‘വലിയ നടന്മാരെയൊന്നും കിട്ടാത്തതുകൊണ്ടായിരിക്കും എന്നെ വിളിച്ചത്. സലിം എനിക്കു കുറച്ച് പൈസ തന്നതുകൊണ്ടാണ് ഞാൻ ഇവിടെ വന്നത്. അദ്ദേഹത്തെപ്പറ്റി നല്ലകാര്യങ്ങള്‍ പറയണം. കുറേ പൊക്കിയടിക്കണം എന്നൊക്കെയാണ് എന്നോട് പറഞ്ഞത്. വളരെ നല്ല സുമുഖനും സുന്ദരനുമാണ് സലിം കുമാർ. പുക വലിക്കില്ല, മദ്യപിക്കില്ല, സിനിമ കാണില്ല അങ്ങനെ ഒരു ചീത്ത സ്വഭാവവും ഇല്ല. നാട്ടുകാർക്ക് ഒരുപാട് ഗുണംചെയ്യും. കിട്ടുന്ന കാശ് മുഴുവൻ നാട്ടുകാർക്ക് കൊടുക്കും. ഇങ്ങനെയുള്ള ആളാണ് സലിംകുമാർ.’ വാക്കുകളിൽ ചിരിയൊതുക്കി മമ്മൂട്ടി പറഞ്ഞപ്പോൾ കൂടിയിരുന്നവരും ചിരിച്ചുപോയി. സലിം കുമാറിന്റെ 50–ാം പിറന്നാൾ ആഘോഷവേളയുടെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. പിന്നാലെ സലീംകുമാറുമായുള്ള അടുപ്പത്തെക്കുറിച്ചും മമ്മൂട്ടി വാചാലനായി.
മമ്മൂട്ടിയും ദിലീപും കാവ്യാ മാധവനും പങ്കെടുത്ത ചടങ്ങ് ഏറെ ഹൃദ്യമായിരുന്നു. മമ്മൂട്ടിയ്ക്ക് സലിം കുമാറിന്റെ മറുപടി ഇങ്ങനെ. ‘അമേരിക്കയിൽ വച്ചാണ് ഞാനും മമ്മൂക്കയും തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. 2000 വർഷത്തിലാണ്. അന്ന് മമ്മൂക്കയെ പരിചയമില്ല. സുകുമാരി ചേച്ചി, വിനീത് ഇവരൊക്കെ കൂടെയുണ്ട്. പക്ഷേ പരിചയമില്ല. എന്റെ കല്യാണം കഴിഞ്ഞ സമയമാണ്. വല്ലാത്തൊരു അവസ്ഥ. പൈസ കിട്ടുന്നതു കൊണ്ടു മാത്രമാണ് ഞാൻ ആ പരിപാടിക്ക് പോയത്. ഈ പരിപാടി പൊളിയുമെന്ന് മമ്മൂക്കയ്ക്ക് ഉറപ്പായിരുന്നു. കാരണം പ്രധാന ആളുകളൊന്നുമില്ല. പക്ഷേ ആ പരിപാടി വലിയ വിജയമായി. കാരണം അന്ന് ആ പരിപാടിയിലെ പ്രധാന കോമഡിതാരം ഞാൻ ആയിരുന്നു. അന്നുതൊട്ടാണ് അദ്ദേഹവുമായുള്ള ബന്ധം തുടങ്ങുന്നത്. എന്റെ ഓരോ നീക്കത്തിലും മമ്മൂട്ടിയുടെ അനുഗ്രഹത്തോടെയാണ് ഞാന്‍ മുന്നോട്ടുപോയിട്ടുള്ളത്.’
‘കോളജിൽ എന്റെ ജൂനിയറായി പഠിച്ച ആളാണ് സലിം കുമാർ. കുടുംബാംഗങ്ങൾ മാത്രമേ ഉണ്ടാകൂ എന്നാണ് എന്നോട് പറഞ്ഞത്. ഇവിടെ വന്നപ്പോഴാണ് ഇത്ര വലിയ പരിപാടിയാണെന്ന് അറിയാൻ കഴിഞ്ഞത്. സലിമിന് 50 വയസ്സു തികയുന്നു. ഇനി അടുത്തത് 100 നമ്മൾ ആഘോഷിക്കും’ ദിലീപ് പറഞ്ഞു. സലിം കുമാറിന്റെ സൗഹൃദത്തെക്കുറിച്ച് രസകരമായ ഒരു സംഭവം ദിലീപ് ഒാർത്തെടുത്തു.
ഇനിയും ഒരുപാട് കൊല്ലം ഈ മണ്ണിൽ ജീവിക്കണം. എന്റെ നൂറ് വയസ്സ് ആഘോഷിക്കുമ്പോൾ ഇപ്പോൾ വന്നവരൊക്കെ അന്നും വന്ന് ഇങ്ങനെയിരിക്കണമെന്നും ആഗ്രഹമുണ്ടെന്നും സലിം കുമാർ പറഞ്ഞു.