കോടതി സമക്ഷം ബാലൻ വക്കീൽ എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലർ പ്രകാശനച്ചടങ്ങിൽ ആരാധകരോട് മനസ്സുതുറന്ന് നടൻ ദിലീപ്. താൻ കടന്നുപോകുന്ന കഠിന സാഹചര്യങ്ങളെ സൂചിപ്പിച്ചായിരുന്നു ദുബായിലെ ദിലീപിന്റെ പ്രസംഗം.
ജീവിതം എല്ലാവർക്കും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പോരാട്ടമാണെന്നും അവിടെ നമുക്ക് താങ്ങും തണലുമാകുന്നത് സ്നേഹം എന്ന വികാരമാണെന്നും അദ്ദേഹം പറഞ്ഞു. ദുബായിൽ വേൾഡ് വൈഡ് ഫിലിംസും നോവോസ് സിനിമാസും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
എന്തൊക്കെ പ്രതിസന്ധിയുണ്ടെങ്കിലും കുടുംബം എന്ന യാഥാർഥ്യം ഉള്ളത് ആശ്വാസമാണെന്നു ദിലീപ് പറഞ്ഞു. നടന്‍റെ വാക്കുകൾ അദ്ദേഹത്തിൻ്റെ ആരാധകർ നിറകൈയടികളോടെ സ്വീകരിച്ചു. നാളെ വരെ ദുബായ്, ദോഹ എന്നിവിടങ്ങൾ സന്ദർശിക്കാന്‍ കോടതി ദിലീപിന് അനുവാദം നൽകിയിരുന്നു. കഴിഞ്ഞ ദിവസം തന്നെ ദുബായിലെത്തിയ ദിലീപ് അദ്ദേഹത്തിൻ്റെ പാർട്ണർഷിപ്പിലുള്ള ദേ പുട്ടും സന്ദർശിക്കുകയുണ്ടായി.
എന്നാൽ, ഇന്നലെ ദുബായിൽ നടന്ന വാർത്താ സമ്മേളനത്തിൽ നടൻ പങ്കെടുത്തില്ല. നിയമപരിജ്ഞാനമുണ്ടെങ്കിലും വിക്കനായതിനാൽ അത് പ്രകടിപ്പിക്കാൻ പ്രയാസപ്പെടുന്ന അഭിഭാഷകനായാണ് ദിലീപ് ഇൗ ചിത്രത്തിൽ അഭിനയിക്കുന്നത്. നാളെ കേരളത്തോടൊപ്പം ഗൾഫിലും കോടതി സമക്ഷം ബാലൻ വക്കീൽ റിലീസ് ചെയ്യും. സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ, വേൾഡ് വൈഡ് ഫിലിംസിൻ്റെ നൗഫൽ അഹമ്മദ്, ബ്രിജേഷ് മുഹമ്മദ് എന്നിവരും പങ്കെടുത്തു.