nandu-indian

വിക്രം സിനിമ നേടിയ ബ്രഹ്മാണ്ഡ വിജയത്തിന് പിന്നാലെ വലിയ ആവേശത്തോടെ ആരാധകർ കാത്തിരിക്കുന്ന കമൽഹാസൻ ചിത്രമാണ് ഇന്ത്യൻ 2. ഷങ്കറും കമലും ഒന്നിക്കുമ്പോൾ പ്രതീക്ഷകളും വാനോളമാണ്. ഇക്കൂട്ടത്തിൽ മലയാള നടൻ നന്ദു പൊതുവാളിന് കൈവന്ന അവസരം ഇപ്പോൾ സൈബർ ഇടങ്ങളിൽ വൈറലാണ്. മിമിക്രി ലോകത്തു സിനിമയിൽ എത്തി ചെറിയ വേഷങ്ങളിലും പ്രൊഡക്ഷൻ കൺട്രാളറായും പതിറ്റാണ്ടുകളായി നിറയുന്ന ഈ നടൻ ഇപ്പോൾ ഇന്ത്യൻ 2വിൽ നല്ലൊരു വേഷത്തിലെത്തുകയാണ്. ശങ്കറിനൊപ്പമുള്ള ചിത്രവും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഒന്നാം ഭാഗത്തില്‍ നെടുമുടി വേണു അവതരിപ്പിച്ച കൃഷ്ണസ്വാമി എന്ന സിബിഐ ഉദ്യോഗസ്ഥ കഥാപാത്രത്തെയാണ് നന്ദു അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ട്.

 

ഫെബ്രുവരി 2020ൽ ചിത്രീകരണം ആരംഭിച്ച ഇന്ത്യൻ ‌2 പലവിധ കാരണങ്ങളാല്‍ സിനിമയുടെ പ്രവര്‍ത്തനം നിര്‍ത്തിവേക്കേണ്ടി വന്നിരുന്നു. ഷൂട്ടിങ്ങിനിടെ ലൊക്കേഷനില്‍ ഉണ്ടായ അപകടത്തില്‍ 3 പേര്‍ മരണപ്പെട്ടതും, കോവിഡ് നിയന്ത്രണങ്ങളും, സാമ്പത്തിക പ്രതിസന്ധിയും സിനിമയെ കാര്യമായി തന്നെ ബാധിച്ചിരുന്നു. നടനും എംഎല്‍എയുമായ ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയിന്‍റ് മൂവിസ് സിനിമയുടെ നിർമാണ പങ്കാളിത്തം ലൈക്ക പ്രൊഡക്ഷന്‍സിനൊപ്പം ഏറ്റെടുത്തതോടെ കമലിന്‍റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായ സേനാപതിയുടെ തിരിച്ചുവരവ് സാധ്യമാവുകയായിരുന്നു. ശങ്കറിന്‍റെ സംവിധാനത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക.

 

അഴിമതിക്കെതിരെ പോരാടുന്ന ഇന്ത്യന്‍ എന്ന കഥാപാത്രമായി കമല്‍ഹാസന്‍ തകര്‍ത്തഭിനയിച്ച 'ഇന്ത്യന്‍' 1996ലാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. ഇന്ത്യൻ സിനിയുടെ ക്ലൈമാക്സ് രംഗം ആ സിനിമയ്ക്ക് ഒരു തുടര്‍ച്ചയുണ്ടാകുമെന്ന സൂചന നല്‍കിയിരുന്നു. 200 കോടിയാണ് സിനിമയുടെ ബജറ്റ്. അനിരുദ്ധ് ആണ് സംഗീതം. ഹോളിവുഡ് ആക്‌ഷന്‍ കോറിയോ ഗ്രാഫര്‍ റമാസന്‍ ബ്യുലറ്റ്, പീറ്റര്‍ ഹെയ്ന്‍, അനില്‍ അരസ് എന്നിവരാണ് സിനിമയുടെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യുക.