jose

മലയാള സിനിമ കളറാകും മുന്‍പേ തന്നെ അതിലെ കൊളള സങ്കേതങ്ങൾ ഹൈടെക്കായിരുന്നു. സ്വിച്ചിട്ടാൽ നിരങ്ങി നീങ്ങുന്ന വാതിലുകൾ, മിന്നുന്ന ലൈറ്റുകൾ,യന്ത്രത്തോക്കുകൾ, ഓവർ കോട്ടിട്ട ഗുണ്ടകൾ ഇതെല്ലാമായിരുന്നു അന്നത്തെ അധോലോകം. അതിന്റെ അധിപൻ ഡിസൂസയോ ഡിക്രൂസോ അനന്തൻ നമ്പ്യാരോ ആകട്ടെ ആ വേഷം ജോസ് പ്രകാശിന്റെ പക്കൽ ഭദ്രമായിരുന്നു.

സ്വന്തമായി ഒരു ‘വെൽ’ബ്രാൻഡഡ് കൊള്ളസങ്കേതമുള്ള മലയാളത്തിലെ ഒരേ ഒരു വില്ലൻ.. നായകനെ ക്ലൈമാക്സ് രംഗം വരെ വിറപ്പിച്ച് തോക്കിൻമുനയിൽ നിർത്തുന്ന സുന്ദരനായ കൊള്ളത്തലവൻ. അത് കാണികളുടെ മനസിൽ ഉൾക്കിടിലത്തോടെ പതിഞ്ഞു കിടന്നു. ജോസ് പ്രകാശ് ഓർമയായി 10 വര്‍ഷം പിന്നിടുമ്പോഴും നിറയുന്ന ട്രോളുകളും സ്കിറ്റുകളും സാക്ഷ്യം. മുതലക്കുഞ്ഞുങ്ങളെ ചട്ടം പഠിപ്പിക്കുന്ന മുതലാളി, കൊന്നു പട്ടിക്ക് തിന്നാൻ കൊടുക്കുമെന്നു ഭീഷണിപ്പെടുത്തുന്ന ക്രൂരൻ, കേരളമണ്ണിൽ ജനിച്ചു വീഴുന്ന ഓരോ പിഞ്ചുകുഞ്ഞിനും ജോസ് പ്രകാശിനെ അറിഞ്ഞില്ലേലും നിറകൈയ്യടി നേടിയ ആ ഡയലോഗുകൾ കാണാപാഠം. ആശാനെ വരെ വെൽ മിസ്റ്റർ പെരേര എന്നു വിളിച്ചു നടക്കുന്ന പുതുതലമുറയാണിന്ന്, ട്രോളൻമാരൊക്കെ ജീവിച്ചു പോവുന്നതേ ജോസേട്ടന്റെ വാക്കുകൾ കടംകൊണ്ടാണ്. കൊള്ളസങ്കേതത്തിനു പുറമെ സ്വന്തമായൊരു മുതലക്കുളവും നിർമിച്ച് മുതലക്കുഞ്ഞുങ്ങൾക്ക് വളർത്തച്ഛനായ സുരേന്ദ്രൻ നായർ. മുതലകളെ ഇത്രയേറെ സ്റ്റീവ് ഇർവിന്‍ പോലും സ്നേഹിച്ചു കാണില്ല. പഴയ പട്ടാളക്കാരന്റെ ശരീരഭാഷ വില്ലൻ പരിവേഷത്തിന്റെ മാനറിസങ്ങളായി മാറി. കോട്ടും സ്യൂട്ടും ചുണ്ടിലെരിച്ച ചുരുട്ടു പൈപ്പും ആ മാനറിസത്തിനു പുതിയ മാനങ്ങളേകി. കൈലിമുണ്ടും തലേക്കെട്ടുമുടുത്തും ജോസ് പ്രകാശ് വെള്ളിത്തിരയിൽ നിറഞ്ഞാടി. 

ഇംഗ്ലിഷ് ഡയലോഗ് ഡെലിവറി അന്നും ഇന്നും പ്രേക്ഷകനെ രസിപ്പിക്കുന്നു. തൊഴിലാളിയെ വെടിവെച്ചിട്ട് തോക്കിനകത്തേക്ക് ഊതുന്ന മുതലാളിയാണ് കൊലമാസ്. 1942-ൽ അദ്ദേഹം ബ്രിട്ടീഷ് റോയൽ ആർമിയിൽ ലാൻസ് നായിക് ആയി ചേർന്നു. പട്ടാളക്കാരനായി ഇന്ത്യയുടെ പല ഭാഗത്തും സേവനമനുഷ്ഠിച്ചു. പിന്നീട്നാടകത്തിലും സിനിമയിലും സജീവമായി..മുന്നൂറ്റിയമ്പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു.  ബ്ലാക് ആൻഡ് വൈറ്റിൽ നിന്ന് കളറിലേക്ക് സിനിമ പിച്ച വയ്ക്കുമ്പോഴും ഗാങ്ങ്സ്റ്ററായും വഷളനായും ടൈപ്പ് ചെയ്യപ്പെടുകയായിരുന്നു ജോസ് പ്രകാശ്.  സിനിമയിലെ തലമുറമാറ്റം അദ്ദേഹത്തിന് ക്യാരക്ടർ റോളുകൾ സമ്മാനിച്ചു. കൂടെവിടെയും ദേവാസുരവും മുതൽ ട്രാഫിക് വരെ. ചെറുതെങ്കിലും തന്ത്രപ്രധാന കഥാപാത്രങ്ങളെ ജോസ് പ്രകാശ് ഗംഭീരമാക്കി. 1953ൽ തുടങ്ങിയ ഡയലോഗ് ഡെലിവറി അവസാനിക്കുന്നത് 2011 ലെ ‘ട്രാഫിക്’ലൂടെയാണ്. യെസും നോയും ഉറക്കെപ്പറയാൻ പ്രേരിപ്പിച്ച ആ ഡയലോഗും ചരിത്രമായി. പാട്ടുകാരനാകാൻ മോഹിച്ച് സിനിമയിലെത്തിയ ജോസ് പ്രകാശിന് മലയാള സിനിമ കാത്തുവെച്ചത് നിത്യഹരിത വില്ലൻ എന്ന പട്ടമായിരുന്നു. നായകൻമാരെ സിനിമയിലുടനീളം വിറപ്പിച്ച് നിർത്തിയ വില്ലന്‍ പക്ഷേ ജീവിതത്തിൽ പല ഘട്ടങ്ങളിലും പതറിപ്പോയി. രോഗബാധിതനായി കാല്‍ മുറിച്ചുമാറ്റപ്പെട്ട വേദന ആ മുഖത്തു തെളിഞ്ഞപ്പോൾ കൊടുംവില്ലന്റെ അധഃപതനമല്ല മറിച്ച് നിസഹായനായി പോയ മനുഷ്യന്റെ കയ്പേറിയ അനുഭവമായിരുന്നു കാണാനായത് .ഭാവാഭിനയത്തിൽ കാലുകൾക്ക് റോളില്ലെന്ന് തെളിയിക്കുകയായിരുന്നു ജോസ് പ്രകാശ് പിന്നീട്. കണ്ണും മുഖവും കൊണ്ട് അദ്ദേഹം അഭിനയിച്ചു. 

വീൽചെയറിലിരുന്ന് ഡയലോഗുകള്‍ പറഞ്ഞു. മരണശയ്യയിലും ആവശ്യപ്പെട്ടവർക്കു വേണ്ടി മിസ്റ്റർ പെരേര ഡയലോഗ് ആവർത്തിച്ചു. ജോസ്പ്രകാശ് വിടപറഞ്ഞത് പാദങ്ങളില്ലാതെയായിരിക്കാം. പക്ഷേ കലാകാരൻ കടന്നുപോയാലും ആ പാദമുദ്രകൾ മായുകയില്ല.