മലയാളസിനിമയുടെ അഭിനയകുലപതി മമ്മൂട്ടിയുടെ മാമാങ്കം മേക്കോവറാണ് സമൂഹമാധ്യമങ്ങളിൽ തരംഗം. ചുവന്ന പൊട്ടും നീണ്ട മുടിയുമായി സ്ത്രൈണഭാവത്തിലെത്തുന്ന മഹാനടന്റെ ചിത്രം അന്യഭാഷകളിലെ താരങ്ങളെയും ഞെട്ടിച്ചു കഴിഞ്ഞു.
എന്നാൽ മമ്മൂട്ടി ഇതാദ്യമല്ല സിനിമയിൽ പെൺവേഷം അവതരിപ്പിക്കുന്നത്. മീശയില്ലാതെ കണ്ണാടിവച്ച മമ്മൂട്ടിയുടെ മറ്റൊരു പെൺ ഗെറ്റപ്പും ഇതിനോടൊപ്പം വൈറലാകുന്നുണ്ട്.
പൊട്ടുതൊട്ട് നീണ്ട മുടിയോടുകൂടിയായിരുന്നു മമ്മൂട്ടിയുടെ ലുക്ക്. പഴയ സിനിമാലൊക്കേഷനിൽ നിന്നുള്ള സ്റ്റിൽ ഫോട്ടോ ആണിത്. 1983ൽ റിലീസ് െചയ്ത ഒന്നു ചിരിക്കൂ എന്ന സിനിമയിലാണ് പെൺവേഷത്തിൽ മമ്മൂട്ടി എത്തിയത്. പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം സ്വപ്ന, ജലജ, അടൂർഭാസി, ഉമ്മർ, സുകുമാരി തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയിരുന്നു.
36 വര്‍ഷം മുമ്പ് ചെയ്ത പെൺവേഷത്തേക്കാളും സുന്ദരമാണ് ഇപ്പോള്‍ ഇറങ്ങിയിരിക്കുന്ന പെൺവേഷമെന്നാണ് ആരാധകരുള്‍പ്പെടെ കമന്‍റ് ചെയ്തിരിക്കുന്നത്. ഡിസംബർ 12ന് തീയറ്ററുകളിലെത്തുന്ന മാമാങ്കം സിനിമയിലെ നാല് ഗെറ്റപ്പുകളിൽ ഒന്നാണിത്. ഇതുവരെ മൂന്ന് ഗെറ്റപ്പുകളാണ് മമ്മൂട്ടിയുടേതായി പുറത്തുവന്നിരിക്കുന്നത്.