kangana-tweet-oscar

ഹോളിവുഡ് നടി മെറിൽ സ്ട്രീപ്പിന്റെ അഭിനയവുമായി താരതമ്യം ചെയ്ത കങ്കണ റണൗട്ടിനെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നിറയുകാണ്. ഈ ലോകത്തില്‍ തന്നേക്കാൾ റേഞ്ചുള്ള മറ്റൊരു നടി ഇല്ലെന്നായിരുന്നു നടിയുടെ പ്രസ്താവന. മെറിൽ സ്ട്രീപ്പിനു ലഭിച്ച ഓസ്കര്‍ പുരസ്കാരങ്ങളെ ചൂണ്ടിക്കാട്ടി വിമർശകർ കങ്കണയ്ക്കു നേരെ എത്തി. ഈ വിമര്‍ശനത്തിനു കങ്കണ നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.

‘എനിക്ക് എത്ര ഓസ്കർ ലഭിച്ചിട്ടുണ്ടെന്ന് ചോദിക്കുന്നവരോട്, എനിക്കും ഒരു ചോദ്യം ചോദിക്കാനുണ്ട്. എത്ര ദേശീയ, പത്മ പുരസ്കാരം മെറിൽ സ്ട്രീപ്പിനു ലഭിച്ചിട്ടുണ്ട്. ഒരെണ്ണം പോലുമില്ല. ഇതുനിങ്ങളുടെ മാനസികനിലയാണ് സൂചിപ്പിക്കുന്നത്. ആത്മാഭിമാനം സ്വയം കണ്ടെത്തി നന്നാകാൻ നോക്കൂ.’–കങ്കണ ട്വീറ്റ് ചെയ്തു. കങ്കണ ഇത് കാര്യമായാണോ അതോ തമാശയ്ക്കു പറയുന്നതാണോ എന്ന ആശയക്കുഴപ്പത്തിലാണ് വിമർശകരും. ഇത്രയും ബുദ്ധിയും ബോധവുമുളള നടിക്ക് പെട്ടന്ന് എന്തുസംഭവിച്ചു എന്ന ആശങ്കയിലാണ് പ്രേക്ഷകരും.

ഒരു നടിയെന്ന നിലയിൽ തന്നെക്കാൾ ബുദ്ധിയും അഭിനയശേഷിയും ഉള്ള നടിമാർ ഈ ഗ്രഹത്തിൽ ഉണ്ടെങ്കിൽ അവരുമായി ഒരു തുറന്ന സംവാദത്തിന് തയാറാണെന്നും അവരുടെ കഴിവ് തെളിയിക്കുവാൻ സാധിച്ചാൽ തന്റെ അഹങ്കാരം ഉപേക്ഷിക്കുമെന്നുമായിരുന്നു നടിയുടെ ആദ്യ ട്വീറ്റ്. ഇതേതുടർന്ന് മലയാളികൾ അടക്കമുള്ളവർ നടിയുടെ ട്വീറ്റിൽ ട്രോളുമായി എത്തിയിരുന്നു.