നല്ല കഥാപാത്രങ്ങൾ കഴിഞ്ഞാൽ മമ്മൂട്ടിക്ക് ഏറെ ഇഷ്ടം കൂളിങ്ഗ്ലാസുകളോടും വാഹനങ്ങളോടുമാണെന്ന് ആരാധകർക്ക് അറിയുന്ന കാര്യമാണ്. എന്നാൽ പുതിയത് വരുമ്പോൾ പഴയത് വലിച്ചെറിയുന്ന ആളല്ല അദ്ദേഹമെന്ന് വ്യക്തമാക്കുകയാണ് പുതിയ വെളിപ്പെടുത്തൽ. ഇപ്പോൾ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞൊരു കാര്യം സൈബർ ഇടങ്ങളിൽ കൗതുകത്തോടെയാണ് ആരാധകർ പങ്കിടുന്നത്.
മോഹൻലാലിന്റെ കല്യാണത്തിന് പങ്കെടുക്കുമ്പോൾ വച്ചിരുന്ന കണ്ണാടിയാണ് വർഷങ്ങൾക്കിപ്പുറം മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെ പൂജാവേളയിലും വച്ചതെന്ന് മമ്മൂട്ടി പറയുന്നു. പ്രിയപ്പെട്ട കാര്യങ്ങൾ നിധി പോലെ സൂക്ഷിക്കുന്നതിലും അദ്ദേഹം ശ്രദ്ധവയ്ക്കുന്നു എന്നത് കൗതുകം നിറയ്ക്കുന്നതാണ്. 1988ലായിരുന്നു മോഹൻലാലിന്റെ വിവാഹം.
പുതിയ ചിത്രമായ റോഷാക്കിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. വെള്ള ജുബ്ബയും മുണ്ടും കണ്ണടയും വച്ച് കാറിൽ മോഹൻലാലിന്റെ കല്യാണത്തിന് എത്തുന്ന വിഡിയോ ഇപ്പോഴും ഹിറ്റാണ്. വിഡിയോ കാണാം.