പൊന്നിയിൻ സെൽവനിെല ആദ്യഭാഗത്തിൽ വൈരമുത്തു ഇല്ലാത്തതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകൻ മണിരത്നം. ചിത്രം ഈ മാസം 30 ന് തിയറ്ററുകളിലെത്താനിരിക്കെയാണ് വൈരമുത്തു എന്തുകൊണ്ട് ചിത്രത്തിന്റെ ഭാഗമായില്ല എന്നുള്ളത് വീണ്ടും ചർച്ചയായത്. സാക്ഷാൽ കരുണാനിധി വരെ പ്രശംസിച്ച വൈരമുത്തുവിന്റെ കഴിവിൽ തനിക്ക് തെല്ലും സംശയം ഇല്ലെന്നും നിരവധി തവണ അദ്ദേഹവുമൊന്നിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്നും പറഞ്ഞ മണിരത്നം പുതിയ ആളുകൾക്ക് അവസരം നൽകേണ്ടതുണ്ടെന്ന് വെളിപ്പെടുത്തി. പുതിയ ആളുകൾ, പ്രതിഭകൾ നിരവധി വരുന്നുണ്ടെന്നും അവർക്ക് കൂടി അവസരങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് പൊന്നിയിൽ സെൽവനിൽ അദ്ദേഹത്തെ സമീപിക്കാതിരുന്നതെന്നും മണിരത്നം വിശദമാക്കി. ഐശ്വര്യറായ്, വിക്രം, തൃഷ, കാർത്തി, ജയംരവി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
2019 ൽ പുറത്ത് വന്ന റിപ്പോർട്ടിൽ പൊന്നിയിൻ സെൽവനായി 12 പാട്ടുകൾ വൈരമുത്തു എഴുതുമെന്നായിരുന്നു വെളിപ്പെടുത്തിയിരുന്നത്. എന്നാൽ ചിൻമയി ശ്രീപദയുൾപ്പടെയുള്ളവർ വൈരമുത്തുവിനെതിരെ രംഗത്ത് വരികയും പന്ത്രണ്ടോളം മീ ടു ആരോപണങ്ങൾ ഉയരുകയും ചെയ്തു. ഇതിന് പിന്നാലെ വൈരമുത്തുവുമായി ചേർന്ന് പ്രവർത്തിക്കുന്നതിന് മണിരത്നത്തിനും എ. ആർ. റഹ്മാനുമെതിെര വലിയ വിമർശനം ഉണ്ടായി.