nayanthara-about-love

സാരിയിൽ അതീവ സുന്ദരിയായി എത്തുന്ന നയൻതാരയുടെ ചിത്രങ്ങൾ രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇപ്പോഴിതാ വേദിയിൽ താരം നടത്തിയ തുറന്നുപറച്ചിലും ചർച്ചയാവുകയാണ്. കാമുകൻ വിഘ്നേശ് ശിവനുമായുള്ള പ്രണയത്തെക്കുറിച്ചാണ് നയൻതാര ആദ്യമായി മനസ് തുറന്നിരിക്കുന്നത്. താൻ ഇപ്പോൾ വളരെ സന്തോഷത്തിലാണെന്നും അതു തന്റെ മുഖത്തു നിങ്ങൾക്കിപ്പോൾ കാണാനാവുന്നുണ്ടെന്നു കരുതുന്നതായും നയൻതാര പറഞ്ഞു. 

‘ജീവിതത്തിൽ ഒരാൾക്ക് വേണ്ടത് മനഃസമാധാനമാണ്. അത് എനിക്കിപ്പോഴുണ്ട്. കുടുംബത്തിൽ സമാധാനമുണ്ട്. മനസിനു സമാധാനമുണ്ട്. ആ സമാധാനം നിങ്ങൾക്കു തരുന്നത് അച്ഛനോ അമ്മയോ ആകാം, ഭാര്യയാകാം, ഭർത്താവാകാം, ചിലപ്പോൾ നിങ്ങൾ വിവാഹം കഴിക്കാൻ പോകുന്നയാളാകാം. എന്റെ സ്വപ്നങ്ങൾ അയാളുടെ സ്വപ്നങ്ങളായി കണ്ട്, അതിനുവേണ്ട പിന്തുണ നൽകി കൂടെ നിൽക്കുന്നത് വളരെ സന്തോഷമായ കാര്യമാണ്. അതാണ് എന്റെ സന്തോഷവും’. വിഘ്നേശിന്റെ പേരെടുത്തു പറയാതെ നയൻതാര പറഞ്ഞു.

nayanthara-beauty

വിശ്വാസത്തിലെയും ബിഗിലിലെയും പ്രകടനത്തിന് ആരാധകരുടെ പ്രിയ നടിക്കുള്ള പുരസ്കാരവും ശ്രീദേവി പുരസ്കാരവുമാണ് നടിയെ തേടി എത്തിയത്. ചലച്ചിത്ര മേഖലയിലെ പ്രചോദനമേകുന്ന സ്ത്രീക്കു നൽകുന്ന പുരസ്കാരമാണ് ശ്രീദേവി പുരസ്കാരം. താൻ അതീവസന്തോഷത്തിലാണെന്നും 2020ന്റെ തുടക്കത്തിൽ തന്നെ രണ്ട് പുരസ്കാരങ്ങൾ കരസ്ഥമാക്കാനായതിൽ സന്തോഷമുണ്ടെന്നും നടി ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ കുറിച്ചിരിക്കുന്നു. എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കാനും നടി മറന്നില്ല.