അതുപോലെ തന്നെയാണ്. ചിന്തയിലും വാക്കിലുമൊക്കെ ബേബി മോൾ പുലർത്തുന്ന വ്യക്തത ഞാനും പാലിക്കാറുണ്ട്. കുമ്പളങ്ങി പോലെ തന്നെയാണ് ഞാൻ ജനിച്ചുവളർന്ന വൈപ്പിനും. ബേബി മോളെപ്പോലെയുള്ള ഒരുപാട് പെൺകുട്ടികളെ കണ്ടിട്ടുണ്ട്.
എങ്ങനെയാണ് അന്ന സിനിമയിലെത്തുന്നത്? അച്ഛന്റെ സിനിമ പശ്ചാത്തലം സഹായിച്ചിട്ടുണ്ടോ?
ആഷിക് ചേട്ടന്റെ (ആഷിക് അബു) ഇൻസ്റ്റാഗ്രാമിൽ കുമ്പളങ്ങി നൈറ്റ്സിന്റെ കാസ്റ്റിങ്ങ് കോൾ പോസ്റ്റർ കണ്ടിട്ടാണ് ഞാൻ മെയിൽ അയക്കുന്നത്. അപ്പോഴൊന്നും അച്ഛനോടും അമ്മയോടും ഈ വിവരം പറഞ്ഞിരുന്നില്ല. ഓഡിഷന് വിളിച്ചപ്പോൾ സിനിമയുടെ അണിയറപ്രവർത്തകരോടും ഞാൻ ബെന്നി പി.നായരമ്പലത്തിന്റെ മകളാണെന്ന് പറഞ്ഞില്ല. നാല് ഓഡിഷനുകൾക്ക് ശേഷം സെലക്ട് ചെയ്തപ്പോഴാണ് വീട്ടിൽ പറയുന്നത്. അച്ഛനും അമ്മയ്ക്കും ശരിക്കും സർപ്രൈസായിരുന്നു. എന്റെ സിനിമയോടുള്ള ഇഷ്ടം അറിയാമെങ്കിലും ഓഡിഷന് തിരഞ്ഞെടുക്കപ്പെടുമെന്ന് ഒന്നും അവർ കരുതിയില്ല. ഏതായാലും അവർക്കും നല്ല സന്തോഷമായി, സിനിമയിൽ അഭിനയിക്കാൻ പൂർണ്ണപിന്തുണ നൽകി.
അച്ഛന്റെയൊപ്പം സിനിമാ ലൊക്കേഷനിലൊക്കെ പോയിട്ടുണ്ട്. അതുകൊണ്ട് ക്യാമറയുടെ പുറകിലുള്ള കാര്യങ്ങളൊന്നും അത്ര അപരിചിതമായിരുന്നില്ല. എന്നാൽ ക്യാമറയ്ക്ക് മുന്നിലേക്ക് വന്നപ്പോഴുള്ള അനുഭവം വ്യത്യസ്തമായിരുന്നു. കുമ്പളങ്ങി നൈറ്റ്സിന്റെ സെറ്റ് വളരെ രസകരമായിരുന്നു. ഞാനും മാത്യുവും പുതുമുഖങ്ങളാണ്. ബാക്കിയെല്ലാവരും കൂട്ടുകാരും മുൻപരിചയമുള്ളവരുമാണ്. പക്ഷെ ഞങ്ങളെക്കൂടെ അവരുടെ കൂട്ടത്തിലൊരാളാക്കിയ ശേഷമായിരുന്നു ഷൂട്ടിങ്ങ്. അതുകൊണ്ട് ടെൻഷൻ ഒന്നുമില്ലായിരുന്നു. ടെൻഷൻ തോന്നിയാൽ തന്നെ നമ്മളെ പിന്തുണയ്ക്കാൻ എല്ലാവരുമുണ്ടായിരുന്നു.
ഫഹദിന്റേയും ഷെയിനിന്റേയും ഒപ്പമുള്ള അഭിനയം?
ഫഹദ് വളരെ സ്വാഭാവികമായിട്ട് അഭിനയിക്കുന്ന ആളാണ്. പുള്ളിയുടെ അഭിനയം കണ്ട് ഞാൻ ആകെ ബ്ലാങ്കായിപ്പോയിട്ടുണ്ട്. അതിൽ ഫഹദ് 'ജനിക്കുമ്പോ ഒറ്റത്തന്തക്ക് ജനിക്കണം….എനിക്ക് ഒറ്റത്തന്തയാ… നിന്നെപ്പോലെ പല തന്തയല്ല….'എന്നൊരു ഡയലോഗ് പറയുന്നുണ്ട്. ബേബി മോൾ അപ്പോൾ 'പലതന്തക്ക് പിറക്കുക എന്നത് ടെക്‌നിക്കലി പോസിബിള്‍ അല്ല ചേട്ടാ. എല്ലാരും ഒരു തന്തക്ക് മാത്രമായാണ് പിറക്കുന്നത്'. പറയുന്നുണ്ട്. തീയറ്ററിൽ കയ്യടി നേടിയ രംഗങ്ങളിലൊന്നാണത്. ഫഹദിന്റെ അഭിനയം അത്ര സ്വാഭാവികമായതുകൊണ്ടാണ് എനിക്കും അതേപോലെ തന്നെ ചെയ്യാൻ സാധിച്ചത്.
കുമ്പളങ്ങി നൈറ്റ്സിലെ ബോബിയെപ്പോലെ തന്നെയാണ് ഷെയ്നും. ഇപ്പോഴും ചിരിച്ച് സന്തോഷമായി ഇരിക്കുന്ന വ്യക്തിയാണ് ഷെയ്ൻ. ഇത്രയുംകാലം ഷെയ്ൻ ചെയ്തത് കുറച്ച് സീരിയസ് കഥാപാത്രങ്ങളായിരുന്നല്ലോ? അതിൽ നിന്നും വ്യത്യസ്തമാണ് ബോബി. ഞാനും ഷെയ്നും ആദ്യമേ തന്നെ നല്ല ഫ്രണ്ട്സായി. അതുകൊണ്ടാണ് സിനിമയിലും ആ കെമിസ്ട്രി നന്നായിട്ട് വന്നത്.
കുമ്പളങ്ങിയിലെ രാത്രികൾ ഇതിനുമുമ്പ് അന്ന കണ്ടിട്ടുണ്ടോ?
കുമ്പളങ്ങിയുടെ അടുത്തുള്ള വൈപ്പിനിലാണ് ജനിച്ച് വളർന്നതെങ്കിലും ഇത്രയും കാലം ഞാൻ കുമ്പളങ്ങിയിൽ പോയിട്ടില്ല. ഈ സിനിമയ്ക്കുവേണ്ടിയാണ് ആദ്യമായി കുമ്പളങ്ങിയിൽ പോകുന്നത്. സ്വന്തം സ്ഥലത്തിനടുത്ത് ഇത്രയേറെ ഭംഗിയുള്ള സ്ഥലമുണ്ടോയെന്ന് അതിശയിച്ചു പോയി.