വ്യക്തിജീവിതത്തെക്കുറിച്ചും ബിന്ദു പണിക്കരുമൊന്നിച്ചുള്ള വിവാഹത്തെക്കുറിച്ചും ഒരിടവേളക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയതിനെക്കുറിച്ചുമെല്ലാം തുറന്നുപറഞ്ഞ് സായ്കുമാർ. വനിതക്കു നൽകിയ അഭിമുഖത്തിലാണ് താരം മനസു തുറന്നത്. ബിന്ദു പണിക്കരും മകൾ അരുന്ധതിയും ഒപ്പമുണ്ടായിരുന്നു.
''ബിന്ദുവിന്റെ മാത്രമല്ല, ഒരുപാട് സ്ത്രീകളുടെ പേര് പലരും എടുത്തിട്ടു. ഏറ്റവും ഒടുവിലാണ് ബിന്ദു വന്നത്. സത്യത്തിൽ എനിക്കന്ന് ബിന്ദുവുമായി അത്ര അടുപ്പം പോലും ഇല്ല. ബിന്ദുവിന്റെ ഭർത്താവ്, അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന ബിജുവിനോടായിരുന്നു സൗഹൃദം'', സായികുമാർ പറയുന്നു.
''കല്ലു എന്നാണ് ഞങ്ങള്‍ മകളെ വിളിക്കുന്നത്. കുറച്ച് ഡാൻസ് ചെയ്യുക, അത്യാവശ്യം പാടുക. പിന്നെ ടിക്ക്ടോക്ക് ചെയ്യുക. ഞങ്ങളുടെ സിനിമകളിലെ രംഗങ്ങൾവച്ചും അവൾ വിഡിയോ ചെയ്യാറുണ്ട്. അത് അവളുടെ ഒരു സന്തോഷാണ്''.
''ലൂസിഫർ സിനിമയിലേയ്ക്ക് വിളിക്കുമ്പോൾ എന്റെ കാലിന് കുറച്ച് പ്രശ്നമുണ്ടായിരുന്നു. പ്രൊഡക്‌ഷൻ കൺട്രോളർ സിദ്ദു പനക്കനിലെ വിളിച്ച് ഇക്കാര്യം പറഞ്ഞു. ഈ കാല് വച്ച് അഭിനയിക്കാൻ ബുദ്ധിമുട്ടാകുമെന്ന് ഞാൻ പറഞ്ഞു. അപ്പോൾ തന്നെ പൃഥ്വി എന്നെ വിളിച്ചു. എന്താ ചേട്ടാ പ്രശ്നം എന്നു ചോദിച്ചു. കാലിന് ഇങ്ങനെയൊരു വേദനയുണ്ട് മോനേ, നടക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. ‘അതാണ് എന്റെ സിനിമയിലെ കാരക്ടർ എന്ന് പൃഥ്വി മറുപടിയായി പറഞ്ഞു. ഇനി ചേട്ടന് നടക്കാൻ തീരെ ബുദ്ധിമുട്ട് ആണെങ്കിൽ എന്റെ കാരക്ടറും അങ്ങനെയുള്ള ഒരാളായിരിക്കുമെന്ന് പൃഥ്വി എന്നോട് പറഞ്ഞു. അങ്ങനെയാണ് ലൂസിഫർ ചെയ്തത്''.
ബിന്ദു പണിക്കറുടെ ആദ്യവിവാഹത്തിലെ മകളാണ് അരുന്ധതി. അരുന്ധതിയുടെ അച്ഛൻ 2003-ലാണ് മരിക്കുന്നത്. 2009ലായിരുന്നു സായ്കുമാറും ബിന്ദു പണിക്കറും വിവാഹിതരായത്.
അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം