ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിനുള്ള നാമനിര്‍ദേശ പട്ടികയില്‍ 42 നോമിനേഷനുമായി നെറ്റ്ഫ്ലിക്സിന്റെ സമ്പൂര്‍ണ ആധിപത്യം. സിനിമ വിഭാഗത്തില്‍ മാങ്കും, സീരീസ് വിഭാഗത്തില്‍ ദി ക്രൗണും കൂടുതല്‍ നാമനിര്‍േദശങ്ങള്‍ സ്വന്തമാക്കി. ഇന്ത്യന്‍ നടന്‍ ദേവ് പട്ടേലിന് മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ മികച്ച നടനുള്ള നാമനിര്‍ദേശം ലഭിച്ചു. ഫെബ്രുവരി 28നാണ് പുരസ്കാര പ്രഖ്യാപനം.
ആറു നാമനിര്‍ദേശങ്ങള്‍ വീതം നേടിയാണ് നെറ്റ്ഫ്ലിക്സ് സീരീസ് ദി ക്രൗണും ചിത്രം മാങ്കും ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരവേദിയിലേയ്ക്ക് വരുന്നത്. ഓസ്കര്‍ പുരസ്കാര ജേതാവ് ഗാരി ഓള്‍ഡ്മാന്‍ നായകനായ തിരക്കഥാകൃത്ത് ഹെര്‍മന്‍ മാന്‍കീവീസിന്റെ ജീവിതം പറയുന്ന ചിത്രമാണ് മാങ്ക് . നെറ്റ്ഫ്ലിക്സിന്റെ തന്നെ ദി ട്രയല്‍ ഓഫ് ഷിക്കാഗോ 7 മികച്ച സിനിമയാകാന്‍ ഒപ്പം മല്‍സരിക്കുന്നുണ്ട്. ദി ക്രൗണില്‍ എലിബസബത്ത് രാജ്ഞിയായി വേഷമിട്ട ഓലീവ കോള്‍മാന്‍, ഡയാന രാജകുമാരിയായ എമ്മ കോറിന്‍ എന്നിവര്‍ക്കും നാമനിര്‍ദേസം നേടാനായി.
കനേഡിയന്‍ സീരീസ് ഷിറ്റ്സ് ക്രീക്ക് അഞ്ചുനോമിനേഷനുകളുമായി ക്രൗണിന് തൊട്ടുപിന്നില്‍. നെറ്റ്ഫ്ലിക്സിന്റെ തന്നെ ഒസാര്‍ക്, റാച്ചഡ്, ഡിസ്നിയുടെ ദി മാന്‍ഡലോറിയന്‍ എന്നിവയും പ്രേക്ഷകപ്രീതിക്കൊപ്പം ഗോള്‍ഡന്‍ ഗ്ലോബ് ശില്‍പത്തിനായി മല്‍സരിക്കുന്നു.
ദി പേഴ്സനല്‍ ഹിസ്റ്ററി ഓഫ് ഡേവിഡ് കോപ്പര്‍ഫീല്‍ഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ദേവ് പട്ടേലിന് നാമനിര്‍ദേശം നേടാനായത്. എച്ച് ബി ഒയുടെ അന്‍ഡൂയിങ്, നെറ്റ്ഫ്ലിക്സിന്റെ ക്യൂന്‍സ് ഗാംബിറ്റ്, അണ്‍ ഓര്‍ത്തഡോക്സ് അമസോണിന്റെ സ്മോള്‍ ആക്സ് എന്നിവയാണ് ലിമിറ്റഡ് സീരീസ് വിഭാഗത്തില്‍ മല്‍സരിക്കുക.