മോഹൻലാലിന്റെ അമ്മക്കരിലികിലിരുന്നു പാടിയതിന്റെ അനുഭവം പങ്കുവെച്ച് ഗായകൻ ജി.വേണുഗോപാൽ. മൂന്നു വർഷം മുൻപുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്. മോഹൻലാൽ അഭിനയിച്ച 'ബാബാ കല്യാണി' എന്ന ചിത്രത്തിലെ ''കൈ നിറയെ വെണ്ണ തരാം കവിളിലൊരുമ്മ തരാം എന്ന പാട്ടാണ് മോഹൻലാലിന്റെ അമ്മയ്ക്കു മുന്നിലിരുന്ന് വേണുഗോപാൽ പാടിയത്.
വേണുഗോപാലിന്റെ കുറിപ്പ്:
''മോഡൽ സ്കൂൾ 10 E യിലെ ലാലുവും 9 H ലെ വേണുവും: മൂന്ന് വർഷങ്ങൾക്ക് മുൻപ് ലാലേട്ടന്റെ കൊച്ചിയിലെ വീട്ടിൽ എടുത്ത ഫോട്ടോ. പോകാൻ നേരം "അമ്മയെവിടെ " എന്ന ചോദ്യത്തിന് ... ലാലേട്ടൻ അകത്തെ മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി. "അമ്മയ്ക്കിതാരാന്ന് മനസ്സിലായോ"? ലാലേട്ടൻ ചോദിച്ചു. ഓർമ്മയുടെ പിന്നാമ്പുറങ്ങളിലേക്ക് ബുദ്ധിമുട്ടി യാത്ര ചെയ്യുന്ന അമ്മയുടെ മുന്നിൽ ഞാൻ രണ്ട് വരി പാടി... "കൈ നിറയെ വെണ്ണ തരാം .... കവിളിലൊരുമ്മ തരാം... കണ്ണൻ ''അമ്മയുടെ മുഖത്തപ്പോൾ വിരിഞ്ഞ സന്തോഷത്തിന് പകരം വയ്ക്കാൻ മറ്റൊന്നും ഞാനിന്നേ വരെ കണ്ടിട്ടില്ല. സംഗീതമെന്ന മാന്ത്രിക താക്കോൽ എത്രയെത്ര നിഗൂഢതകളുടെ വാതിലുകളാണ് തുറക്കുക ....!