suma-devi

ഡൽഹിയിൽ നടന്ന പതിമൂന്നാമത് ദാദാ സാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് സുമാദേവി. ശക്തരായ രണ്ടു സ്ത്രീകളുടെ ജീവിതം പറയുന്ന സിനിമയിൽ ഷീല എന്ന കഥാപാത്രമായിട്ടാണ് സുമാദേവി അഭിനയിച്ചത്. പതിനഞ്ചു വർഷത്തോളം ഡ്യൂപ്പ് ആയി വേഷം പ്രവർത്തിക്കുന്ന സുമാദേവി ആദ്യമായാണ് ഒരു സിനിമയിൽ മുഴുനീള വേഷത്തിൽ അഭിനയിക്കുന്നത്.

 

 

സീക്രട്ട് വിമനിലേക്ക് എത്തിയതെങ്ങനെയാണ് ?

 

കണ്‍ട്രോളര്‍ ജിത്തു ആണ് എന്നെ ചിത്രത്തിന്റെ സംവിധായകന്‍ പ്രജേഷ് സെന്നിനെ പരിചയപ്പെടുത്തുന്നത്. നിറം കുറവായതിന്റെ പേരില്‍ പലപ്പോഴും തഴയപ്പെട്ടിട്ടുണ്ട്. മുഖത്തു നോക്കി പറഞ്ഞിട്ടുമുണ്ട്. ഡ്യൂപ്പ് ആയതും ഒരു കാരണമായിരിക്കാം. എന്നാല്‍ ഈ നിറമുള്ള ഒരു നടിയെയാണ് ആവശ്യമെന്ന് പറഞ്ഞ് സംവിധായകന്‍ പ്രജേഷ് ധൈര്യം തന്നു. തുരുത്തില്‍ തനിച്ച് പൊരുതുന്ന സ്ത്രീയുടെ കഥയാണ് സീക്രട്ട് വിമന്‍. ഈ കഥാപാത്രത്തിനു പറ്റിയ നടിയാണ് ഞാനെന്നു സംവിധായകന്‍ പറഞ്ഞു. മുഴുവന്‍ ക്രെഡിറ്റും സംവിധായകനു തന്നെ. ചെറിയ റോളുകളാണ് ഇത്രയും നാള്‍ ചെയ്തത്. പദ്മവ്യൂഹത്തിലെ അഭിമന്യു, കാവല്‍, പ്രീസ്റ്റ് തുടങ്ങിയവയാണ് ചെയ്ത സിനിമകള്‍. 

 

‍ഡ്യൂപ്പ് കൂടി ആണല്ലേ ? 

 

മേരിക്കുണ്ടൊരു കുഞ്ഞാടില്‍ ഭാവനയുടെ ഡ്യൂപ്പ് ആയിട്ടാണ് ആദ്യം അഭിനയ‌ിച്ചത്. ഭാവന സൈക്കിളില്‍ നിന്നും വീഴുന്ന രംഗമായിരുന്നു അത്. കീര്‍ത്തി സുരേഷ്, മംമ്ത, അര്‍ച്ചന കവി, മൈഥിലി, തമന്ന തുടങ്ങിയവരടക്കം നിരവധി പേരുടെ ഡ്യൂപ്പായി. അപകടസാധ്യതയുള്ള ഷോട്ടുകളായിരിക്കും നമുക്കു കിട്ടുക. ചെറിയ പരുക്കുകളും പറ്റിയിട്ടുണ്ട്. അതൊക്കെ സ്വാഭാവികമാണ്. എളുപ്പമുള്ള പണിയല്ല ഡ്യൂപ്പിന്റേത്. ശാരീരികവും മാനസികവുമായി കരുത്തുണ്ടെങ്കില്‍ മാത്രമേ ഡ്യൂപ്പാകാന്‍ സാധിക്കൂ. ഞാന്‍ കളരി പഠിച്ചിട്ടുണ്ട്. 

 

മറക്കാനാകാത്ത ഒരു രംഗം ?

 

ഒടിയനില്‍ ശ്രീജയ വെള്ളത്തിലേക്കു വീഴുന്ന രംഗത്തില്‍ ഞാനായിരുന്നു ഡ്യൂപ്പ്. ശ്വാസം പിടിച്ച് വെള്ളത്തിനടിയില്‍ ഏറെ നേരെ കിടക്കേണ്ടി വന്നു. കുറേ ടേക്കെടുക്കേണ്ടി വന്നു. ഒരു ഘട്ടത്തില്‍ സാധിക്കില്ലെന്നു വരെ തോന്നി. ഇത്രയും വര്‍ഷത്തിനിടയില്‍ ചെയ്ത ഏറ്റവും അപകടസാധ്യത കൂടിയ ഷോട്ടായിരുന്നു അത്. 

 

അര്‍ഹിച്ച പരിഗണന കിട്ടിയില്ലെന്നു തോന്നിയിട്ടുണ്ടോ ?

 

ചില താരങ്ങളുടെ പെരുമാറ്റം വേദനിപ്പിക്കുന്നതാണ്. ജീവന്‍ പണയം വച്ചാണ് ചില ഷോട്ടുകളൊക്കെ എടുക്കുന്നത്. താരങ്ങള്‍ക്കു വേണ്ടിയാണ് ഞങ്ങള്‍ ഇതു ചെയ്യുന്നത്. എന്നാല്‍ ചിലര്‍ ഒരു താങ്ക്സ് പറയാന്‍ പോലും തയ്യാറാകില്ല. ഡ്യൂപ്പുകളെ പുച്ഛത്തോടു കൂടിയാണ് നോക്കുന്നത്. ഡ്യൂപ്പുകളും മനുഷ്യരാണ്. ജീവിക്കാന്‍ വേണ്ടിയാണ് ഈ രംഗത്തേക്കിറങ്ങിയത്. അതുമല്ലെങ്കില്‍ സിനിമയോടുള്ള ഇഷ്ടം കൊണ്ട്. പലപ്പോഴും അവഗണനയാണ് നേരിടേണ്ടി വന്നത്.