തമിഴ് നടന്‍ ആര്യയും നടി സയേഷയും വിവാഹിതരായി. മാർച്ച് 10നു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമാ മേഖലയിലെ പ്രമുഖരും മാത്രമാണ് പങ്കെടുത്തത്. ബോളിവുഡ് താരങ്ങളായ സഞ്ജയ് ദത്ത്, ആദിത്യ പഞ്‌ജോലി, സൂരജ് പഞ്‌ജോലി, അഞ്ജൂ മഹേന്ദ്രൂ, നടി സെറീന വഹാബ്, അല്ലു അര്‍ജുന്‍ തുടങ്ങി നിരവധി താരങ്ങളാണ് സംഗീത് ചടങ്ങില്‍ പങ്കെടുത്തത്. പരമ്പരാഗത മുസ്ലിം ആചാരപ്രകാരമാണ് വിവാഹം നടന്നത്..
ഫെബ്രുവരി 14 വാലന്റെന്‍സ് ദിനത്തിലാണ് ഇരുവരും തമ്മിൽ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന വിവരം താരങ്ങള്‍ വെളിപ്പെടുത്തിയത്. മാര്‍ച്ചില്‍ ഇരുവീട്ടുകാരുടെയും സാന്നിധ്യത്തിലാവും വിവാഹമെന്നും ആര്യ പറഞ്ഞിരുന്നു. അതേസമയം സയേഷ- ആര്യ ജോഡികളുടേത് പ്രണയവിവാഹമല്ലെന്നും അറേഞ്ച്ഡ് മാര്യേജ് ആണെന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ സയേഷയുടെ അമ്മ ഷഹീന്‍ ബാനു വെളിപ്പെടുത്തിയിരുന്നു.
ഗജിനികാന്ത് (2018) എന്ന ചിത്രത്തിലായിരുന്നു ആര്യയും സയേഷയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. സൂര്യയുടെ പുതിയ ചിത്രം ‘കാപ്പാനി’ലും ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. തെലുങ്ക് ചിത്രം ‘അഖില്‍’ ആയിരുന്നു സയേഷയുടെ അരങ്ങേറ്റചിത്രം. പ്രശസ്തനടന്‍ ദിലീപ് കുമാറിന്റെ അനന്തരവളാണ് സയേഷ. 2017 ല്‍ അജയ് ദേവ്ഗണിന്റെ ‘ശിവായ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു.