riyaz-khan-new

‘ചെറ്റക്കണ്ടി വസന്തയുടെ പല്ല് മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി നിങ്ങൾ നൽകിയത്, 17 മണിക്കൂറിൽ 3 കോടി 45 ലക്ഷത്തി 391 രൂപ 39 പൈസ. എല്ലാവർക്കും നന്ദി. നൻമ മരം സുരേഷ് കോടാലിപ്പറമ്പൻ.’ ശൊ, ഞാനെന്താ പറയുക.. കാലം കാത്തുവച്ച നിധിയാണ് ഈ സുരേഷ് കോടാലിപ്പറമ്പൻ...’ അതേ മണിക്കൂറുകൾ കൊണ്ട് പതിനായിരത്തിലേറെ ലൈക്ക് നേടി തരംഗമാവുകയാണ് റിയാസ്ഖാന്റെ പുതിയ പോസ്റ്റ്. എന്താ കഥയെന്ന് ചിന്തിക്കുന്നവരോട് റിയാസ് മനോരമ ന്യൂസ് ഡോട്ടോകോമിനോട് പറയുന്നു.

‘അതേ, ഇതൊരു മായക്കൊട്ടാരമാണ്. ഞാൻ നായകനായി എത്തുന്ന പുതിയ സിനിമ. പൂർണമായും ആക്ഷേപഹാസ്യത്തിൽ ഒരുക്കുന്ന ചിരി ചിത്രം. ഓൺലൈൻ ചാരിറ്റി പ്രവർത്തകനായ സുരേഷ് കോടാലിപ്പറമ്പന്റെ ജീവിതമാണ് സിനിമയുടെ കഥ. അത് ഞാനാണ്. എന്തിനും ഏതിനും ലൈവ് വിഡിയോ ചെയ്യുന്ന നൻമ മരമാകാൻ ശ്രമിക്കുന്ന ഒരാളുടെ ജീവിതത്തിൽ പറ്റുന്ന അബദ്ധങ്ങളാണ് സിനിമയിൽ പറയുന്നത്. ഓരോ സീനിലും ചിരി തന്നെയാണ് മായക്കൊട്ടാരത്തിൽ നിറയുന്നത്. എല്ലാവരും ഒപ്പമുണ്ടാകണം. ഇതൊരു സ്പൂഫാണ്. അതിനെ അങ്ങനെ തന്നെ കാണണം’ റിയാസ് മനോരമ ന്യൂസ് ഡോട്ടോകോമിനോട് പറഞ്ഞു. 

കെ.എൻ ബൈജുവാണ് സിനിമയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ഒട്ടേറെ സീരിയലുകളും ഒരു തമിഴ് ചിത്രവും ഇദ്ദേഹം ചെയ്തിട്ടുണ്ട്. ഓൺലൈൻ ചാരിറ്റിയുടെ ഇക്കാലത്ത് തട്ടിപ്പുകാരും ഏറെയുണ്ട്. അങ്ങനെ തട്ടിപ്പിലൂടെ മുന്നോട്ടുപോകാൻ ശ്രമിക്കുന്ന ചില നൻമ മരങ്ങൾക്കുള്ള മറുപടി കൂടിയാണ് മായക്കൊട്ടാരം എന്ന സിനിമ. ചാരിറ്റിയെ ആ അർഥത്തിൽ കാണുന്നവരോട് അങ്ങേയറ്റത്തെ ബഹുമാനമാണ്. ഇത് ചിരിക്കായി ഒരുക്കുന്ന ചിത്രമാണ്. പൂർണമായും ആക്ഷേപഹാസ്യമാണ് ലക്ഷ്യം. ഇൗ മാസം 15ന് ഷൂട്ടിങ് ആരംഭിക്കും. ബൈജു പറയുന്നു.