dini-dolly-koodathai

കൂടത്തായി പത്രക്കോളങ്ങളിലും ചാനലുകളിലും പ്രധാനവാർത്തയായി തുടരുമ്പോള്‍ അതിനൊടൊപ്പം തന്നെ വാർത്തകളിൽ ഇടം പിടിച്ച സംഭവമായിരുന്നു 'കൂടത്തായ്' സിനിമയായി പ്രഖ്യാപിച്ചത്. മോഹൻലാൽ-ആന്റണി പെരുമ്പാവൂർ ടീം കൂടത്തായ് സംഭവം സിനിമയാക്കുന്നു എന്ന വാർത്ത പുറത്തെത്തിയതിന് പിന്നാലെയാണ് സീരിയൽ താരം ഡിനി ‍ഡാനിയേല്‍ അതിനും മുൻപേ ഇതേ സംഭവം പശ്ചാത്തലമാക്കി തങ്ങളുടെ സിനിമ അനൗൺസ് ചെയ്തു എന്നു വ്യക്തമാക്കി രംഗത്തെത്തിയത്. ഇതോടെ പലരും ആശയക്കുഴപ്പത്തിലായി. മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചതിനു പിന്നാലെ ഡിനി നായികയായി എത്തുന്ന കൂടത്തായ് ഉപേക്ഷിക്കുകയാണ് എന്ന വാർത്തകളും പ്രചരിച്ചു. എന്നാൽ ഇത്തരത്തിലുള്ള വാര്‍ത്തകൾ തെറ്റാണെന്നും തങ്ങളുടെ സിനിമയുമായി മുൻപോട്ട് പോവുകയാണെന്നും ഡിനി വനിത ഓൺലൈനോട് പ്രതികരിച്ചു. ഡിനി സിഇഒ ആയ വാമോസ് മീഡിയ ആൻഡ് പിആർ എന്ന കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. 

''ഓഫീസിൽ നടന്ന ഒരു സിസ്കഷനിടെയാണ് കൂടത്തായി കൊലപാകം സിനിമയാക്കിക്കൂടെ എന്ന ചർച്ച ഉരുത്തിരിഞ്ഞു വരുന്നത്. അതുറപ്പിച്ച ശേഷമാണ് സിനിമയുടെ പ്രാരംഭ നടപടിയെന്നോണം ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇറക്കുന്നത്. റോണക്സ് ഫിലിപ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിർമാണം അലക്സ് ജേക്കബ്. വിജീഷ് തുണ്ടത്തിലിന്റേതാണ് തിരക്കഥ. വീജിഷ് ഇപ്പോൾ 'കൂടത്തായി'യുടെ തിരക്കഥയുടെ പണിപ്പുരയിലാണ്. നവംബറോടു കൂടി ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. ഒരേ പശ്ചാത്തലമായിപ്പോയി എന്നു കരുതി ഞങ്ങളുടെ ചിത്രം പിൻവലിക്കണമെന്നും പിൻമാറണമെന്നും പറയുന്നതിൽ അർത്ഥമില്ല. 1966–ലെ മറിയക്കുട്ടി കൊലക്കേസിനെ ആസ്പദമാക്കിയും രണ്ട് സിനിമകൾ ഉണ്ടാക്കപ്പെട്ടു. 

കൂടത്തായി യാതൊരു മത്സരങ്ങൾക്കും വേണ്ടിയുള്ള ഒരു സിനിമ അല്ല. യാതൊരു മുൻവിധികൾക്കു വേണ്ടിയുള്ളതുമല്ല. ഇതിനെ വെറും ഒരു സിനിമ ആയി കാണണമെന്നാണ് അപേക്ഷയുണ്ട്.കേരളം പേടിയോടെയും അമ്പരപ്പോടെയും ഉറ്റുനോക്കിയ ഒരു ക്രിമിനലിനെ വെള്ളിത്തിരയിൽ അവതരിപ്പിക്കുക എന്നത് വെല്ലുവിളി തന്നെയാണ്. എനിക്കതിന് കഴിയും എന്ന ആത്മവിശ്വാസം ഉണ്ട്. ഞാനൊരു സൈക്ക്യാട്രിക് ലെക്ചറർ കൂടിയാണ്. സമാനമായ വിഷയങ്ങൾ പഠിച്ചും നേരിട്ടറിഞ്ഞും ഉള്ള അനുഭവജ്ഞാനമുണ്ട്.

മോഹൻലാൽ–ആന്റണി പെരുമ്പാവൂർ ടീം അനൗൺസ് ചെയ്ത ചിത്രം ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആയിരിക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. ഞങ്ങളുടെ ചിത്രം സ്ത്രീ കേന്ദ്രീകൃതമായിരിക്കും. ഇവിടെ ‘ജോളിയായിരിക്കും’ കേന്ദ്രകഥാപാത്രം. മറ്റൊന്നു കൂടി, ഒരുതരത്തിലും രണ്ടാമത് പ്രഖ്യാപിച്ച ആ ചിത്രവുമായി ഞങ്ങൾ മത്സരിക്കാനില്ല. വലുപ്പം കൊണ്ടും താരമൂല്യം കൊണ്ടും അവരുടെ ചിത്രം തന്നെയായിരിക്കും വലുത്. ചിത്രം സ്വീകരിക്കുന്ന കാര്യം പ്രേക്ഷകർക്കു വിടുന്നു'', ഡിനി വനിതയോട് പറഞ്ഞു. 

പൂർണരൂപം വായിക്കാം: https://www.vanitha.in