‘ഹായ്, പിഷാരടി, നിങ്ങൾ നമ്മുടെ മഹാ സംസ്കാരത്തെ കൊഞ്ഞനം കാട്ടുകയാണ്..’ രമേശ് പിഷാരടി ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രത്തിന്റെ തലക്കെട്ടിനെ വിമർശിച്ച് ബിജെപി ദേശീയ നേതാവ് എ.പി. അബ്ദുള്ളക്കുട്ടി കമന്റായി പങ്കുവച്ച വാചകമാണിത്. പാറക്കെട്ടിൽ കണ്ണുകളടച്ച് ചമ്രം പടിഞ്ഞിരിക്കുന്ന ചിത്രത്തിന് 'മടിറ്റേഷൻ' എന്നൊരു ക്യാപ്ഷൻ നൽകിയതാണ് അബ്ദുള്ളക്കുട്ടിയെ െചാടിപ്പിച്ചത്.
ഇതോടെ പിഷാരടിയുടെ ചിത്രത്തിനൊപ്പം അബ്ദുള്ളക്കുട്ടിയുടെ കമന്റും ഏറെ ചർച്ചയായി. അബ്ദുള്ളക്കുട്ടി തന്നെയാണോ ഈ പ്രതികരണം നടത്തിയത് എന്ന സംശയവും ഉയർന്നു. ഇതിന് പിന്നാലെ വിഷയത്തെക്കുറിച്ച് അബ്ദുള്ളക്കുട്ടി മനോരമ ഓൺലൈനിനോട് പ്രതികരിച്ചതിങ്ങനെ:
‘മഹാസംസ്കാരത്തെ കൊഞ്ഞനം കാട്ടരുത് എന്നാണ് ഞാൻ പറഞ്ഞത്. അത് തമാശയല്ല, സീരിയസ് ആയി പറഞ്ഞതാണ്. ഞാൻ തന്നെ എഴുതിയതുമാണ്. മെഡിറ്റേഷനെ 'മടിറ്റേഷൻ' എന്നു പറയുന്നത് ഭയങ്കര തെറ്റാണ്. അതു കളിയാക്കലാണ്. മെഡിറ്റേഷൻ നമ്മുടെ ഇതിഹാസങ്ങളിൽ നിന്നും വേദങ്ങളിൽ നിന്നുമൊക്കെ ഉണ്ടായിട്ടുള്ള മഹത്തായ ഒന്നാണ്. അതിനെ 'മടിറ്റേഷൻ' എന്നു പറയുന്നത് ശരിയല്ല എന്നതുകൊണ്ടാണ് ഞാൻ അങ്ങനെ എഴുതിയത്.’ അബ്ദുള്ളക്കുട്ടി പറയുന്നു.