anilradhakrishna-menon-interview

പാലക്കാട് ഗവൺമെന്റ് മെഡിക്കൽകോളജിൽ അനിൽ രാധാകൃഷ്ണമേനോന്റെയും ബിനീഷ് ബാസ്റ്റിന്റെയും പേരിൽ നടന്ന പ്രശ്നങ്ങൾ സോഷ്യൽമീഡിയയിൽ കത്തിപടർന്നിട്ട് രണ്ട് ദിവസം പിന്നിട്ടു. കേരളപിറവി ദിനത്തിൽ വൈറലായ സംഭവത്തെക്കുറിച്ച് അനിൽരാധാകൃഷ്ണ മേനോൻ മനോരമന്യൂസ് ഡോട്ട്കോമിനോട് സംസാരിക്കുന്നു.

 

ഞാൻ ജാതിയോ മതമോ അങ്ങനെയുള്ള വർഗീയമായ യാതൊരു പരാമർശവും നടത്തിയിട്ടില്ല. ബിനീഷിനെ മൂന്നാംകിട നടനെന്ന് വിളിച്ച് അധിക്ഷേപിച്ചിട്ടില്ല. സത്യാവസ്ഥ അറിയാതെ പലരും എന്നെയും ഭാര്യയേയും അമ്മയേയും കേട്ടാൽ അറയ്ക്കുന്ന തെറിവാക്കുകളാണ് വിളിച്ചത്. സംഭവത്തിന്റെ സത്യം എന്താണെന്ന് പോലും ആരും വിളിച്ചന്വേഷിച്ചില്ല. എന്നെ അറിയാവുന്ന ഏതാനും സുഹൃത്തുക്കൾ മാത്രമാണ് എനിക്ക് വേണ്ടി സംസാരിച്ചത്.

 

പാലക്കാട് കോളജിൽ നിന്നും വിദ്യാർഥികൾ ക്ഷണിക്കാൻ എത്തിയപ്പോൾ തന്നെ ഞാൻ പറഞ്ഞതാണ്. എനിക്കിത്തരം പരിപാടികളിൽ പോയി ശീലമില്ല. ഞാൻ അങ്ങനെ പോകാറില്ല. നിങ്ങൾ വേറെയാരെയെങ്കിലും അതിഥിയായി ക്ഷണിക്കൂ എന്ന്. എന്നെ വിളിക്കുന്ന സമയത്ത് അവർ ബിനീഷ് പങ്കെടുക്കുന്ന വിവരം പറഞ്ഞിരുന്നില്ല. വേറെ ആരെങ്കിലുമുണ്ടെങ്കിൽ വേദി പങ്കിടില്ല എന്ന് പറഞ്ഞത് ശരിയാണ്. മറ്റുള്ളവർ കരുതുന്നത് പോലെയല്ല വളരെയധികം സഭാകമ്പമുള്ള വ്യക്തിയാണ് ഞാൻ. മറ്റൊരാളുടെ ലൈംലൈറ്റിന്റെ ശ്രദ്ധ എന്റെമേൽ വരുന്നതിനോട് താൽപര്യമില്ലാത്തത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്. അത് അല്ലാതെ ജാതിയോ മതമോ ഒന്നും അവിടെ വിഷയമല്ല. 

 

പിറ്റേദിവസം മാത്രമാണ് വിദ്യാർഥികൾ ബിനീഷ് വരുന്ന വിവരം പറയുന്നത്. ബിനീഷുണ്ടല്ലോ പിന്നെ എന്റെ ആവശ്യമുണ്ടോയെന്ന് ചോദിച്ചു. അതല്ലാതെ വേദി പങ്കിടാൻ പറ്റില്ല എന്നല്ല പറഞ്ഞത്. കുറച്ചുകഴിഞ്ഞപ്പോൾ വിദ്യാർഥികൾ തന്നെയാണ് ബിനീഷിന്റെ പരിപാടി മാറ്റിവച്ചുവെന്ന് പറഞ്ഞ് വിളിച്ചത്. 

 

ബിനീഷ് സ്റ്റേജിലേക്ക് എത്തിയപ്പോൾ മാത്രമാണ് അദ്ദേഹം അവിടെയുണ്ടെന്ന് ഞാൻ അറിയുന്നത്. സ്റ്റേജിൽ കയറി വന്നതും ബിനീഷ് നിലത്തിരുന്നു. തുടർന്ന് കവിത വായിച്ചു. ആ കവിതയിൽ നിന്നാണ് മതം എന്ന വിഷയം വന്നത്. ഈ വിഡിയോ വൈറലായതോടെ സകല ആൾക്കാരും എന്നെ പഴിയ്ക്കാൻ തുടങ്ങി. എന്നെ മാത്രമല്ല ഭാര്യയേയും അമ്മയേയും എന്തിനേറെ പറയുന്നു വിദേശത്തുള്ള ബന്ധുക്കളെ പോലും വെറുതെവിട്ടില്ല. അവർക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചാണ് പലരും തെറി പറഞ്ഞത്. കേട്ടാൽ അറയ്ക്കുന്ന അസഭ്യങ്ങളാണ് പലരും സോഷ്യൽമീഡിയയിലൂടെ പറഞ്ഞത്. ഞാൻ ജാതി അധിക്ഷേപം നടത്തിയെന്ന് ബിനീഷ് പോലും പറഞ്ഞിട്ടില്ല. അപ്പോൾ പിന്നെ എന്നെ ഈ ചീത്ത പറഞ്ഞവർ എന്താണ് നേടിയത്. 

 

എന്റെ സിനിമയിൽ ചാൻസ് ചോദിച്ചെത്തിയ മൂന്നാംകിട നടനുമായി വേദി പങ്കിടില്ലെന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല. അത് എങ്ങനെയാണ് വന്നതെന്ന് എനിക്ക് അറിയില്ല. ശരിക്കും പറഞ്ഞാൽ ബിനീഷിന്റെ ഒരു സിനിമ കണ്ടിട്ട് ഞാനാണ് അങ്ങോട്ട് വിളിച്ച് സിനിമയിൽ സഹകരിക്കാമോയെന്ന് ചോദിച്ചത്. കുറേ ദിവസം ഞങ്ങൾ ഒപ്പമുണ്ടായിരുന്നു. അന്ന് എന്നെക്കുറിച്ച് വളരെ മാന്യമായിട്ടാണ് ബിനീഷ് സംസാരിച്ചത്. 

 

ഫെഫ്ക എന്ന വിളിച്ച് ശാസിച്ചു എന്നൊക്കെ ചില പോർട്ടലുകളിൽ കണ്ടു. എന്നെ അവരാരും വിളിച്ച് ശാസിച്ചിട്ടില്ല. ബി.ഉണ്ണികൃഷ്ണനും രൺജിപണിക്കരും വിളിച്ചിട്ട് എന്താണ് സംഭവമെന്ന് ചോദിച്ചു. അതൊന്ന് അവർക്ക് വിശദമായി എഴുതി നൽകാൻ പറഞ്ഞു. അതിനപ്പുറത്തേക്ക് യാതൊന്നും സംഭവിച്ചിട്ടില്ല.