തിയറ്ററുകള്‍ ആര്‍പ്പൂവിളികളിലേക്ക് കടക്കുമ്പോള്‍ മൂഡ് ഒന്ന് മാറ്റിയാലോ എന്ന് ലാലേട്ടന്‍ ചോദിച്ചു. അങ്ങനെ ഒരു മാസ്സ് പടം വീണ്ടും ഉദയകൃഷ്ണ ചെയ്യാനൊരുങ്ങി. നെയ്യാറ്റിന്‍കര ഗോപനെന്ന വില്ലന്‍ ട്രെയിലറില്‍ അഴിഞ്ഞാടി. സിനിമ നല്‍കുന്ന പ്രതീക്ഷകള്‍ എന്തൊക്കെയാണെന്ന് പങ്കുവക്കുകയാണ് 'ആറാട്ട്' തിരക്കഥാകൃത്ത് ഉദയകൃഷ്ണ.
ആറാട്ടിലെ മാസ്സ്
ഒരു പക്കാ കോമഡി ആക്ഷന്‍ ഫെസ്റ്റീവ് മൂഡാണ് നെയ്യാറ്റിന്‍ക്കര ഗോപന്‍റെ ആറാട്ട്. കേരളത്തിന്റെ ഗ്രാമീണത ഒപ്പിയെടുത്ത് പാലക്കാട് തന്നെ ഷൂട്ട് ചെയ്ത സിനിമ തികച്ചും എന്‍റര്‍ടെയിനറാണ്. യഥാര്‍ഥ സംഭവങ്ങള്‍ സിനിമയിലെ പല രംഗങ്ങളിലും കാണാന്‍ കഴിയും. ഇങ്ങനൊരു സ്വാഭാവികത സിനിമയില്‍ മനപൂര്‍വ്വം കൊണ്ടുവരുന്നതല്ല. കഥാപാത്രത്തിന് അതാവശ്യമാണെന്ന് തോന്നിയിരുന്നു. മാസ് പടത്തിലെ കഥാപാത്രങ്ങള്‍ പ്രത്യേകതകളോ ഇതുവരെ ചെയ്യാത്തവിധം വ്യത്യസ്തങ്ങളോ ഇതുവരെ ചെയ്യാത്ത കഥാപാത്രമാണ് എന്നൊന്നും പറയാന്‍ പറ്റില്ല. ഹീറോയുടെ മാസ്സിനു ഒരു ഫോര്‍മുലയുണ്ട്. അതിലുള്ള ചേരുവുകളാണ് സിനിമയില്‍.
ലാലേട്ടന്‍റെ ചോദ്യം
ബി. ഉണ്ണികൃഷ്ണനുമായി ഒരു പ്രോജക്ട് ചെയ്യാനിരിക്കെ പെട്ടെന്നാണ് കോവിഡ് കാരണം സിനിമകള്‍ നിന്നുപോകുന്നത്. അങ്ങനെ എന്ത് ചെയ്യുമെന്ന് കരുതിയിരിക്കുമ്പോഴാണ് ലാലേട്ടന്‍റെ ചോദ്യം. എല്ലാവരും ഡാര്‍ക്കടിച്ചിരിക്കുകയാണ്.. തിയറ്റര്‍ തുറക്കുമ്പോള്‍ ഒരു എന്‍റര്‍ടെയനര്‍ ചെയ്യാമല്ലേ എന്ന്. ആദ്യം ഒന്ന് പതറി. പിന്നീടാണ് നെയ്യാറ്റിക്കര ഗോപന്‍ എന്ന കഥാപാത്രത്തെ കിട്ടിയത്. അയാള്‍ എന്തിന് ആ ഗ്രാമത്തില്‍ വരുന്നു. എന്താണ് അയാള്‍. ഇങ്ങനെ ചിന്തിച്ചപ്പോഴാണ് ഉണ്ണികൃഷ്ണനുമായി സംസാരിക്കുന്നത്. അങ്ങനെ ലാലേട്ടനും പറഞ്ഞു, ആ കഥാപാത്രം കൊള്ളാമെന്ന്. പിന്നീടാണ് ഇത് തുടങ്ങുന്നത്.
'ലൂസിഫറും' '2255' ആറാട്ടില്‍
ഗാനഭൂഷണം ഗോപന് സിനിമയുമായി കണക്ട് ചെയ്യുന്ന ചില കാര്യങ്ങള്‍ ഭാഷാ ശൈലിയിലുണ്ട്. അതിലൂടെ കഥ വളരുന്നു. സാധാരണക്കാര്‍ക്കിടെ സുപരിചിതമായി പറയുന്ന വാക്കുകളാണ് സിനിമയിലെ പഞ്ച് ഡയലോഗുകളാകുന്നത്. അത്തരത്തില്‍ ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്ന് മനസിലാക്കിയ വാക്കുകളാണ് ഇവിടെയും. സരസനായ ആളും തമാശ കലര്‍ത്താനുള്ള വിരുതനും സംസാരിച്ച് നേടാന്‍ കഴിയുന്ന കഥാപാത്രവുമാണിത്. മാസ് ഡയലോഗ് പറഞ്ഞേക്കാം എന്ന നിലയിലല്ല സിനിമയില്‍ ഉപഗോഗിച്ചിട്ടുള്ളത്. സിനിമയ്ക്കും കഥാപാത്രത്തിനും ആവശ്യപ്പെടുന്ന സംഭാഷണ ശൈലികള്‍ മാത്രമാണ് ഉപയോഗിച്ചുള്ളത്.
ഞാന്‍ ഇഷ്ടപ്പെടുന്നതും എനിക്ക് ചെയ്യാന്‍ കഴിയുന്നതിലൂടെയുമാണ് ഞാന്‍ സഞ്ചരിച്ചത്. എന്നേക്കാള്‍ കഴിവുള്ളവരുള്ളവര്‍ അതിനെക്കാള്‍ മികച്ച ചിത്രങ്ങളെടുക്കുമ്പോള്‍ ഞാന്‍ അത് ആസ്വദിക്കാറുണ്ട്. പക്ഷേ എനിക്ക് ആ കഴിവില്ല. റിയലിസ്റ്റിക്കായിട്ടുള്ള സംഭവങ്ങള്‍വച്ച് ചെയ്യുന്നത് എന്‍റെ രീതിയല്ല. എന്‍റെ സീറ്റിലേക്ക് വരുന്നവര്‍ക്ക് കടന്നുവരാം. അല്ലെങ്കില്‍ ഞാന്‍ അവിടെ സീറ്റുറപ്പിച്ചിരിക്കും. മറ്റുള്ളവര്‍ക്ക് ഞാനൊരു വെല്ലുവിളിയല്ല. എന്‍റെ സ്ക്രിപ്റ്റ് ആവശ്യപ്പെടുന്നവര്‍ക്കൊപ്പമാണ് ഞാന്‍ പോകുന്നത്. എന്‍റെ രീതിയില്‍ അത് ചെയ്യാനാഗ്രഹിക്കുന്നത്കൊണ്ടാണല്ലോ ഉണ്ണികൃഷ്ണന്‍ എന്നെ വിളിച്ചത്.
'ഞാനിഷ്ടപ്പെടുന്ന മമ്മൂക്കയും ലാലും'
ഇലക്ഷനില്‍ മത്സരിച്ച് ജയിക്കുന്നത് ഒരാളല്ലേ. അതുപോലെയാണ് സിനിമയും. എന്‍റെ എല്ലാ സിനിമകളും വിജയിക്കുമെങ്കില്‍ ഞാന്‍ തന്നെ എല്ലാ പടവും എടുക്കില്ലേ.. റിലീസിന്‍റെ അന്ന് സിനിമ പരാജപ്പെടാം വിജയിക്കാം. എല്ലാം പ്രേക്ഷകരുടെ കയ്യിലാണ്. എല്ലാവരും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. വലിയ ഹീറോ/ ഹീറോയിനുകളുമായുള്ള സിനിമകള്‍ക്ക് റിസ്ക്ക് കുറവാണ്. ലാലേട്ടനെ കണ്ട് മാത്രം ചെയ്ത സിനിമയാണിത്. ലാലേട്ടന്‍ അത് ചെയ്തില്ലെങ്കില്‍ അത് വിട്ട് കളയുക എന്ന് മാത്രമേയുള്ളൂ നിവര്‍ത്തി. ലാലേട്ടനും മമ്മൂക്കയ്ക്കുമൊന്നും പകരക്കാരനില്ല. ഒരോ ആര്‍ട്ടിസ്റ്റിനും അവരുടേതായ ഇടമുണ്ട്. ലാല്‍– മമ്മൂക്ക ഫാന്‍ ആണ് ഞാനും. അവരിലേക്ക് എത്തുകയെന്നത് സ്വപ്നമായിരുന്നു. 2006ലെ തുറപ്പുഗുലാനാണ് മമ്മൂക്കയുമൊത്ത് ആദ്യമായി ചെയ്യുന്ന പടം. ഞാനിഷ്ടപ്പെടുന്ന മമ്മൂട്ടിയും മോഹന്‍ലാലുമുണ്ട്. അങ്ങനെ തന്നെ എന്‍റെ സിനിമയിലും കാണാനാണ് ഇഷ്ടം. ഒരുപാട് പേരെ തൃപ്തിപ്പെടുത്തുന്ന ജോലിയാണ് ഒരു തിരക്കഥാകൃത്തിന്‍റേത്. വൈശാഖ് ചിത്രം മോണ്‍സ്റ്റര്‍ ചെയ്തു കഴിഞ്ഞു. ബി ഉണ്ണികൃഷ്ണന് വേണ്ടി മമ്മൂക്ക ചിത്രത്തിന്‍റെ സ്ക്രിപ്റ്റ് പൂര്‍ത്തിയാക്കി. അരുണ്‍ ഗോപിയുടെ ദിലീപുമായുള്ള പടവുമാണ് ഇനി വരാനുള്ള പടങ്ങള്‍.