sphadikam-bhadran

സ്ഫടികം. നാളെത്ര കഴിഞ്ഞാലും പ്രേക്ഷകമനസുകളിൽ പത്തരമാറ്റ് തിളക്കത്തോടെ വിളങ്ങുന്ന ചിത്രം. ആ കഥാപാത്രങ്ങളുടെ, കഥയുടെ പ്രകാശത്തിളക്കം തലമുറകളിലൂടെ കൈമാറി പടർന്നു കൊണ്ടിരിക്കുന്നു. എക്കാലത്തും പ്രസക്തിയുള്ള ഒരു കഥയുള്ളതാണ് സ്ഫടികം എന്ന സിനിമ ഇന്നും വജ്രം കണക്കെ ശോഭിക്കാൻ കാരണം 

 

കണക്കെന്ന വിഷയത്തിന്റെ ആൾരൂപമായി മാറിയ ചാക്കോ മാഷ് നാളെത്ര കഴിഞ്ഞാലും മലയാളികളുടെ മനസിൽ നിന്നും മായില്ല. സ്ഫടികം ആടുതോമയെന്ന മകന്റെ സിനിമയല്ല, മറിച്ചു തന്റെ തീരുമാനങ്ങൾ മാത്രം മകൻ നടപ്പാക്കണമെന്നാഗ്രഹിച്ച് അവന്റെ ജീവിതം തകർത്തു കളയുന്ന ചാക്കോ എന്ന അച്ഛന്റെ കഥയാണ്. അയാളുടെ തിരിച്ചറിവിന്റെ കഥയാണെന്നു സംവിധായകൻ ഭദ്രൻ മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു. 

 

സിനിമയില്‍ നായികയായി പരിഗണിച്ചിരുന്നത് ശോഭനയെ ആയിരുന്നുവെന്ന് സംവിധായകന്‍ വെളിപ്പെടുത്തുന്നു. ‘ശോഭനയെ നായികയാക്കാനാണ് തീരുമാനിച്ചത്. പക്ഷേ അവർക്ക് നൃത്ത പരിപാടിക്ക് യുഎസിൽ പോകേണ്ടതിനാൽ ഉർവശിയെ വിളിച്ചു. സിനിമ കണ്ടു കഴിഞ്ഞപ്പോൾ സംവിധായകനു തോന്നി ഉർവശി തന്നെയായിരുന്നു നല്ലതെന്ന്. കള്ളുകുടിച്ചുള്ള സീനൊക്കെ അത്ര ഭംഗിയായിരുന്നു.’ 

 

വില്ലനായി പരിഗണിച്ചിരുന്നത് തമിഴ് നടന്‍ നാസറിനെ ആയിരുന്നു. ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ നടൻ നാസറിന്റെ ഫോൺ – ‘നാളെ വരാൻ പറ്റില്ല. തമിഴിലെ ഷൂട്ടിങ് ന‌ീളുന്നു. 1‌0 ദിവസം കഴിയും എത്താൻ.’ എന്തുചെയ്യണമെന്ന് അറിയാതെ ഭദ്രൻ കോട്ടയം അ‍ഞ്ജലി ഹോട്ടലിന്റെ കാർപാർക്കിങ്ങിലെ വലിയ തൂണിൽ ചാരി നിന്നു തലപുകച്ചപ്പോൾ അവിടേക്ക് ബുള്ളറ്റിൽ വന്ന നാസറിനേക്കാൾ വണ്ണവും ഉയരവുമുള്ള യുവാവാണ് ജോർജ്. ‘തനിക്ക് അഭിനയിക്കണോ’ എന്ന് ഭദ്രൻ. അനന്തരം ജോർജ്, സ്ഫടികം ജോർജായി.

 

സിനിമയുടെ പേര് സംബന്ധിച്ചും ഭദ്രന്‍ അഭിമുഖത്തില്‍ പറയുന്നു. ആടുതോമയെന്ന പേരിട്ടാലേ അടിപ്പടം ആളുകൾ കാണാൻ വരൂ എന്ന് ഗുഡ്നൈറ്റ് മോഹൻ പറഞ്ഞു. ‘ഇത് ആടു തോമയുടെ കഥയല്ല, ഇടിപ്പടവുമല്ല. പേരന്റിങ്ങിനെക്കുറിച്ചുള്ള സിനിമയാണ്. പേര് സ്ഫടികം എന്നു തന്നെ’, എന്നതായിരുന്നു തന്റെ നിലപാടെന്നും ഭദ്രന്‍ പറയുന്നു.

 

അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം.