തിയേറ്റർ റെക്കോർഡുകൾ പലതും തിരുത്തിക്കുറിച്ച ചിത്രമായിരുന്നു അമീർ ഖാന്‍ നായകനായ ദംഗൽ. 70 കോടി രൂപ മുതൽമുടക്കിൽ നിർമിച്ച ചിത്രം സംവിധാനം ചെയ്തത് നിതേഷ് തിവാരി ആണ്. 2016 ൽ ആയിരുന്നു ചിത്രത്തിൻറെ റിലീസ്.
മലയാളികൾക്ക് അഭിമാനിക്കാവുന്ന ട്വീറ്റുമായാണ് ദംഗൽ സംവിധായകൻ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. മലയാളത്തിന്‍റെ യുവനടൻ ഫഹദ് ഫാസിലിനെക്കുറിച്ചാണ് ട്വീറ്റ്. വളരെ വൈകിയാണ് ഈ നടനെക്കുറിച്ച് അറിഞ്ഞത്. ഏതു റോൾ അവതരിപ്പിച്ചാലും ഈ നടന്‍ ഗംഭീരമാക്കും. താനിപ്പോൾ ഫഹദ് ഫാസിൽ എന്ന നടന്‍റെ വലിയ ആരാധകനാണെന്നും ട്വീറ്റിൽ പറയുന്നു.
ഇഷ്ടപ്പെട്ട ഫഹദ് ചിത്രങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞാണ് ട്വീറ്റ്. കുമ്പളങ്ങി നൈറ്റ്സ്, മഹേഷിൻറെ പ്രതികാരം, സൂപ്പർ ഡീലക്സ്, ഞാൻ പ്രകാശൻ എന്നീ ചിത്രങ്ങളുടെ പേരുകളാണ് പ്രത്യേകം പരാമര്‍ശിച്ചിരിക്കുന്നത്. ഇനിയും ഞങ്ങളെ ആനന്ദിപ്പിക്കുക സഹോദരാ എന്നു പറഞ്ഞാണ് ട്വീറ്റ് അവസാനിപ്പിക്കുന്നത്.