joshiy-director

കോടമ്പക്കത്തെ നിറം മങ്ങിയ ക്ലീഷേ സിനിമാകഥകളിൽ നിന്നും മലയാള സിനിമ മാറി സഞ്ചരിക്കാന്‍ തുടങ്ങുന്ന കാലം, സിനിമ സ്വപ്നങ്ങളുമായി  വർക്കലയില്‍ നിന്ന് ഒരു ചെറുപ്പക്കാരന്‍  ചെന്നെയിലേയ്ക്ക് വണ്ടി കയറി. കുടുംബത്തിന്റെ ഉടമസ്ഥതയിൽ ഒരു സിനിമാതിയേറ്റർ ഉണ്ടായിരുന്നതിനാൽ  തന്നെ ബാല്യ –കൗമാര കാഴ്ചകളില്‍ അയാളിലെ സ്വപ്നങ്ങളെ സിനിമയോളം സ്വാധീനിച്ച മറ്റൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ സംവിധാന സ്വപ്നവുമായി വര്‍ക്കല ജോഷി എന്ന ജോഷി എം കൃഷ്ണൻ നായരുടേയും ശശികുമാറിന്റേയും അസിസ്റ്റന്റ് ആയിട്ട് തുടക്കം കുറിച്ചു. ക്രോസ് ബെൽറ്റ് മണിയുടെ ശിഷ്യനായതോടെ  വ സംവിധായകൻ ജോഷിയിലേക്കുള്ള പരിണാമത്തിന്‍റെ ആദ്യ പടി താണ്ടി.

1978 ൽ ടൈഗർ സലിം എന്ന സിനിമയിലൂടെ  അരങ്ങേറ്റം ഗംഭീരമാക്കാന്‍ ജോഷി ക്കായി. പതിവു ചട്ടകൂടിലെ സിനിമ കാഴ്ചകളോട് താല്പര്യം ഇല്ലാതിരുന്ന അയാളിലെ സംവിധായകന്‍ മാസ് ചിത്രങ്ങളുടെ രസചരടുകള്‍ കൂട്ടി ചേര്‍ത്ത് പ്രേക്ഷകനെ കൈയ്യടുപ്പിക്കാന്‍ പ്രാപ്തനാക്കും വിധമാണ് ആദ്യം മുതലെ ശ്രമിച്ചത്. പിന്നീട് വന്ന മൂർഖനും രക്തവുമൊക്കെ പുതിയൊരു സംവിധായകന്റെ മാത്രമല്ല, പ്രേക്ഷകന് പുതുമയുള്ള ദൃശ്യപരിചരണത്തിന്റെ കൂടി പിറവിക്ക് സാക്ഷ്യമായി. ടൈഗർ സലീമിൽ സുധീർ, വിൻസെന്റ് എന്നീ നായകരിൽ തുടങ്ങി  പ്രേം നസീർ, ജയൻ, മധു, സുകുമാരൻ, ശങ്കർ, രതീഷ്, റഹ്മാൻ, സോമൻ , മോഹൻലാൽ, മമ്മുട്ടി, ജയറാം, ദിലീപ്, നിവിൻ പോളി, ജോജു, എന്നിങ്ങനെ മലയാളത്തിലെ ഒട്ടു മിക്ക താരങ്ങൾക്കും അവരുടെ കരിയറിന്റെ സുപ്രധാന ഘട്ടങ്ങളിൽ താരമൂല്യം ഉറപ്പിയ്ക്കാൻ ജോഷി സിനിമകൾ അത്യാവശ്യമായിരുന്നു. ഒരുപക്ഷേ, ശശികുമാറിന് ശേഷം ഒരു സംവിധായകന്റെ പേര് സ്‌ക്രീനിൽ തെളിയുമ്പോൾ ആളുകൾ കൈയ്യടിച്ചിരുന്നത് 'സംവിധാനം : ജോഷി' എന്ന് കാണുമ്പോഴായിരുന്നു. വിഡിയോ: