jafar-idukki

കാണുന്ന ആരെയും വട്ടം കറക്കുന്ന സിനിമ. കേരളം ഇന്ന് ഏറെ ചര്‍ച്ച ചെയ്യുന്നതും ഈ സിനിമയെ ചുറ്റിപ്പറ്റിയാണ്. ചുരുളി പലതരത്തിലുള്ള കയ്യടികള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമാണ് വഴിവെച്ചിരിക്കുന്നത്. കഥാപാത്രങ്ങളുടെ പകര്‍ന്നാട്ടങ്ങള്‍ കൊണ്ട് അമ്പരപ്പിക്കുന്ന ചുരുളി.  സിനിമയില്‍ അടിമുടി തിളങ്ങിയ കഥാപാത്രമാണ് ജാഫര്‍ ഇടുക്കിയുടേത്. പേരില്‍ പോലും നിഗൂഢത ഒളിപ്പിച്ച് വെച്ച ഷാപ്പുകാരനായി ജാഫര്‍ ഇടുക്കി ജീവിച്ചു. സിനിമ ചര്‍ച്ചയാകുമ്പോള്‍ ജാഫര്‍ ഇടുക്കി ചിരിക്കുകയാണ്. വിശേഷങ്ങള്‍ മനോരമ ന്യൂസ് ഡോട് കോമിനോട് പങ്കുവെയ്ക്കുന്നു.

'കറിയാച്ചന്‍, ഇട്ടിച്ചന്..' ജാഫര്‍ ഇടുക്കി സൂപ്പര്‍

ഞാന്‍ സൂപ്പര്‍ ആയീന്ന് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. സിനിമ ഒരു കൂട്ടായ പ്രവര്‍ത്തനമാണ്. എല്ലാവരും കൂടുന്നതിന്റെ വിജയം. എന്റെ വേഷപ്പകര്‍ച്ചയും, എനിക്ക് തന്ന ഡയലോഗ് നന്നായിരിക്കും. എന്നെ ഇപ്പോള്‍ വളര്‍ത്തി വലുതാക്കിക്കൊണ്ടിരിക്കുന്ന ജനങ്ങള്‍ക്ക് നന്ദി പറയുകയാണ്. സിനിമയാണ്. നല്ലതും മോശവുമായ വിമര്‍ശനങ്ങള്‍ വരാം. എന്നെ സംബന്ധിച്ച് അതിലൊരു കുഴപ്പവുമില്ല. സിനിമയുടെ ഔട്ട് ഇറങ്ങി. ഇനി ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ. വിമര്‍ശിക്കുന്നവര്‍ക്ക് അതിനുള്ള അവകാശമുണ്ട്. അതുകൊണ്ട് ആരോടും പരാതിയില്ല.

കിട്ടുന്നത് വെടിപ്പായി ചെയ്യും

എനിക്ക് വില്ലനും അറിയാന്‍ പാടില്ല, കോമഡിയും അറിയാന്‍ പാടില്ല. പള്ളിക്കൂടത്തില്‍ പഠിക്കുമ്പോള്‍ കലാപരമായി ഒന്നിലും പങ്കെടുത്തിട്ടുള്ള ആളല്ല. പിന്നെ നായനാര്‍ സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത് രണ്ട് തവണ യുവജനമേള എന്ന പരിപാടി ഉണ്ടായിരുന്നു. അതിനകത്ത് മിമിക്രിയില്‍ മല്‍സരിച്ചിട്ടുണ്ട്. അപ്പോള്‍ സമ്മാനം ലഭിച്ചിരുന്നു. അങ്ങനെയാണ് എന്റെ മിമിക്രി കൊള്ളാമെന്ന് തിരിച്ചറിഞ്ഞത്. അറിയാതെയാണ് ‍ഞാന്‍ കലാകാരനായത്. ഇപ്പോള്‍ വില്ലനെന്നോ കോമഡി എന്നോ വ്യത്യാസമില്ലാതെ അഭിനയിക്കുന്നു. ചുരുളിയില്‍ രണ്ടും കലര്‍ന്ന ഒരു വേഷമാണ്. ഇനി ഇറങ്ങാനുള്ള കേശു ഈ വീടിന്റെ നാഥനില്‍ മുഴുനീള കോമഡി കഥാപാത്രമാണ് ചെയ്യുന്നത്. അതു  കഴിഞ്ഞ് പുറത്തിറങ്ങുന്ന ജയസൂര്യ ചിത്രത്തില്‍ വളരെ സീരിയസായിട്ടുള്ള റോളാണ്. എല്ലാം കൂടിക്കെട്ടി പല പടങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്.

അറിയാതെ വായീന്ന് ചാടിയാല്‍..!

സ്ക്രിപ്റ്റിലുള്ള കണ്ടന്റില്‍ നിന്ന് വലിയ മാറ്റമൊന്നും അഭിനയിക്കുമ്പോള്‍ ഡയലോഗിലൊന്നും ചേര്‍ക്കാറില്ല. വല്ല വാക്കും അറിയാതെ നമ്മുടെ വായീന്ന് ചാടിയാല്‍ പിന്നെ കട്ട് ചെയ്യാന്‍ പറ്റാതെ വന്നാല്‍ പണിയാകും.  ചുരുളിയിലും അങ്ങനെ തന്നെ. എല്ലാം ലിജോ ജോസ് പറഞ്ഞു തന്നിരുന്നു. അദ്ദേഹത്തിന്റെ അടുത്ത് ചര്‍ച്ച ചെയ്ത് ഇതൂടെ ഇട്ടോട്ടെ എന്നൊക്കെ ചോദിക്കും. കാരണം മിക്ക ഡയലോഗുകളിലും ഇന്നര്‍ മീനിങ്ങ് വാക്കുകള്‍ കൂടുതല്‍ ഉള്ളൊരു പടമാ. എന്നുവെച്ച് സ്ക്രിപ്റ്റ് കാണാതെ പഠിച്ച് പറയുകയല്ല. കുറച്ചൊക്കെ കയ്യീന്ന് ഇടാറുണ്ട്.

ഷൂട്ടിങ് കാണാനെത്തി, ചിതറിയോടി..!

എന്റെ നാടിന്റെ അടുത്ത് കുളമാവ് എന്ന സ്ഥലത്തായിരുന്നു ഷൂട്ടിങ്ങ്. അവിടെ ഒരു ചെറിയ യു.പി സ്കൂളുണ്ട്. അപ്പോള്‍ അവിടെ ഉള്ള ഒരാള്‍ പറഞ്ഞു കുട്ടികള്‍ക്ക് ഷൂട്ടിങ് കാണണമെന്ന്. നമുക്ക് അവരോട് കാണാന്‍ വരാന്‍ പറ്റില്ല എന്നും പറയാന്‍ പറ്റില്ല. വന്നോളാന്‍ പറഞ്ഞു. ഒരു അക്രമ സീന്‍ ഷൂട്ട് നടന്നുകൊണ്ടിരുക്കുമ്പോഴാണ് അവര്‍ വന്നത്. ഷൂട്ട് തുടങ്ങിയതും ടീച്ചര്‍മാരും കുട്ടികളുമെല്ലാം നാലുഭാഗത്തേക്ക് ചിതറിയോടി. കാരണം അമ്മാതിരി ഡയലോഗുള്ള സീനായിരുന്നു അത്. ഇത് നടന്ന സംഭവമാണ്. അവരോട് വരരുതെന്ന് പറയാന്‍ പറ്റില്ലല്ലോ. 

jafar-churuli

തെറി ആരാ കണ്ടുപിടിച്ചത്..?

എന്റെ കാഴ്ചപ്പാട് പറയാം. ഇംഗ്ലീഷ് സിനിമകളില്‍ എത്രമാത്രം തെറിവാക്കുകള്‍ ഉപയോഗിക്കുന്നുണ്ട്. അത് കാണുന്നതില്‍ ആര്‍ക്കും ഒരു കുഴപ്പവുമില്ല. നമ്മുടെ ഭാഷ പച്ചക്ക് കേള്‍ക്കുമ്പോള്‍ ഉള്ള ഒരു പ്രശ്നം. വേറെ ഭാഷക്കാര്‍ക്ക് ഇതു ചെയ്യുമ്പോള്‍ ഒരു പ്രശ്നം ഉണ്ടാകില്ല. ഈ തെറിവാക്കുകള്‍ കണ്ടുപിടിച്ചതും മനുഷ്യരല്ലേ. ചുരുളി മറ്റൊരു ഗ്രഹമാണെന്ന് ചിന്തിച്ചാല്‍ മതി. അങ്ങനെ തന്നെയാണ് സിനിമയില്‍ പറയുന്നതും.

ഇവിടുന്നൊരു ചേച്ചിയെ വിളി..

ഷാപ്പിലെ കറിവെപ്പുകാരിയായിട്ട് വരുന്ന സ്ത്രീ സിനിമയില്‍ അഭിനയിക്കാന്‍ വന്ന ആളല്ല. അതു ശരിക്കും ചെയ്യേണ്ടിയിരുന്നത് മറ്റൊരു നടിയാണ്. അവര്‍ മേക്കപ്പൊക്കെ ഇട്ട് പുരികം ഒക്കെ പറിച്ചാണ് വന്നത്. ആ കഥാപാത്രത്തിനട് ഒട്ടും യോജിക്കുന്നില്ല. അപ്പോള്‍ തന്നെ സംവിധായകന്‍ ഇവിടുന്നൊരു ചേച്ചിയെ ഇങ്ങോട്ട് വിളിച്ച് എന്ന് പറഞ്ഞു. ആ ഊരില്‍ തന്നെ താമസിക്കുന്ന ഒരു ചേച്ചി വന്നു. ഇന്നപോലെയാണ് ഡയലോഗുകളൊക്കെ, കുറച്ച് തെറി ഒക്കെ പറയേണ്ടി വരും. അവര്‍  കുഴപ്പമില്ല എന്ന് പറഞ്ഞു. ഫസ്റ്റ് ടേക്ക് തന്നെ ഓക്കെ ആക്കി ആ വേഷം ഗംഭീരമാക്കി.

സിനിമ എല്ലാം തിയറ്ററിലാണ് വരേണ്ടത്. ഏത് കുഞ്ഞ് പടമാണെങ്കിലും തീയറ്ററിലാണ് വരേണ്ടത്. കൂട്ടായ്മയുടെ ഫലമാണ് സിനിമ. അതൊരു മൊബൈലില്‍ കാണുന്നതില്‍ എന്താ സുഖം. പക്ഷേ ഊ കാലമായതുകൊണ്ട് വേറെ നിവൃത്തിയില്ല. മുഴുനീള വേഷങ്ങളുള്ള നിരവധി ചിത്രങ്ങളാണ് എന്റേതായി വരാനുള്ളത്. അതിന്റെ സന്തോഷത്തിലാണ്. ജാഫര്‍ ഇടുക്കി പറഞ്ഞു നിര്‍ത്തുന്നു.