tovino-viral-fb-post

തമിഴകത്തേക്ക് നോക്കി വിജയ് സേതുപതി എന്ന നടന്റെ വളർച്ചയിലും നേട്ടങ്ങളിലും അഭിമാനം കൊള്ളുന്നവരേറെയാണ്. എന്നാൽ അക്കൂട്ടത്തിൽ മലയാളിക്ക് അഭിമാനത്തോട ചൂണ്ടിക്കാട്ടാനും ഒട്ടേറെ താരങ്ങളുണ്ട്. ജയസൂര്യയും സൗബിനും ജോജുവുമടക്കം ഒട്ടേറേ പേർ. എന്നാൽ ഇപ്പോഴിതാ ടൊവിനോയുടെ പഴയ കുറിപ്പ് പങ്കുവച്ച് ആരാധകർ ചിലത് ഒാർമപ്പെടുത്തുകയാണ്.

2011ൽ താരം ഫെയ്സ്ബുക്കിൽ കുറിച്ച വരികളാണ് ഇപ്പോൾ ആരാധകർ പങ്കുവച്ചിരിക്കുന്നത്. ‘ഇന്നു നിങ്ങൾ എന്നെ വിഡ്ഡിയെന്നു പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവൻ എന്നു മുദ്രകുത്തി എഴുതിത്തള്ളുമായിരിക്കും. പക്ഷേ ഒരിക്കൽ ഞാൻ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും. അന്നു നിങ്ങൾ എന്നെയോർത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ധാർഷ്ട്യമല്ല, വിഡ്ഡിയുടെ വിലാപവുമല്ല. മറിച്ച് ഒരു കഠിനാദ്ധ്വാനിയുടെ ആത്മവിശ്വാസമാണ്.’ അന്ന് ടൊവീനോ ഫെയ്സ്ബുക്കിൽ കുറിച്ചു. ഇൗ വരികൾ കാലം തെളിയിച്ചിരിക്കുന്ന എന്ന വ്യക്തമാക്കിയാണ് ആരാധകർ ഇൗ പോസ്റ്റ് പങ്കുവയ്ക്കുന്നത്.

tovino-old-fb-post

അന്ന് ഇൗ പോസ്റ്റിന് താഴെ മോശം കമന്റിട്ടവർക്കുള്ള മറുപടിയാണ് ടൊവിനോയുടെ വളർച്ചയെന്ന് ആരാധകർ തിരിച്ചടിക്കുന്നു. ‘നീ വിഷമിക്കേണ്ട, സത്യമായിട്ടും സിനിമയിൽ ലൈറ്റ് ബോയ് ആകുമെടാ’ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതൊരു വെല്ലുവിളിയാണെന്നും അയാൾ അന്നു പറഞ്ഞിരുന്നു. പരിഹാസങ്ങൾക്കും അധിക്ഷേപങ്ങൾക്കും അന്നും ടൊവീനോ മറുപടി പറഞ്ഞിരുന്നു. നിങ്ങളുടെ പ്രതികരണങ്ങളൊക്കെ സ്വീകരിക്കുന്നുവെന്നും തന്നെ കളിയാക്കി കഴിഞ്ഞവർ ഒരുതവണ കൂടി ഈ കുറിപ്പ് വായിക്കണമെന്നുമായിരുന്നു അന്ന് ടൊവീനോ മറുപടിയായി എഴുതിയത്.

2012–ൽ പ്രഭുവിന്റെ മക്കൾ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരം സഹനടനായും വില്ലനായും മലയാളത്തിലും തമിഴിലും തിളങ്ങി നിൽക്കുകയാണ്. പ്രളയകാലത്ത് നടത്തിയ മാതൃകാപ്രവർത്തനങ്ങൾ ടൊവിനോയെ മറ്റാരെക്കാളും ജനപ്രിയനാക്കി. അതിനുപിന്നാലെ വന്ന ടൊവിനോ ചിത്രങ്ങൾ വൻവിജയമാണ് തിയറ്ററുകളിൽ നിന്നും സ്വന്തമാക്കിയത്.