മോഡലിങ്ങ് എന്നാല്‍ സൈസ് സീറോയും വെളുപ്പും ആണെന്നുള്ള സങ്കല്‍പ്പത്തെ തച്ചുടക്കുകയാണ് വര്‍ഷിത തടവര്‍ത്തി എന്ന ഈ ഇരുപത്തിയഞ്ചുകാരി. മനസില്‍ കൊരുത്ത മോഡലിങ്ങ് എന്ന അവളുടെ ആഗ്രഹത്തിലേക്ക് എത്തിച്ചേരാന്‍ കാത്തിരിക്കേണ്ടി വന്നത് വര്‍ഷങ്ങളോളം. അവഗണനകള്‍ക്കും അവഹേളനങ്ങള്‍ക്കും നടുവിലൂടെ ചുവടുകള്‍ മാറ്റി മാറ്റി പരീക്ഷിച്ചു. അവസാനം സബ്യസാചി മുഖര്‍ജിയുടെ സൂപ്പര്‍ മോഡലായി അരങ്ങേറ്റം.
ശരീര വണ്ണത്തിന്റേയും നിറത്തിന്റേയും പേരില്‍ അഞ്ച് വര്‍ഷത്തോളം സിനിമാ മോഡലിങ്ങ് രംഗം വര്ഷിതക്ക് ഭ്രഷ്ട് കല്പ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വനിതാ ദിനത്തില്‍ സബ്യാസാചിയുടെ സൂപ്പര്‍ മോഡലായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തടി കുറച്ച് നിറം കൂട്ടി വരാന്‍ പറഞ്ഞ എല്ലാവരോടുമുള്ള മധുരപ്രതികാരം കൂടിയായി വര്‍ഷിതയ്ക്ക്. 2018 ല്‍ സബ്യസാചിയെ കണ്ടുമുട്ടുന്നതിലൂടെയാണ് വര്‍ഷിതയുടെ ജീവിതം മാറുന്നത്.
ചെന്നൈയിലെ താജ് കോറമാന്‍ഡലില്‍ നടക്കുന്ന സബ്യസാചിയുടെ ഡിസൈനര്‍ ജുവല്ലറി എക്സിബിഷനില്‍ എത്തിയതായിരുന്നു വര്‍ഷിത. അദ്ദേഹത്തിന്റെ വര്‍ക്കുകളെ ഏറെ ഇഷ്ടപ്പെടുന്നതിനാല് തന്നെ അപ്പോയിന്മെന്റ് എടുത്ത് നേരില്‍ക്കണ്ട് സംസാരിച്ചുപിരിഞ്ഞു. രണ്ട് മാസങ്ങള്‍ക്ക് ശേഷം കൊല്‍ക്കത്തയില്‍ വന്ന് റാംപ് ടെസ്റ്റ് നടത്താന്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് വിളിവരുന്നു.
അങ്ങനെ വര്‍ഷിതയും മോഡലിങ്ങിലേക്ക് കാറ്റ് വാക്ക് ചെയ്തു. സൗന്ദര്യത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകളെ ഉടച്ചുവാര്ക്കണമെങ്കില് അസാമാന്യമായ ക്ഷമയും കരുത്തും വേണമെന്നും വര്‍ഷിത പറയുന്നു. ഇന്ത്യന്‍ മോഡല്‍ രംഗത്ത് വലിയ ചലനം സൃഷ്ടിച്ചുകൊണ്ട് തന്നെയാണ് റാംപിലേക്ക് വര്‍ഷിത ചുവടുറപ്പിക്കുന്നത്.