കേരളം ഇതുവരെ നേരിൽ കാണാത്ത കാഴ്ചകൾക്ക് സാക്ഷ്യം വഹിക്കുകയാണ്. ഇതൊന്നും ഒരിക്കലും ഇവിടെ നടക്കില്ല എന്ന് പറഞ്ഞവർ ഇപ്പോൾ തലതാഴ്ത്തുന്നു. കൊച്ചി മരടിൽ വർഷങ്ങളെടുത്ത് കെട്ടിപ്പൊക്കിയ പടുകൂറ്റൻ കെട്ടിടങ്ങൾ സെക്കൻഡുകൾ കൊണ്ട് തരിപ്പണമാകുന്ന കാഴ്ച. എന്നാൽ വർഷങ്ങൾക്ക് മുൻപ് കൃത്യമായി പറഞ്ഞാൽ 2013ൽ ഇൗ കാഴ്ച ഒരു സംവിധായകൻ മലയാളികൾക്ക് വേണ്ടി ഒരുക്കിയിരുന്നു. നാടോടി മന്നൻ എന്ന സിനിമയിൽ വിജി തമ്പി എന്ന സംവിധായകൻ അന്ന് ഭാവനയിൽ മെനഞ്ഞ കാര്യങ്ങൾ ഇന്ന് കൺമുന്നിൽ സംഭവിച്ചു. ഇതേ കുറിച്ച് അദ്ദേഹം മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറയുന്നു.
‘താൻ ഇതെന്ത് ക്ലൈമാക്സാടോ ഒരുക്കിയത്. ജനം വിശ്വസിക്കേണ്ട. ഇതൊക്കെ നടക്കുന്ന കാര്യമാണോ.. അത്ര വലിയ കെട്ടിടം ഒക്കെ നിമിഷങ്ങൾ കൊണ്ട് പൊളിഞ്ഞുവീഴുന്നു. അതും മറ്റൊന്നിനും കേടുപാടുകൾ വരാതെ..’ ഇങ്ങനെ കുറേ വിമർശനങ്ങളാണ് അന്ന് എനിക്ക് ലഭിച്ചതാണ്. സിനിമാക്കാരായ സുഹൃത്തുക്കളടക്കം അന്ന് എന്നെ കുറ്റം പറഞ്ഞു. എന്നാൽ ഇന്ന് ടിവിയിൽ ഇൗ ദൃശ്യങ്ങൾ കണ്ടപ്പോൾ അന്ന് ഗ്രാഫിക്സിന്റെ സഹായത്തോടെ ചെയ്ത അതേ കാര്യങ്ങൾ യഥാർഥ്യത്തിൽ കൺമുന്നിൽ കാണുന്ന പോലെ തോന്നി. ഒരു കലാകാരൻ എന്ന നിലയിൽ അഭിമാനം നൽകുന്ന നിമിഷമാണിത്.
ആദ്യം സിനിമയുടെ ക്ലൈമാക്സ് ഇങ്ങനെയായിരുന്നില്ല പ്ലാൻ ചെയ്തത്. പിന്നീടാണ് ഇത്തരമൊരു ചിന്ത എത്തുന്നത്. ഇങ്ങനെ കെട്ടിടം പൊളിക്കുന്ന ഒരു വിഡിയോ എവിടെയോ കണ്ടിരുന്നു. പിന്നെ അതേ കുറിച്ച് അന്വേഷിച്ചു. സ്പെയിനിലെ ഒരു കമ്പനിയുമായി ബന്ധപ്പെട്ടാണ് ഇതേ കുറിച്ച് കൂടുതൽ കാര്യങ്ങൾ അന്ന് മനസിലാക്കിയത്. ഭിത്തി തുളച്ച് ബോംബ് സ്ഥാപിക്കുന്ന രീതി. അതിനെ കറുത്ത തുണി കൊണ്ട് മൂടുന്നത്. പൊടി ഉയരാതിരിക്കാനുള്ള ഒരുക്കങ്ങൾ ഇതെല്ലാം കമ്പനി അധികൃതരിൽ നിന്നും ചോദിച്ച് മനസിലാക്കി. പിന്നീടാണ് സ്്ക്രിപ്റ്റ് ഒരുക്കിയത്.
ഏകദേശം ഒരു വർഷത്തോളം സമയമെടുത്തു ഇതിനെ സാക്ഷാത്കരിക്കാൻ. മദ്രാസിൽ പോയിട്ടാണ് ഇൗ ഗ്രാഫിക്സ് ഒരുക്കിയത്. അന്ന് ഭാവനയിൽ കണ്ടപോലെ തന്നെ ഗ്രാഫിക്സ് സഹായത്തോടെ ചിത്രമൊരുക്കി. ദിലീപ് തന്ന പിന്തുണ വളരെ വലുതായിരുന്നു. ഇൗ ക്ലൈമാക്സിനെ കുറിച്ച് അദ്ദേഹത്തെ പറഞ്ഞ് മനസിലാക്കാൻ സാധിച്ചിരുന്നു. വിദേശികളെ എത്തിച്ചാണ് ആ രംഗം ഷൂട്ട് ചെയ്തത്. ഇന്ന് അതുപോലെ സംഭവിച്ചിരിക്കുന്നു.
കൈക്കൂലി നൽകി അഴിമതിയിലൂടെ കെട്ടിപ്പൊക്കിയ സിനിമയിലെ ഭീമൻ കെട്ടിടം തിരുവനന്തപുരത്തായിരുന്നെങ്കിൽ ഇത് കൊച്ചിയിൽ. അന്ന് ഭാവനയിൽ തോന്നി കാര്യങ്ങളിൽ സിനിമ ചെയ്തു. ഇന്ന് അതേ പോലെ കെട്ടിടങ്ങൾ പൊളിഞ്ഞുവീഴുന്നത് കാണുന്നു. ബോംബ് സ്ഥാപിച്ചവരുടെ േവഷവും കെട്ടിടം മറച്ച കറുത്ത തുണി പോലും ഇന്ന് യഥാർഥത്തിൽ കൺമുന്നിൽ. ഒരു സംവിധായകൻ എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു. സന്തോഷിക്കുന്നു. ഇപ്പോഴും നാടോടി മന്നൻ ഫെയ്സ്ബുക്ക് വാളുകളിൽ നിറയുന്നതിൽ സന്തോഷം. അതേ സമയം ഫ്ലാറ്റ് വിട്ടൊഴിയുന്നവരുടെ കണ്ണീർ. അതോർക്കുമ്പോൾ വല്ലാതെ വേദനയും സമ്മാനിക്കുന്നു ഇൗ കാഴ്ച.’ വിജി തമ്പി പറഞ്ഞു.