jose-thomas

തന്റെ പേരിൽ പ്രചരിക്കുന്ന മരണവാര്‍ത്തയിലെ വ്യക്തി താനല്ലെന്ന് സംവിധായകൻ ജോസ് തോമസ്. കിളിമാനൂരിന് സമീപം നടന്ന വാഹനാപകടത്തില്‍ മാധ്യമപ്രവർത്തകനും നാടക, ചലച്ചിത്ര പ്രവര്‍ത്തകനുമായ ജോസ് തോമസ് എന്നു പേരുള്ളയാള്‍ അന്തരിച്ചിരുന്നു. ഇദ്ദേഹത്തെയാണ് സംവിധായകൻ ജോസ് തോമസായി ചിലർ തെറ്റിദ്ധരിച്ചത്. ഇതേത്തുടർന്ന് ഫെയ്സ്ബുക്ക് ലൈവിലെത്തി സംവിധായകൻ ജോസ് തോമസ് കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു. അടിവാരം, മാട്ടുപ്പെട്ടി മച്ചാന്‍, മീനാക്ഷി കല്യാണം, ഉദയപുരം സുല്‍ത്താന്‍ മായാമോഹിനി, ശൃംഗാരവേലന്‍, സ്വര്‍ണക്കടുവ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജോസ് തോമസ്. 

ജോസ് തോമസിന്റെ വാക്കുകൾ. 

''ഇന്ന് രാവിലെ ടെലിവിഷന്‍ ചാനലുകളില്‍ ജോസ് തോമസ് എന്നൊരാള്‍ വാഹനാപകടത്തില്‍ മരിച്ചതായി കണ്ടു. ഇത് അറിഞ്ഞതും എന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും സങ്കടത്തോടെ എന്നെയും എന്റെ വീട്ടുകാരെയും വിളിച്ചു. എന്റെ സഹോദരങ്ങള്‍ പോലും ഞെട്ടിപ്പോയി. ഈ വാര്‍ത്ത അറിഞ്ഞിട്ടും ഭയപ്പെട്ട് വിളിക്കാതിരിക്കുന്ന ആളുകള്‍ക്കാണ് ഈ വിഡിയോ. ചലച്ചിത്ര പ്രവര്‍ത്തകനും ഏഷ്യാനെറ്റിലെ ഉദ്യോഗസ്ഥനുമായ ജോസ് തോമസാണ് മരിച്ചത്. എന്റെ സമപ്രായക്കാരനാണ് അദ്ദേഹവും. എനിക്ക് അടുത്തറിയാവുന്ന ആളുമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. സംശയിക്കേണ്ട, ഭയപ്പെടേണ്ട ഞാന്‍ നിങ്ങളുടെ കൂടെ ഉണ്ട്''.