അസാധ്യം എന്ന് വിധിയെഴുതിയതിനെ എല്ലാം തകർത്തെറിഞ്ഞ് മുന്നേറുകയാണ് മോഹൻലാൽ ചിത്രം ലൂസിഫർ. നൂറുകോടി ക്ലബും കടന്ന് കുതിക്കുന്ന ചിത്രത്തെ കുറിച്ച് ആരാധകർ പലതവണ ഉയർത്തിയ ചോദ്യത്തിന് ഒരു സൂചനാ മറുപടി തന്നിരിക്കുകയാണ് തിരക്കഥാകൃത്തും നടനുമായ മുരളീ ഗോപി. സ്റ്റീഫൻ നെടുമ്പള്ളിയിൽ നിന്നും ക്ലൈമാക്സിൽ ഖുറേഷി അബ്റാം എന്ന അധോലോക നായകനിൽ എത്തി നിൽക്കുന്ന ചിത്രത്തിന് ഒരു രണ്ടാംഭാഗം ആരാധകർ പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷകൾക്ക് ആക്കം കൂട്ടുകയാണ് മുരളീ ഗോപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
‘കാത്തിരിപ്പ് അധികം നീളില്ല’ എന്ന് കുറച്ച് വാക്കുകളിൽ കുറിച്ച് ആരാധകരെ ആവേശത്തിലാക്കുകയാണ് അദ്ദേഹം. ഖുറേഷി അബ്റാം ജീവിതം പറയുന്ന ഒരു കഥയ്ക്ക് കൂടിയുള്ള കാത്തിരിപ്പ് ലൂസിഫർ കണ്ടിറങ്ങുന്ന ഒാരോത്തരിലും നിറയ്ക്കാൻ മുരളീ ഗോപിക്ക് കഴിഞ്ഞിരുന്നു. ഇപ്പോൾ ഫെയ്സ്ബുക്കിൽ കുറിച്ച വാക്കുകളിൽ അദ്ദേഹം വ്യക്തമാക്കുന്നതും അതുതന്നെയാണെന്ന് ഉറപ്പിക്കുകയാണ് ആരാധകർ.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം ഇപ്പോഴും തിയറ്ററുകളിൽ വിജയപ്രദർശനം തുടരുകയാണ്.