ജീവിതത്തിൽ പുതിയ യാത്രയ്ക്കൊരുങ്ങുകയാണ് ഗായകൻ അഭിജിത്ത് കൊല്ലം. യേശുദാസിന്റെ ശബ്ദവുമായുള്ള സാമ്യമാണ് ഇൗ കലാകാരനെ പ്രശസ്തനാക്കിയത്. അതിനൊപ്പം ഉയർന്ന വിവാദങ്ങളും അഭിജിത്തിന്റെ ജീവിതത്തിൽ ഗുണമായി ഭവിച്ചു. ഇപ്പോഴിതാ താരം വിവാഹിതനാകുന്നു. ഹ്രസ്വചിത്രങ്ങളിൽ നായികയായി അഭിനയിച്ചിട്ടുള്ള വിസ്മയശ്രീയാണ് വധു. കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഇതിന്റെ ചിത്രങ്ങൾ അഭിജിത്ത് തന്നെയാണ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. വിവാഹനിശ്ചയം ലളിതമായ ചടങ്ങ് ആയിരുന്നെന്നും അതിനാൽ ആരെയും ക്ഷണിക്കാൻ സാധിച്ചില്ലെന്നും വിവാഹത്തിന് എല്ലാവരെയും ക്ഷണിക്കുമെന്നും ഇരുവരും ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
അഭിജിത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ:
പ്രിയപ്പെട്ടവരെ, ഇന്നലെ എന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ദിവസമായിരുന്നു. ജീവിതത്തിൽ എനിക്ക് കൂട്ടായി ഒരാൾ എത്തുകയാണ്. ഇന്നലെ എന്റെ വിവാഹനിശ്ചയമായിരുന്നു. വിസ്മയശ്രീ എന്നാണ് കുട്ടിയുടെ പേര്. എന്റെ പ്രിയ സുഹൃത്തുക്കളും ഏവരും സദയം ക്ഷമിക്കണം. നിശ്ചയം ചെറിയ ഒരു ഫങ്ഷൻ മാത്രമായിരുന്നു. എല്ലാവരെയും അറിയിക്കുവാൻ സാധിച്ചില്ല. ക്ഷമിക്കുക. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഞങ്ങളുടെ ജീവിത്തിൽ ഉണ്ടാകണം.
വിസ്മയശ്രീ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ:
ദൈവത്തിന് നന്ദി. കഴിഞ്ഞ ഞായറാഴ്ച്ച എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ദിവസമായിരുന്നു. എന്റെ വിവാഹ നിശ്ചയം. എന്റെ ജീവിതത്തിന് തുണയായി ഒരാൾ വരികയാണ്. അഭിജിത്ത് വിജയൻ. നല്ലൊരു ജീവിതം ഞങ്ങൾക്ക് നയിക്കാൻ ദൈവം കാക്കട്ടെ. ആരോടും പറയാൻ പറ്റിയില്ല. ക്ഷമിക്കണം. കുടുംബക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളു. എല്ലാവരെയും വിവാഹത്തിന് വിളിക്കാട്ടോ. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും അനുഗ്രഹവും ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടാകണം.
ചലച്ചിത്രഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും ശ്രദ്ധേയനായ ഗായകൻ അഭിജിത്തിന്റെ ശബ്ദത്തിന് യേശുദാസിന്റെ ശബ്ദവുമായി ഏറെ സാമ്യമുണ്ട്. ടൊറന്റോ ഇന്റർനാഷനൽ സൗത്ത് ഏഷ്യൻ ഫിലിം അവാർഡ്സിലെ മികച്ച ഗായകനുള്ള പുരസ്കാരങ്ങൾ ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ അഭിജിത്തിനെ തേടിയെത്തിയിട്ടുണ്ട്.