rajan-dev

നടന്‍ രാജന്‍ പി.ദേവിന്റെ ഓര്‍മകള്‍ക്ക് ഇന്ന് പതിനൊന്ന് വയസ്. അരങ്ങിലെ കരുത്ത് സിനിമയിലും തുടര്‍ന്ന് അഭിനേതാവായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം പിറന്ന കൊച്ചുമകള്‍ക്കൊപ്പമാണ് കുടുംബം അദ്ദേഹത്തെ ഓര്‍ക്കുന്നത്. 

നാടകമാണ് തറവാടെന്ന് വിശ്വസിച്ച നടന്‍. സിനിമ ബംഗ്ലാവായിരുന്നു അദ്ദേഹത്തിന്. ബംഗ്ലാവിന്റെ പത്രാസില്‍ക്കഴിയുമ്പോഴും തറവാടുപേക്ഷിക്കാന്‍ തയ്യാറല്ലെന്ന് തുറന്നുപറഞ്ഞ രാജന്‍ പി. ദേവ്.  കൊച്ചുവാവയും ഉണ്ണിത്തമ്പുരാനും വേതാളം പൈലിയുമൊക്കെ ഉല്‍സവപ്പറമ്പുകളില്‍ ആവേശത്തിന്റെ 

അരങ്ങുകണ്ടതിനുപിന്നില്‍ ആ മഹാപ്രതിഭയുടെ സമര്‍പ്പണവുമുണ്ടായിരുന്നു. കൊച്ചുവാവയെന്ന വൃദ്ധനെ അവതരിപ്പിക്കുമ്പോള്‍ വെറും 25 വയസായിരുന്നു പ്രായം. 

ഇന്ദ്രജാലത്തിലെ കാര്‍ലോസാണ് രാജന്‍ പി.ദേവിനെ സിനിമയിലേക്ക് ആനയിച്ചത്. നായകനുനേരെ ചീറിപ്പാഞ്ഞുവന്ന് തോല്‍വിയേറ്റുവാങ്ങുന്ന പതിവുവില്ലനായിരുന്നില്ല രാജന്‍ പി.ദേവിന്റെ കഥാപാത്രങ്ങള്‍. മുഖത്ത് ഭയത്തിന്റെ ഇടവേളകളില്‍ ഹാസ്യവും വീരവും ശൃംഗാരവുമൊക്കെ അനായാസം കടന്നുപോകുന്നത് അതുവരെയുള്ള സിനിമയ്ക്ക് പുതിയഅനുഭവമായിരുന്നു.

രാജന്‍ പി.ദേവിനെ പിന്തുടര്‍ന്ന് മക്കളായ ‍ജൂബിലും ഉണ്ണിയും സിനിമയിലെത്തി. ഇത്തവണ ഡാഡിച്ചന്റെ ഓര്‍മദിനത്തില്‍ കുടുംബത്തില്‍ മറ്റൊരാള്‍കൂടിയുണ്ട്. മലയാളത്തിനുപുറമെ തെലുങ്കിലും തമിഴിലുമൊക്കെ കാട്ടുകുതിരയ്ക്ക് സമാനമായ കരുത്തിന്റെ കുളമ്പടി ശബ്ദം കേള്‍പ്പിച്ചാണ് രാജന്‍ പി. ദേവ് മടങ്ങിയത്. തൊമ്മന്‍ പോയി, മക്കള്‍ അനാഥരായി എന്നാണ് തൊമ്മനും മക്കളിലും മകനായി അഭിനയിച്ച മമ്മൂട്ടി, രാജന്‍ പി ദേവിന്റെ വേര്‍പാടുനേരം അനുസ്മരിച്ചത്. 

മക്കള്‍മാത്രമല്ല, അദ്ദേഹത്തിന്റെ സിംഹാസനവും അനാഥമായിക്കിടക്കുന്നു.