പ്രണയം താഴിട്ടുറപ്പിക്കുന്ന ഒരു പാലമുണ്ട് ദുബായിൽ.. അല്‍ഖവാനീജിലെ ദ് യാഡില്‍ ഒരുക്കിയ പ്രോമിസ് ബ്രിഡ്ജിലാണ് പ്രണയം പൂട്ടി ഭദ്രമാക്കുന്നത്. നിങ്ങളുടെ പ്രണയം സത്യമാണെങ്കില്‍ അതിവിടെ പൂട്ടിയിടാം.
എന്നെന്നേക്കുമായി.ഫിലിപ്പീന്‍സില്‍നിന്നുള്ള സാന്‍ഡിയും പാക്കിസ്ഥാനില്‍നിന്നുള്ള അഹ്മദും പ്രണയബദ്ധരായത് ദുബായിൽ വച്ച്. മകൾ സമാറയെ കൊണ്ട് തങ്ങളുടെ പ്രണയം താഴിട്ട് ഉറപ്പിക്കാനാണ് ഇവർ ഖവാനീജിലെ ഈ വാഗ്ദാന പാലത്തിലേക്ക് എത്തിയത്.
ഇതുപോലെ ദിവസേന നൂറുകണക്കിന് പേരാണ് ഈ പാലത്തിലെത്തി സ്നേഹത്തെ താഴിട്ട് പൂട്ടുന്നത്. ശപഥത്തിന്‍റെ ഓര്‍മയ്ക്കായി പാലത്തിന്‍റെ കൈവരികളില്‍ താഴിട്ട് പൂട്ടി താക്കോല്‍കൂട്ടം തടാകത്തിലേക്ക് വലിച്ചെറിയുന്നു. പ്രണയത്തിന്‍റെ താളമുള്ള തടാകത്തിൽ ഈ പ്രോമിസ് ബ്രിഡ്ജിന്‍റെ കിടപ്പുതന്നെ ആരെയും ആകർഷിക്കും. ലിവ് ടുഗെദര്‍ ഫോര്‍ എവര്‍, ഐ ലവ് യു തുടങ്ങി ഇവിടത്തെ താഴുകളിലെ വാക്കുകളിലൂടെ കണ്ണോടിച്ചാലറിയാം പ്രണയത്തിന്‍റെ ആഴം.
ആയിരക്കണക്കിന് ആളുകളുടെ പ്രേമരഹസ്യമാണ് പ്രോമിസ് ബ്രിഡജ്ിൽ താഴിട്ട് ഉറപ്പിച്ചിരിക്കുന്നത്. പൂട്ടിയ താഴില്‍ മറ്റൊരു താഴിട്ട് ഉറപ്പിച്ചവരെയും കണ്ടു. ഇതില്‍ പ്രണയിനികളോട് മാത്രമല്ല, ദൈവത്തോടും രാജ്യത്തോടുമുള്ള ഇഷ്ടവും കാണാം. ഇതോടകം പതിനായിരങ്ങള്‍ പ്രണയം പൂട്ടിയിട്ടുകഴിഞ്ഞു. സ്നേഹമുള്ളവർക്കും സ്നേഹിക്കാന്‍ വെമ്പുന്നവർക്കും ഇവിടേക്ക് സ്വാഗതം. പ്രണയം പൂട്ടിയുറപ്പിക്കാൻ കയ്യിൽ ഒരു താഴും താക്കോലുമായി വന്നോളൂ. നിങ്ങളുടെ പ്രണയം ഇവിടെ ഭദ്രം.