മണവാളനും രമണനും അടക്കിവാണ ട്രോൾ ലോകത്ത് കിരീടം വച്ച രാജാവാണ് ദശമൂലം ദാമു. ട്രോളുകളിലും സോഷ്യൽ ലോകത്തും വർഷങ്ങൾ കഴിഞ്ഞിട്ടും ദാമുവിന് വെല്ലുവിളികളില്ല. ജനകീയമായ ഇൗ കഥാപാത്രത്തെ നായകനാക്കി ഒരു സിനിമ എത്തുമെന്ന് മുൻപ് പ്രഖ്യാപനമുണ്ടായിരുന്നു. ഇപ്പോഴിതാ അക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം.
ദശമൂലം ദാമുവിന് തിരക്കഥ ഒരുക്കാൻ അനുവാദം ചോദിച്ച് തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരന്‍ ബെന്നിയെ സമീപിച്ചിരുന്നു. എന്നാൽ ആ സിനിമ തനിക്ക് തന്നെ എഴുതണമെന്ന മറുപടിയാണ് ബെന്നി ശ്യാമിന് നൽകിയത്. സിനിമാ പാരഡൈസോ ക്ലബ്ബിന്റെ സിനിമാ അവാര്‍ഡ് വിതരണചടങ്ങിലായിരുന്നു ശ്യാം പുഷ്‌ക്കരന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ബെന്നി.പി. നായരമ്പലം എഴുതിയ ചട്ടമ്പിനാടിലാണ് സുരാജ് വെഞ്ഞാറമൂടാണ് ദശമൂലം ദാമുവായെത്തിയത്. സിനിമ സംവിധാനം ചെയ്ത ഷാഫി തന്നെ ദശമൂലം ദാമു വീണ്ടും വരുമെന്ന് പ്രഖ്യാപിച്ചിരുന്നു.