കോവിഡ് ലോക്ഡൗൺ പശ്ചാത്തലമാക്കി മലയാളത്തിൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ കോമഡി എൻ്റർടെയ്നറാണ് നവാഗതനായ അരുൺ ഡി.ജോസ് കഥയെഴുതി സംവിധാനം ചെയ്ത ‘ജോ ആൻഡ് ജോ’. കുടുംബ പശ്ചാത്തലത്തിൽ വളരെ ലളിതവും നർമ്മ പ്രധാനവുമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലോക്ഡൗൺ കാലത്ത് വീട്ടിലുണ്ടാകുന്ന ചില രസകരമായ മൂഹൂർത്തങ്ങൾ ചിത്രത്തിൽ കോർത്തിണക്കിയിട്ടുണ്ട്. നിഖില വിമൽ, മാത്യു തോമസ്, നസ്‍ലെൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മാത്യുവിന്റെയും നസ്‌ലന്റെയും ഒപ്പം കട്ട ചങ്കായെത്തുന്നത് മെൽവിൻ ജി.ബാബുവാണ്. ഇൻസ്റ്റഗ്രാമിൽ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള എഫ് ടി ഗയ്സ് എന്ന പേജിലൂടെ ശ്രദ്ധേയനാണ് മെൽവിൻ. അനുഗൃഹീതൻ ആന്റണിക്ക് ശേഷം മെൽവിൻ അഭിനയിക്കുന്ന ചിത്രമാണിത്. ഇമാജിൻ സിനിമാസ്, സിഗ്‌നേച്ചർ സ്റ്റുഡിയോസ് എന്നീ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ജോണി ആന്റണി, സ്മിനു സിജോയ്, ലീന ആന്റണി എന്നിവരും അഭിനയിക്കുന്നുണ്ട്. പുതിയ സിനിമയുടെ വിശേഷങ്ങൾ മനോരമ ന്യൂസ് ഡോട്കോമുമായി പങ്കുവയ്ക്കുകയാണ് മെൽവിൻ..
ഷൂട്ടിംഗ് വിശേഷങ്ങൾ
കൂത്താട്ടുകുളത്തായിരുന്നു സിനിമയുടെ ഷൂട്ട് നടന്നത്. ഷൂട്ട് തുടങ്ങുന്നതിന് മുൻപ് എല്ലാവരെയും മീറ്റ് ചെയ്തിരുന്നു. അന്നേ ഞങ്ങൾ നല്ല അടുപ്പമായി. അതുകൊണ്ട് തന്നെ ഒത്തിരി ആസ്വദിച്ച് ചെയ്യാനായി. ഞങ്ങളുടെ ആ കൂട്ട് സ്ക്രീനിലും കാണാം. എല്ലാവരെയും സിനിമയിലൂടെ പരിചയപ്പെട്ടതെങ്കിലും ഒരേ വൈബായിരുന്നു. സെറ്റിൽ എല്ലാവരും നല്ല ചില്ലായിരുന്നു. സുഹൃത്തുക്കൾക്കിടയിൽ നടക്കുന്ന കാര്യങ്ങളൊക്കെ തന്നെയായതിനാൽ റിലേറ്റ് ചെയ്യാൻ പറ്റി. സീനിന് ചേരുന്ന പോലെ ചിലതൊക്കെ സംവിധായകൻ പറയാതെ തന്നെ ചെയ്തു. അതൊക്കെ ക്ലിക്കായെന്നാണ് കരുതുന്നത്. ഒരു സീനിൽ പ്രണൺസിയേഷൻ എന്നാക്കെ പറയുന്നത് ചുമ്മാ ചെയ്തതാണ്. അത് അരുൺ ചേട്ടന് ഇഷ്ടമായെന്ന് പറഞ്ഞിരുന്നു.
സിനിമ സ്വപ്നം
ആറാം ക്ലാസ് മുതലുള്ള സ്വപ്നമാണ് സിനിമയിലെത്തുക എന്നത്. അതിന് വേണ്ടി കുറേ പരിശ്രമിച്ചിട്ടുണ്ട്. ഒൻപതാം ക്ലാസ് മുതൽ ഷോർട്ട് ഫിലിമിന് പിറകേ ആയിരുന്നു. കാണാൻ അധികം പേരൊന്നും ഇല്ലെങ്കിലും ചെയ്യുമായിരുന്നു. പിന്നെ ഷോർട്ട് ഫിലിം എല്ലാവർക്കും മടുപ്പായെന്ന് തോന്നിയപ്പോഴാണ് അത് വിട്ട് എഫ്.ടി.ഗയ്സിലേക്ക് എത്തിയത്. ചെറിയ കോമഡികൾ ചേർത്ത് വൈൻസ് ചെയ്യാൻ തുടങ്ങി. ഇതെല്ലാം ഒരു തരത്തിൽ വിഷ്വൽ സ്റ്റോറി ടെല്ലിംഗാണല്ലോ? എഫ് ടി ഗയ്സിലൂടെ പല തരം വിഡിയോകൾ ചെയ്താണ് ക്ലിക്കായത്. പിന്നീട് കുറേ പേർ ഫോളോ ചെയ്യാൻ തുടങ്ങി. അനുഗ്രഹീതൻ ആൻറണിയിലേക്ക് എത്തുന്നതും എഫ്.ടി.ഗയ്സിലൂടെ തന്നെയാണ്. വീട്ടുകാരുടെ സപ്പോർട്ട് പറയാതിരിക്കാനാവില്ല. അവർ എന്നും ഒപ്പം നിന്നിട്ടേയുള്ളൂ. ഇടയ്ക്ക് എഫ് ടി ഗയ്സിൽ അവരും അഭിനയിക്കാറുണ്ട്.
ഫയങ്കര ടാലൻ്റഡ് മെൽവിൻ
എഫ് ടി ഗയ്സ് എന്നാൽ ഫയങ്കര ടാലൻ്റഡ് ഗയ്സ് എന്നാണ്. എഫ് ടി എന്നത് ഫീറ്റ് 'ഗയ്സ് എന്നും വായിക്കാം. അത് ഗ്ലോബലാണ്. ഭയങ്കര എന്നതിന് പകരം ഞാൻ കൂടുതലായും ഉപയോഗിച്ചിരുന്നത് ഫയങ്കര എന്നായിരുന്നു. അങ്ങനെയാണ് ആ പേരിലേക്ക് എത്തിയത്. എനിക്ക് സിനിമയിലെ എല്ലാ വശങ്ങളും അറിയാൻ ഇഷ്ടമാണ്. അതിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പണ്ട് ഷോർട്ട് ഫിലിം ചെയ്യുമ്പോൾ എഡിറ്റിംഗ് ചെയ്തിരുന്നത് വെഡ്ഡിംഗ് വിഡിയോഗ്രഫി ചെയ്തിരുന്നിടത്താണ്. അതും കടയുടമ കാണാതിരിക്കാൻ രാത്രി 12- 1 മണി സമയത്ത്. അന്ന് എഡിറ്ററുടെ കൂടെയിരുന്ന് എഡിറ്റിംഗ് കണ്ടുപഠിച്ചു. പിന്നീട് ആരുടെയും സഹായമില്ലാതെ എല്ലാം സ്വന്തമായി തന്നെ ചെയ്യാൻ തുടങ്ങി. അന്ന് അതൊക്കെ ചെയ്തത് എനിക്ക് ഉപകാരപ്പെട്ടത് എഫ്ടി ഗയ്സ് തുടങ്ങിയപ്പോഴാണ്. സിനിമയിലേക്കെത്തണം എന്ന ആഗ്രഹമാണ് എഫ് ടി ഗയ്സിന് പിന്നിൽ. എൻ്റെ ഉള്ളിലെ ആശയങ്ങൾക്ക് ഇത് ഒരു മീഡിയമാകുമെന്ന് മനസ്സിലായി. അങ്ങനെ ഫയങ്കര ടാലന്റഡ് ഗയ്സിലേക്കെത്തി. ഇപ്പോൾ എഫ് ടി ഗയ്സ് എന്നതൊരു ബ്രാൻഡായി. എഫ് ടി ഗയ്സിൻ്റെ ക്ലോത്തിംഗ് ലൈനും ഇപ്പോൾ തുടങ്ങിയിട്ടുണ്ട്.
വിഡിയോ എടുത്ത് നടന്ന പയ്യൻ
സിനിമ സ്വപ്നം കാണുന്നവർക്ക് എഫ് ടി ഗയ്സ് ഒരു പ്രചോദനമാകുമെന്നാണ് തോന്നുന്നത്. എന്നെ പോലെ വിഡിയോ എടുത്ത് നടന്ന ഒരു സാധാരണക്കാരൻ സിനിമയിലെത്തുന്നത് പലർക്കും പ്രചോദനമാകാം. ഞാൻ ഓരോ വിഡിയോ ചെയ്യുമ്പോഴും റിസൾട്ടിനെക്കാൾ ആ ആ പ്രോസസാണ് ഇഷ്ടപ്പെട്ടിരുന്നത്. ഓരോ വിഡിയോയും കുറേ മെമ്മറീസ് തരും. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അടുത്ത വിഡിയോ ചെയ്യാൻ എന്നെ പുഷ് ചെയ്തതും അതൊക്കെ തന്നെയാണ്. എഫ് ടി ഗയ്സിലൂടെ മാത്രം എന്ന ആളുകൾ അറിയണം എന്ന ഒരു ആഗ്രഹമുണ്ടായിരുന്നു. അതു കൊണ്ട് തന്നെ പല ചാനലുകളും എന്നെ വിളിച്ചിട്ടും ഞാൻ പോയില്ല. ഞാൻ ഒരുപാട് സമയമെടുത്ത്, ഒത്തിരി എഫർട്ടിട്ട് ചെയ്തതാണ് എഫ് ടി ഗയ്സ്.
ഫയങ്കര വാക്യങ്ങള്‍
അക്ഷരങ്ങളിലൂടെയും എൻ്റർടെയ്ൻമെൻറ് എന്ന ആശയത്തിലൂടെയാണ് ഫയങ്കര വാക്യങ്ങള്‍ എന്ന പുസ്തകത്തിലേക്ക് എത്തുന്നത്. ചെറിയ ഓരോ വാക്യങ്ങള്‍ ഉൾപ്പെടുത്തിയ 8 പേജുകളുള്ള ഒരു പുസ്തകമാണ്. ഫൺ ആണെങ്കിലും ഒന്ന് ചിന്തിച്ച് നോക്കിയാൽ അല്പം കാര്യമുള്ളതുമായ കുറച്ച് വാചകങ്ങളാണ്. ജീവിതത്തിൽ ഒരു പുസ്തകം പോലും വായിച്ചു തീർക്കാത്തവർക്ക് ഇത് വായിച്ച് ഒരു പുസ്തകം വായിച്ചു തീർത്തു എന്നെങ്കിലും പറയാലോ.. വിഡിയോ അല്ലാതെ പലതും ട്രൈ ചെയ്തിട്ടുണ്ട്. മരണക്കിടക്ക എന്ന കവിത എഴുതി. ചില വിഡിയോകളിൽ മെൽവെയ്ൻ എന്ന പേരിൽ പാട്ടും പാടാറുണ്ട്. ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്തു. ഒരുപാട് പേർ ഞാൻ എഫ് ടി ഗയ്സ് തുടങ്ങിയപ്പോൾ പുച്ഛിച്ചിരുന്നു. അവരോടൊക്കെ ഞാൻ ഇപ്പോൾ 'ശാന്തി'യോടെ പറയും - പരിശ്രമിക്കൂ വിജയിക്കൂ.. തെറി പറയുന്നവരോട് റിയാക്ട് ചെയ്ത് കളയാൻ എനിക്ക് സമയമില്ല. അവർ പറയുന്നതിലൊന്നും കാര്യമില്ല. അവർ പറഞ്ഞിട്ട് പോകും. ഞാൻ എന്റെ അടുത്ത പണി നോക്കും..
ആഗ്രഹങ്ങളും പ്രതീക്ഷകളും..
അടുത്തിടെ 'അങ്ങനെ അങ്ങനെ' എന്ന ഒരു മ്യൂസിക് ആൽബത്തിൽ ചെയ്തിരുന്നു. കുറച്ച് കൂടി ആളുകളിലേക്കെത്താനായി എന്നതിൽ ഒരുപാട് സന്തോഷം. സിനിമ സംവിധാനം മനസ്സിലുണ്ടെങ്കിലും ഇപ്പോൾ ആക്ടിംഗ് തന്നെയാണ് നോക്കുന്നത്. ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.